ന്യൂഡെല്‍ഹി: (www.kvartha.com) പ്രകൃതി കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വിധം ശാസ്ത്രീയമായ രീതികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറിയെന്നും അതിനാല്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കൃഷി ആവശ്യത്തിനായി ശാസ്ത്രീയ വഴികള്‍ സ്വീകരിക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറികളുടേയും ഭക്ഷ്യധാന്യങ്ങളുടേയും ഉല്‍പാദനത്തിന് ചിലവ് വര്‍ധിച്ചിരിക്കുകയാണ്. രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ചിലവ് ഉയരുന്നത്. അതിനാല്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണ്.
വിതരണ രംഗത്തെ പാളിച്ചകള്‍, വിപണി രംഗത്തെ പോരായ്മകള്‍ എന്നിവ കാരണം രാജ്യത്തെ കാര്‍ഷികരംഗത്ത് ഉല്‍പാദനം കുറവാണ്. എന്നാല്‍ പ്രകൃതി കൃഷി രാസവള മുക്തമാണ്. വിവിധ കൃഷിരീതികളെ സമന്വയിപ്പിച്ച് കൊണ്ടുള്ളതാണ് ഈ രീതി. വിള ഉല്‍പാദനം, മരങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാള്‍ക്കുനാള്‍ ഭക്ഷ്യോല്‍പാദനത്തിന് ചിലവ് കൂടി വരുന്ന സാഹചര്യത്തിലാണ് അമിതാഭ് കാന്തിന്റെ നിര്‍ദേശം. നീതി ആയോഗ് സംഘടിപ്പിച്ച നൂതന കൃഷിരീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.