ന്യൂഡെല്‍ഹി: (www.kvartha.com) തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. അടുത്തമാസം ഏഴിന് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നാണ് അറിയുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് പ്രശാന്തിനെ പാര്‍ടിയിലേക്ക് കൊണ്ടുവരുന്നത്. അടുത്ത മാസം 13, 14 തീയതികളില്‍ ചിന്തന്‍ ശിബിരം നടക്കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വം വലിയ അഴിച്ചുപണിയാണ് ലക്ഷ്യം വെയ്ക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രശാന്ത് കിഷോര്‍ രണ്ട് തവണ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളെ തുടര്‍ന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപോര്‍ട് നല്‍കി. നേതാക്കളുടെ അഭിപ്രായങ്ങളാണ് റിപോര്‍ടിലുള്ളത്. പ്രശാന്ത് കിഷോറിനെ പാര്‍ടി ചുമതലയില്‍ നിയോഗിക്കണമെന്ന് എ കെ ആന്റണി പറഞ്ഞതായി സൂചനയുണ്ട്.
അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളിലും മുന്നോട്ടുവച്ച സമവാക്യങ്ങളിലും അതൃപ്തിയുണ്ടെന്നാണ് സൂചന. ജയറാം രമേശ്, അംബിക സോണി, കെ സി വേണുഗോപാല്‍ എന്നിവര്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വരുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രവും പ്രശാന്ത് കിഷോറിന്റെ സമവാക്യത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് കിഷോറിന്റെ സംഘടനയായ ഐപാക് വ്യക്തമാക്കി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനോ വൈസ് പ്രസിഡന്റോ ആകണമെന്ന് പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.
പ്രശാന്തിന്റെ തന്ത്രങ്ങള്‍ അംഗീകരിച്ചാല്‍ തങ്ങളുടെ നില പരുങ്ങലിലാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ അതിനെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.
Keywords: Prashant Kishor will join Congress 'in the coming days': Report, New Delhi, News, Politics, Congress, Visit, Sonia Gandhi, National.