തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായ പിജി വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയ്ക്ക് പിന്നാലെ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിപോയിലെ ഡ്രൈവര്‍ കം കന്‍ഡക്ടര്‍ പി എ ശാജഹാനെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ 17 ന് പത്തംതിട്ട- ബെഗ്‌ളൂറു സര്‍വീസില്‍ യാത്ര ചെയ്ത യാത്രക്കാരിയാണ് പരാതി നല്‍കിയത്.
സംഭവം നടന്ന സമയത്തിന് ശേഷം പരാതിക്കാരിയെ ഇയാള്‍ ഫോണ്‍ മുഖാന്തിരം ബന്ധപ്പെടാന്‍ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാല്‍ വാട്‌സ് ആപില്‍ വോയിസ് മെസേജ് അയക്കുകയും, സ്ഥാപനത്തിന്റെ അറിവോ, സമ്മതമോ കൂടാതെ വാര്‍ത്താ മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍.
വാട്‌സ് ആപിലൂടെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും, താന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും, താന്‍ കോടതിയില്‍ പോകുമെന്നും, പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം വോയിസ് മെസേജിലൂടെ പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
വാര്‍ത്താ മാധ്യമങ്ങളില്‍ ഇയാള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പരാതിക്കാരിയ്ക്കും, സ്ഥാപനത്തിനും അപകീര്‍ത്തി പരത്തുന്നതും, വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തി കുറ്റകരമാണെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫിസറുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
ശനിയാഴ്ച പുലര്‍ചെ മൂന്ന് മണിക്ക് കൃഷ്ണഗിരിക്ക് സമീപം വച്ച് കെഎസ്ആര്‍ടിസി സൂപര്‍ ഡീലക്സ് ബസിലെ ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. യാത്രയ്ക്കിടെ ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി ശാജഹാന്റെ സഹായം തേടുകയായിരുന്നു. ഗ്ലാസ് നീക്കാനായി യുവതിക്ക് സമീപമെത്തിയ ശാജഹാന്‍ ജനനേന്ദ്രിയം തന്റെ തുടയില്‍ ഉരസുകയും സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച് അമര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.
ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരാണുണ്ടാവുക. ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരു ഡ്രൈവര്‍ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ശാജഹാന്റെ സഹായം തേടിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.
അപ്രതീക്ഷിതമായ സംഭവത്തില്‍ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ബെംഗ്‌ളുറിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നല്‍കുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.