ന്യൂഡെൽഹി: (www.kvartha.com) കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശന നടപടികൾ സുതാര്യമാക്കാൻ കേന്ദ്രസർകാർ അവയിൽ നടപ്പാക്കിയ ക്വാട സമ്പ്രദായം ഏറെക്കുറെ നിർത്തലാക്കി. എംപിമാർ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാർ, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിരമിച്ച ജീവനക്കാർ, സ്‌കൂൾ മാനജ്‌മെന്റ് കമിറ്റി ചെയർമാൻ എന്നിവരുൾപെടെ ഒരു ഡസനോളം ക്വാടകളാണ് ഈ തീരുമാനപ്രകാരം നിർത്തലാക്കിയത്. ഇതോടൊപ്പം കേന്ദ്രീയ വിദ്യാലയങ്ങളിലെ ഈ ക്വാടയിൽ നിന്ന് ഓരോ വർഷവും നികത്തേണ്ട നാൽപതിനായിരത്തോളം സീറ്റുകളും ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രത്യേക ക്വാടയിൽ നിന്ന് നികത്താനുള്ള ഈ സീറ്റുകൾ ഈ സ്‌കൂളുകളിലെ നിശ്ചിത ശേഷിക്ക് പുറമെയായിരുന്നു എന്നതാണ് പ്രത്യേകത. ഇത്തരമൊരു സാഹചര്യത്തിൽ, വിദ്യാർഥി - അധ്യാപക അനുപാതം ഉൾപെടെ കേന്ദ്രീയ വിദ്യാലയങ്ങളുടെ ഗുണനിലവാരമടക്കം പല മാനദണ്ഡങ്ങളെയും ഈ പ്രവേശനം ബാധിക്കുകയായിരുന്നു. എന്നാൽ, ഈ സാഹചര്യത്തിന് ശേഷവും എംപിമാരുൾപെടെ മന്ത്രിസഭയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരും അതിൽ കൈവെച്ചിരുന്നില്ല.
ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട് ഈ ക്വാട സമ്പ്രദായം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതിനുശേഷം വിദ്യാഭ്യാസ മന്ത്രി തന്നെ ക്വാട നിർത്തലാക്കുകയും കഴിഞ്ഞ വർഷം തന്നെ ക്വാടയിൽ നിന്ന് ഒരു പ്രവേശനം പോലും നൽകിയില്ല. ഇതോടൊപ്പം പ്രവേശനവുമായി ബന്ധപ്പെട്ട പ്രത്യേക ക്വാട പുനഃപരിശോധിക്കാൻ കേന്ദ്രീയ വിദ്യാലയ സംഗതന് (കെവിഎസ്) നിർദേശം നൽകിയിയിരുന്നു. പ്രധാനമന്ത്രിയുടെ ഉദ്യമത്തിനും വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശങ്ങൾക്കും ശേഷം കെവിഎസ് ഈ ക്വാട അടുത്തിടെ നിരോധിച്ചു. ഇതോടൊപ്പം മുഴുവൻ ക്വാടയും പുനഃപരിശോധിക്കാനും തീരുമാനിച്ചു.
അതിനിടെ, പ്രവേശനവുമായി ബന്ധപ്പെട്ട ഒരു ഡസനോളം പ്രത്യേക ക്വാടകൾ ഒഴിവാക്കുന്നതിനൊപ്പം പ്രവേശനം സംബന്ധിച്ച പുതുക്കിയ മാർഗരേഖ ചൊവ്വാഴ്ച കെവിഎസ് പുറത്തിറക്കി. എംപിമാർ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാർ, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിരമിച്ച ജീവനക്കാർ, സ്‌പോൺസറിംഗ് ഏജൻസികൾ, ജില്ലാ കലക്ടർമാർ ഉൾപെടെയുള്ള സ്‌കൂൾ മാനജ്‌മെന്റ് കമിറ്റി അധ്യക്ഷൻമാർ, സ്‌കൂൾ നിർമാണത്തിന് ഭൂമി നൽകുന്ന ഏജൻസി മേധാവികൾ എന്നിവർക്കുള്ള ക്വാടകളും നിർത്തലാക്കിയവയിൽ പെടുന്നു. ഇതിന് പുറമെ ദേശീയ അവാർഡ് നേടിയ അധ്യാപകരുടെ ക്വാടയും നിർത്തലാക്കി. ഈ തീരുമാനം കേന്ദ്രീയ വിദ്യാലയങ്ങളുടെ നിലവാരം വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്‌പോർട്‌സ്, സ്‌കൗട് ഗൈഡ്, ഫൈൻ ആർട്‌സ് തുടങ്ങിയ വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളുടെ പ്രവേശനത്തിനുള്ള ക്വാട, ധീരത, ബാലശ്രീ അവാർഡുകൾ എന്നിവയ്ക്കുള്ള ക്വാടയും കെവിഎസ് നിലനിർത്തി. ഇതോടൊപ്പം, കോവിഡിൽ അനാഥരായ കുട്ടികൾക്കും കശ്മീരി കുടിയേറ്റക്കാരുടെ കുട്ടികൾക്കും പ്രവേശനത്തിൽ പ്രത്യേക ഇളവ് തുടരാനും തീരുമാനിച്ചു. കോവിഡിൽ അനാഥരായ കുട്ടികൾക്ക് പിഎം കെയർ സ്കീമിൽ പ്രവേശനം നൽകും. ഇതുപ്രകാരം ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ഏതെങ്കിലും സ്‌കൂളിൽ അത്തരത്തിലുള്ള പത്ത് കുട്ടികളെയും ഒരു ക്ലാസിലേക്ക് രണ്ട് കുട്ടികളെയും പ്രവേശിപ്പിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒന്ന് മുതൽ 12 വരെ ഇവരുടെ മുഴുവൻ ഫീസും ഒഴിവാക്കിയിട്ടുണ്ട്. കശ്മീരി കുടിയേറ്റക്കാരുടെ കുട്ടികളുടെ കട് ഓഫ്, എസ്‌സി-എസ്‌ടി കുട്ടികൾക്ക് തുല്യമായി നിലനിർത്താനും പ്രവേശനത്തിന് 30 ദിവസം കൂടുതൽ സമയം നൽകാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതിയ മാർഗരേഖയിൽ പാരാ മിലിടറി ഫോഴ്‌സിലെ ബി, സി വിഭാഗത്തിലെ ജീവനക്കാരുടെ മക്കൾക്കായി അൻപത് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
Keywords: No more quota raj in KV, National, Newdelhi, News, Top-Headlines, Central Government, Prime Minister, COVID-19, Sports, Scout guid, Guidlines, Fine arts, District collector.