രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് 9000 വോടുകള്‍ കുറവ്; പ്രാദേശിക പാര്‍ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി

 


ന്യൂഡെല്‍ഹി: (www.kvartha.com 17.04.2022) രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ എല്ലാ രാഷ്ട്രീയ കക്ഷികളും അണിയറനീക്കങ്ങള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന അസംബ്ലികളിലും ബിജെപിയുടെയും സഖ്യത്തിന്റെയും കരുത്ത് കണക്കിലെടുക്കുമ്പോള്‍ രണ്ട് പ്രധാന പദവികളിലേക്കും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റെന്തെങ്കിലും അട്ടിമറിനടക്കാനുള്ള സാധ്യത കുറവാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ബിജെപിയുടെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
                         
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് 9000 വോടുകള്‍ കുറവ്; പ്രാദേശിക പാര്‍ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി
              
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്നാദ് ജോഷി എന്നിവര്‍ വിവിധ കക്ഷികളുമായും നേതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുകയും സംഭാഷണം നടത്തുകയും ഏകോപനം നടത്തുകയും ചെയ്യും. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെയും എന്‍ഡിഎയുടെയും മുഖ്യമന്ത്രിമാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.

ജൂണ്‍ പകുതിയോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. ബിജെപി നേതൃത്വം ഇത് കണ്ടുള്ള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്ഥാനാര്‍ഥികളുടെ പേരുകള്‍ സംബന്ധിച്ച് ചര്‍ച തുടങ്ങി. അതേസമയം എന്‍ഡിഎ ഇതര കക്ഷികളെ അനുനയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മെയ് മാസം മുതല്‍ ഈ കക്ഷികളുമായുള്ള ഔപചാരിക ചര്‍ചകള്‍ ആരംഭിക്കും. സംഘടനാ തലത്തിലുള്ള ചുമതല പാര്‍ടി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കാണ്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളില്‍ സമവായമുണ്ടാക്കാനാണ് ബിജെപി ആദ്യം ശ്രമിക്കുകയെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രതിപക്ഷവുമായുള്ള നിലവിലെ ബന്ധം കണക്കിലെടുക്കുമ്പോള്‍, ഇതിന് സാധ്യത കുറവാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു വിജയം വര്‍ധിപ്പിക്കാന്‍ യുപിഎ ഇതര പാര്‍ടികളായ ബിജെഡിയും വൈഎസ്ആര്‍സിപിയും ബിജെപിയെ പിന്തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. പാര്‍ലമെന്റ് മുതല്‍ സംസ്ഥാന നിയമസഭകള്‍ വരെ ഈ പ്രവര്‍ത്തനം നടത്തും. എന്തായാലും പാര്‍ലമെന്റില്‍ ബിജെഡിയുടെയും വൈഎസ്ആര്‍സിപിയുടെയും പിന്തുണ പല വിഷയങ്ങളിലും പ്രധാനമന്ത്രിക്ക് ലഭിക്കുന്നുണ്ട്.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ വര്‍ഷം ജൂലൈ 24ന് അവസാനിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ജൂലൈയില്‍ വോടെടുപ്പ് നടക്കും. ഇതിനുശേഷം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ മാത്രമാണ് വോട് ചെയ്യുന്നത്. ബിജെപിക്കും എന്‍ഡിഎയ്ക്കും ഇരുസഭകളിലും ഭൂരിപക്ഷമുണ്ട്.

രാഷ്ട്രപതിയുടെ ഇലക്ടറല്‍ കോളേജിന് 10,98,903 വോടുകളാണുള്ളത്. ഇതില്‍ വിജയിക്കാനുള്ള ഭൂരിപക്ഷം 5,49,452 ആണ്. ഇതില്‍ ഒരു എംപിയുടെ വോട് മൂല്യം 708 ആണ്. രാജ്യത്തെ 4,120 എംഎല്‍എമാരില്‍, ഓരോ സംസ്ഥാനത്തെയും ജനസംഖ്യയും സീറ്റുകളുടെ എണ്ണവും അനുസരിച്ച് ഒരു എംഎല്‍എയുടെ വോടിന്റെ മൂല്യം വ്യത്യാസപ്പെടുന്നു. ഉത്തര്‍പ്രദേശിലെ എംഎല്‍എയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വോട് മൂല്യം, 208 ആണ്.

പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംസ്ഥാന നിയമസഭകളുടേയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഭരണകക്ഷിയായ ബിജെപിക്കും കേന്ദ്രത്തിലെ സഖ്യകക്ഷിയായ എന്‍ഡിഎയ്ക്കും ഏകദേശം 9,000 വോടുകളുടെ കുറവാണ് ഇത്തവണ കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ചില പ്രാദേശിക പാര്‍ടികളുടെ പിന്തുണയോടെ അവര്‍ക്ക് എളുപ്പത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകും.

Keywords: News, National, Top-Headlines, President Election, President, NDA, Vote, BJP, Narendra Modi, Prime Minister, Politics, Parliament, Presidential election: NDA has 9000 votes less, all BJP veterans including Modi Shah will handle the front.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia