കണ്ണൂര്‍: (www.kvartha.com) പരിചയസമ്പന്നനായ പി ശശിയുടെ വരവോടെ സംസ്ഥാനത്തെ പൊലീസ് സേനയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സി പി എം ഒരുങ്ങുന്നു. പാര്‍ടി സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് സേനയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ നായനാര്‍ മന്ത്രിസഭയിലെ പൊളിറ്റികല്‍ സെക്രടറിയായ പി ശശിയെ വീണ്ടും തിരികെയെത്തിച്ചത്.
ഇതോടെ പാര്‍ടിയില്‍ നിന്നും പുറത്തായ സി പി എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രടറി പി ശശി അതിശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സി പി എമിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരില്‍ പുതിയൊരു അധികാര കേന്ദ്രം കൂടി ഉദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഇനി അടുത്ത സ്ഥാനം പാര്‍ടിക്കുള്ളിലും പുറത്തും കണ്ണൂരില്‍ ഇനി പി ശശിയായിരിക്കും.
അഭിഭാഷകനും ലോയേഴ്സ് യുനിയന്‍ നേതാവുമായ പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രടറിയാകുന്നത് ഏറെ നാളത്തെ ക്ഷമയോടുള്ള കാത്തിരിപ്പിനൊടുവിലാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സി പി എം സംസ്ഥാന കമറ്റിയംഗമായി പി ശശിയെ തെരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രടറി സ്ഥാനത്തേക്കുള്ള വഴി തുറന്നത്.
ഇപ്പോഴുള്ള പൊളിറ്റികല്‍ സെക്രടറി ദിനേശന്‍ പുത്തലത്തിന് പൊലീസ് ഭരണത്തില്‍ വേണ്ടത്ര ഇടപെടാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം പാര്‍ടി സമ്മേളനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ദേശാഭിമാനി പത്രാധിപരുടെ ചുമതലയിലേക്ക് ദിനേശനെ മാറ്റിയത്.
ഇതോടെയാണ് കഴിഞ്ഞ നായനാര്‍ സര്‍കാരിന്റെ കാലത്ത് പൊളിറ്റികല്‍ സെക്രടറിയായിരുന്ന പി ശശിക്ക് മുന്‍പില്‍ വഴി തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തരിലൊരാളാണ് പി ശശി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായ പിണറായി വിജയന്റെ ചീഫ് പോളിങ് ഏജന്റ് പി ശശിയായിരുന്നു.
ലൈംഗീകാരോപണത്തെ തുടര്‍ന്ന് പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും വളരെ ക്ഷമയോടുള്ള കാത്തിരിപ്പായിരുന്നു പി ശശിയുടെത്. ജില്ലാ സെക്രടറി സ്ഥാനത്തു നിന്നും ഒഴിവാക്കപെട്ട പി ശശി അഭിഭാഷക വൃത്തിയിലേക്ക് മടങ്ങുകയായിരുന്നു. സി പി എം പോഷക സംഘടനയായ ഓള്‍ ഇന്‍ഡ്യാ ലോയേഴ്സ് യുനിയന്‍ നേതാവായാണ് വീണ്ടും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്.
സംഘടനയുടെ ജില്ലാ ഭാരവാഹിയായി മാറിയ പി ശശിക്ക് പാര്‍ടി അംഗത്വവും തിരിച്ചു ലഭിച്ചു. സി പി എമിനെ പ്രതിസന്ധിയിലാക്കിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകരില്‍ ഒരാള്‍ പി ശശിയായിരുന്നു. ഇതോടെ സി പി എം നേതൃത്വത്തില്‍ നിര്‍ണായക സ്വാധീനവും ശശിക്ക് ലഭിച്ചു.
നിലേശ്വരത്തിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വെച്ചു ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ഭാര്യയെ കടന്നു പിടിച്ചുവെന്നായിരുന്നു ശശിക്കെതിരെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന ആരോപണം. ഇതിനു ശേഷം ഒരു മുന്‍ എം എല്‍ എയുടെ മകളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയും രേഖാമൂലം പാര്‍ടിക്ക് ലഭിച്ചു.
പി ശശിയെ പാര്‍ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അചുതാനന്ദനും വനിതാ നേതാക്കളും രംഗത്തുവന്നതോടെയാണ് 2011 ല്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്ന പി ശശി പാര്‍ടിയില്‍ നിന്നും പുറത്താവുന്നത്. 2016 ല്‍ പരാതിക്കാരി പിന്‍വലിഞ്ഞതിനെ തുടര്‍ന്ന് പി ശശിയെ നീലേശ്വരം കോടതി കുറ്റവിമുക്തനാക്കി.
2018 ജൂലൈയില്‍ പാര്‍ടിയിലേക്ക് മടങ്ങിയെത്തിയ പി ശശി 2019 ല്‍ കണ്ണൂര്‍ ജില്ലാ കമറ്റിയിലേക്ക് തിരിച്ചെത്തി. പി ശശി പാര്‍ടിയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്നാണ് പി ജയരാജന്‍ സെക്രടറിയാവുന്നത്. 2018 ല്‍ തലശേരി ടൗണ്‍ ബ്രാഞ്ച് കമറ്റി, ലോകല്‍ കമറ്റി, ഏരിയാ കമറ്റി എന്നിവയില്‍ അംഗമായ പി ശശി പിന്നീട് ജില്ലാ കമറ്റി അംഗമാവുകയായിരുന്നു.
അഭിഭാഷകനെന്ന നിലയില്‍ നിരവധി പൊതു താല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്തു ശ്രദ്ധേയനായ പി ശശി പെരളശേരി മാവിലായി സ്വദേശിയാണ്. തലശേരി കോടതിയില്‍ അഭിഭാഷകനായതിനാല്‍ ഇപ്പോള്‍ ഏറെക്കാലമായി തലശേരിയിലാണ് പി ശശി താമസിക്കുന്നത്.
Keywords: With the arrival of P Sasi, CPM aimed to sniff out the police, CPM, News, Politics, Chief Minister, Pinarayi vijayan, Trending, Police, Kerala.