പാലക്കാട്: (www.kvartha.com) പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ ശരവണ്‍, ആറുമുഖന്‍, രമേശ് എന്നിവരാണ് അറസ്റ്റിലായതെന്നും നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ് രമേശെന്നും ഇയാളാണ് സുബൈര്‍ വധത്തിലെ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു.
സുബൈറിന് നേരെ പ്രതികള്‍ നേരത്തെ രണ്ടുവട്ടം കൊലപാതക ശ്രമം നടത്തിയെന്നും ഏപ്രില്‍ ഒന്ന്, എട്ട് തീയതികളില്‍ നടത്തിയ ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് പട്രോളിംഗ് ഉണ്ടായതിനാലാണ് ശ്രമം പാളിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. മൂന്നാം ശ്രമത്തിലാണ് സുബൈറിനെ കൊലപ്പെടുത്തിയത്.
സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമായി കൊലപാതകം ആസൂത്രണം ചെയ്തത് സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ്. കൂടുതല്‍ പേര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുപിന്നില്‍ സുബൈറിന് പങ്ക് ഉണ്ടാകുമെന്ന് സഞ്ജിത് നേരത്തെ പറഞ്ഞിരുന്നതായി രമേശിന്റെ മൊഴിയുണ്ടെന്നും പൊലീസ് പറഞ്ഞു.