ആലപ്പുഴ: (www.kvartha.com) നെല്ല് കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. വിള ഇന്‍ഷുറന്‍സും (Insurance) നഷ്ടപരിഹാരവും (Compensation) സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നെല്‍ കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങാന്‍ സര്‍കാര്‍ തീരുമാനം.
വിള ഇന്‍ഷുറന്‍സിലെ സാങ്കേതിക തടസങ്ങളും നഷ്ടപരിഹാരം നല്‍കുന്നതിലെ അശാസ്ത്രീയതയും നെല്‍ കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു. അതിന് പൂര്‍ണപരിഹാരം എന്ന നിലയ്ക്കാണ് ഭക്ഷ്യവകുപ്പിന്റെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.
ഇപ്രാവശ്യം കുട്ടനാട്ടിലെ മൂന്നില്‍ രണ്ട് ശതമാനം കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് രെജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു. സാങ്കേതിക തടസങ്ങളാണ് ഇന്‍ഷുറന്‍സ് വേണ്ടെന്ന തീരുമാനത്തിലേക്ക് കര്‍ഷകരെ എത്തിച്ചത്. രെജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വേനല്‍ മഴയില്‍ കോടികള്‍ നഷ്ടം വന്ന കുട്ടനാട്ടിലേക്ക് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഇക്കുറി ലഭിക്കില്ല. ഈ ദുര്‍സ്ഥിതി ആവര്‍ത്തിക്കാതിരിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്.
വേനല്‍ മഴ നാശംവിതച്ച കുട്ടനാടന്‍ പാടങ്ങളില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് അമിത കൂലി നല്‍കിയാണ് ഇപ്പോള്‍ കേരളത്തിലേക്ക് കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിക്കുന്നത്. തദ്ദേശീയമായി യന്ത്രങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ സര്‍കാര്‍ തുടങ്ങും. മടവീഴ്ച തടയാന്‍ ശക്തമായ പുറം ബന്‍ഡ് നിര്‍മാണം അടക്കം വൈകാതെ തുടങ്ങുമെന്ന് കുട്ടനാട്ടിലെത്തിയ ഭക്ഷ്യമന്ത്രി പറഞ്ഞു.