ഇടുക്കി: (www.kvartha.com) ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും ചന്ദനതടികള്‍ കണ്ടെത്തി. രാമക്കല്‍മേട്ടിലെ ഒരു പറമ്പില്‍നിന്ന് 20 ചെറിയ തടിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം രാമക്കല്‍മേടില്‍ വ്യക്തിയുടെ പറമ്പില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി ഉണ്ടായിരുന്നു. ഈ മരങ്ങളുടെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് സംശയിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
അതേസമയം, വ്യക്തികളുടെ ഏലത്തോട്ടത്തില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പല്ലാട്ട് രാഹുല്‍, സഹോദരി രാഖി എന്നിവരുടെ കൃഷിയിടത്തില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ചത്.
കുമളി റേഞ്ചിലെ കല്ലാര്‍ സെക്ഷനില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എട്ട് മരങ്ങള്‍ കഴിഞ്ഞ ദിവസം മുറിച്ചതായാണ് പ്രാഥമിക പരിശോധനിയില്‍ കണ്ടെത്തിയിക്കുന്നത്. തടിക്ക് കാതല്‍ ഇല്ലാത്തതിനാല്‍ ഭൂരിഭാഗവും ഉപേക്ഷിച്ചു പോകുകയാണ് ചെയ്തത്.
പ്രതികള്‍ രാമക്കല്‍മേട് മേഖലയിലുള്ളവര്‍ തന്നെയാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ നെടുങ്കണ്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്.