ചണ്ഡിഗഡ്: (www.kvartha.com 16.04.2022) ചരിത്രവിജയത്തോടെ അധികാരത്തിലേറിയതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനെതിരെ ഗുരുതര ആരോപണവുമായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമിറ്റി.
സിഖ് സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ തഖ്ത് ദംദാമ സാഹിബിലേക്ക് മുഖ്യമന്ത്രി മദ്യപിച്ച നിലയില്‍ പ്രവേശിച്ചെന്ന് പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ സിഖ് ആരാധനാലയങ്ങളുടെ നടത്തിപ്പിന്റെ ചുമതലയുള്ള ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമിറ്റി (എസ്ജിപിസി) ആരോപിച്ചു. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നും ഇവര്‍ പറയുന്നു.
മദ്യലഹരിയിലായിരുന്ന മുഖ്യമന്ത്രി സിഖ് സമൂഹത്തിന്റെ മഹനീയമായ ഒരു ആത്മീയ കേന്ദ്രം സന്ദര്‍ശിക്കുകയും സിഖ് മത പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്തുവെന്ന് അമൃത്സറില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ എസ്ജിപിസി സീനിയര്‍ വൈസ് പ്രസിഡന്റ് രഘുജിത് സിംഗ് വിര്‍ക് പറഞ്ഞു. തെറ്റ് സമ്മതിക്കാനും മുഴുവന്‍ സിഖ് സമൂഹത്തോട് മാപ്പ് പറയാനും മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഗുരു ഘറിനോട് അര്‍ഹിക്കുന്ന ആദരവ് നല്‍കിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം വ്യക്തമാക്കുന്നത്. ഇതുവഴി മുഖ്യമന്ത്രി ഭരണഘടനാപദവിയുടെ അന്തസും ഇല്ലാതാക്കി.'- അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ബതിന്ദാ ജില്ലയിലെ തഖ്ത് ശ്രീ ദംദാമ സാഹിബ് സിഖ് മതത്തിന്റെ താല്‍കാലിക അധികാര കേന്ദ്രമാണ്, ഇവിടെയാണ് 1705-ല്‍ 10-ാം സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് ശ്രീ ഗുരു ഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥത്തിന്റെ പൂര്‍ണ പതിപ്പ് തയ്യാറാക്കിയത്.
ഗുരു ഘര്‍ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങള്‍ മുഖ്യമന്ത്രി അട്ടിമറിച്ചതായി എസ്ജിപിസി ജനറല്‍ സെക്രടറി കര്‍നൈല്‍ സിംഗ് പഞ്ചോളി ആരോപിച്ചു. മദ്യപാനം നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഗുരുവിന്റെ വീട്ടിനുള്ളില്‍ സാഷ്ടാംഗം പ്രണമിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച ബൈശാഖിയോടനുബന്ധിച്ച് വിശുദ്ധ ദേവാലയത്തില്‍ തടിച്ചുകൂടിയ 1000 കണക്കിന് ഭക്തര്‍ക്കിടയില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു.
അതേസമയം എസ്ജിപിസിയുടെ ആരോപണങ്ങളില്‍ എഎപിയുടെയോ മുഖ്യമന്ത്രിയുടെയോ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.