NEET UG Exam | പ്രവേശന പരീക്ഷ: നീറ്റ് - യുജി പരീക്ഷ ജൂലായ് 17 ന് നടക്കും; അവസാന തീയതി മെയ് 6; യോഗ്യതാ കോഴ്‌സ് പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം

 



തിരുവനന്തപുരം: (www.kvartha.com) ബിരുദതല മെഡികല്‍ പ്രവേശനത്തിനുള്ള പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് - അന്‍ഡര്‍ ഗ്രാജുവേറ്റ് (നീറ്റ് - യുജി) 2022ന്, നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അപേക്ഷ ക്ഷണിച്ചു. 

പരീക്ഷ ജൂലായ് 17 ന് (ഞായര്‍) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.20 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും. മെയ് ആറ് രാത്രി 11.50 വരെ അപേക്ഷിക്കാം. https://neet(dot)nta(dot)nic(dot)in വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 

കേരളത്തിലെ പ്രവേശന പരീക്ഷാ കമിഷനര്‍ വഴിയുള്ള മെഡികല്‍ & മെഡികല്‍ അലൈഡ് പ്രവേശനത്തില്‍ താത്പര്യമുള്ളവര്‍ക്ക് കേരള പ്രവേശന പരീക്ഷാ കമിഷനര്‍ക്ക് ഏപ്രില്‍ 30 വൈകീട്ട് അഞ്ച് മണിക്കകം www(dot)cee(dot)kerala(dot)gov(dot)in വഴി അപേക്ഷ നല്‍കണം. അതോടൊപ്പം നീറ്റ് - യുജിയ്ക്ക് മേയ് ആറിനകം അപേക്ഷിക്കുകയും വേണം.

നീറ്റ് - യുജി യോഗ്യത: 

2022 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് (31.12.2005 നോ മുന്‍പോ ജനിച്ചവര്‍ക്ക്) അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍, മാതമാറ്റിക്‌സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇന്‍ഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇന്‍ഗ്ലീഷ് എന്നീ വിഷയങ്ങള്‍ പ്ര ത്യേകം ജയിച്ച്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50% മാര്‍ക് (പട്ടിക/മറ്റുപിന്നാക്ക/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40%) വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാ കോഴ്‌സ് പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓപണ്‍ സ്‌കൂളിങ്/ സ്റ്റേറ്റ് ഓപണ്‍ സ്‌കൂള്‍, അംഗീകൃത സംസ്ഥാന ബോര്‍ഡിലെ പ്രൈവറ്റ് പഠനം എന്നിവ വഴി യോഗ്യത നേടിയവര്‍, ബയോളജി/ബയോടെക്‌നോളജി അധിക വിഷയമായി പഠിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍, അവരുടെ പ്രവേശന അര്‍ഹത കോടതിവിധിക്ക് വിധേയമായിരിക്കും. 

നിശ്ചിത സയന്‍സ് വിഷയങ്ങളോടെയുള്ള ഇന്റര്‍മീഡിയറ്റ്/ പ്രീഡിഗ്രി പരീക്ഷ, പ്രീപ്രൊഫഷനല്‍/പ്രീ മെഡികല്‍ പരീക്ഷ ത്രിവത്സര സയന്‍സ് ബാചിലര്‍ പരീക്ഷ, സയന്‍സ് ബാചിലര്‍ കോഴ്‌സിന്റെ ആദ്യവര്‍ഷ പരീക്ഷ, പ്ലസ്ടുവിന് തത്തുല്യമായ അംഗീകൃത പരീക്ഷ എന്നിവയിലൊന്ന് ജയിച്ചവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി നീറ്റ് - യുജിയ്ക്ക് അപേക്ഷിക്കാം.
 
അപേക്ഷാഫീസ് 1600 രൂപ. ജനറല്‍ ഇ ഡബ്ലൂ എസ്/ ഒ ബി സി 1500 രൂപ, പട്ടിക ഭിന്നശേഷി/തേര്‍ഡ് ജെന്‍ഡര്‍ 900 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് അപേക്ഷാ ഫീസ് 8500 രൂപയാണ്. ഓണ്‍ലൈനായി മേയ് ഏഴ് വരെ ഫീസടയ്ക്കാം.

NEET UG Exam | പ്രവേശന പരീക്ഷ: നീറ്റ് - യുജി പരീക്ഷ ജൂലായ് 17 ന് നടക്കും; അവസാന തീയതി മെയ് 6; യോഗ്യതാ കോഴ്‌സ് പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം


പരീക്ഷയുടെ സമയം മൂന്ന് മണിക്കൂറില്‍നിന്ന് മൂന്ന് മണിക്കൂര്‍ 20 മിനിറ്റായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഒബ്ജക്ടീവ് മാതൃകയില്‍ മള്‍ടിപിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേയ്പറാണ് പരീക്ഷയ്ക്കുള്ളത്. ഒഎംആര്‍ ഷീറ്റുപയോഗിച്ചുള്ള ഓഫ് ലൈന്‍ പരീക്ഷയായിരിക്കും നീറ്റ്- യുജി. പരീക്ഷയുടെ സിലബസ്, ഇന്‍ഫര്‍മേഷന്‍ ബുളറ്റിനില്‍ നല്‍കിയിട്ടുണ്ട് (https://neet(dot)nta(dot)nic(dot)in). ഇന്‍ഗ്ലീഷ്, മലയാളം ഉള്‍പെടെ 13 ഭാഷകളില്‍ ചോദ്യപേയ്പര്‍ ലഭ്യമാക്കും.

പത്തനംതിട്ട, കണ്ണൂര്‍, പയ്യന്നൂര്‍, വയനാട്, ആലപ്പുഴ, ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി എന്നിങ്ങനെ കേരളത്തില്‍ 18 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷിക്കുമ്പോള്‍ നാല് കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. 

Keywords:  News, Kerala, State, Thiruvananthapuram, Education, Examination, Entrance-Exam, Top-Headlines, NEET - UG examination held from July 17 to May 6
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia