കൊച്ചി: (www.kvartha.com) അവതാരകനായും നടനായും സംവിധായകനുമായൊക്കെ തിളങ്ങുന്ന രമേഷ് പിഷാരടിയുടെ
'നോ വേ ഔട്' (No Way Out) തീയേറ്റര്‍ റിലീസിനായി ഒരുങ്ങുകയാണ്. ഈ മാസം 22 നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിന്‍ ദേവീദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ വിഷു ചിത്രമായി ഇറങ്ങിയ യഷ് നായകനായ 'കെജിഎഫ് 2' തിയേറ്ററുകളില്‍ വന്‍ വിജയം നേടി തുടരുമ്പോള്‍ത്തന്നെ ഈ ചിത്രം ഇറക്കണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് പിഷാരടി പറഞ്ഞ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു.
റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ നിരവധി പ്രൊമോഷനല്‍ മെറ്റീരിയലുകള്‍ പിഷാരടി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഫേസ്ബുകില്‍ അത്തരത്തില്‍ ഒരു പോസ്റ്റിന് താഴെയാണ് ആരാധകന്‍ ചോദ്യവുമായി എത്തിയത്.
'കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകള്‍ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്‌ക് അല്ലേ ചേട്ടായി', എന്നായിരുന്നു ചോദ്യം. തന്റെ ചിത്രങ്ങള്‍ക്ക് ഇടുന്ന പഞ്ച് ക്യാപ്ഷനുകള്‍ പോലെ തന്നെയായിരുന്നു പിഷാരടിയുടെ ഇതിനുള്ള പ്രതികരണവും. 'ആര്‍ക്ക്; റോക്കി ഭായിക്കോ?', എന്നായിരുന്നു പിഷാരടിയുടെ മറുചോദ്യം ഉന്നയിച്ചുള്ള രസകരമായ മറുപടി.
1700ല്‍ ഏറെ ലൈകുകളാണ് ഈ പ്രതികരണത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യത്തിന്റെയും മറുപടിയുടെയും സ്‌ക്രീന്‍ ഷോട് ട്രോള്‍ പേജുകളില്‍ പോലും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.
സര്‍വൈവല്‍ ത്രിലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് നോ വേ ഔട്. കഥാപാത്രങ്ങളായി നാല് പേര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. രമേശ് പിഷാരടിക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളത്താണ് പൂര്‍ണമായും ചിത്രീകരിച്ചത്.