Follow KVARTHA on Google news Follow Us!
ad

കന്യാമർയം; യേശുവിൻ്റെ മാതാവ്

Maryam; mother of Jesus, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സ്വിദ്ദീഖ് നദ് വി ചേരൂർ

(www.kvartha.com 16.04.2022) ഹന്ന ബിൻത് ഫാഖൂദായ്ക്ക് പ്രായം ഏറെയായി. ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം ഇത് വരെ പൂവണിഞ്ഞില്ല. കൂടാതെ അവർ വന്ധ്യയായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. പല ഉമ്മമാരും സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കുന്നത് കാണുമ്പോൾ ആ പെൺമനസ്സ് തുടിക്കും. ഒരിക്കൽ വഴിയിൽ തള്ളപ്പക്ഷി കുഞ്ഞിയുടെ കൊക്കിൽ ആഹാരം ഇട്ടു കൊടുക്കുന്നത് കണ്ടപ്പോൾ അവരുടെ ഹൃദയം വിതുമ്പി. മാതൃത്വത്തിൻ്റെ പരിലാളന നൽകി സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള വെമ്പൽ.
                        
News, Kerala, Top-Headlines, Article, Easter, Jesus Christ, Mother, Maryam, Maryam; mother of Jesus.

മർയം ജനിക്കുന്നു

ഇംറാൻ്റ ഭാര്യയാണവർ. ഭർത്താവിനും വയസ്സായി. എന്നാലും ആശ മുറിഞ്ഞില്ല. അവർ മോഹ സാഫല്യത്തിനായി പ്രാർത്ഥനയും വഴിപാടുമായി നാളുകൾ തള്ളി നീക്കി. ഒരു നാൾ അവർക്ക് ഉദരത്തിൽ എന്തോ അസാധാരണചലനങ്ങൾ അനുഭവപ്പെട്ടു. പ്രാർത്ഥന ഫലിച്ചതിൻ്റെ നേരിയ അടയാളങ്ങൾ! താനൊരു കുഞ്ഞിന് ഗർഭം ധരിച്ചിരിക്കയാണെന്ന യാഥാർത്ഥ്യത്തിലേക്ക് അവർ പിച്ചവച്ചു കയറുന്നു! ആഹ്ലാദം പതിയേ അരിച്ചു കയറാൻ തുടങ്ങി. അതിലേറെ കൃതജ്ഞാ ഭരിതമായ മനസ് നാഥനിലേക്ക് ചിറകടിച്ചുയരുന്നു. അതൊരു പ്രാർത്ഥനയായി ചുണ്ടിലൂടെ ഒലിച്ചിറങ്ങി. വഴിപാടിൻ്റെ പിൻബലമുള്ള പ്രാർത്ഥന. വിശുദ്ധ ഖുർആൻ ആ പ്രാർത്ഥന ഇങ്ങനെ ഉദ്ധരിക്കുന്നു.

'നാഥാ, എൻ്റെ ഉദരത്തിലുള്ളതിനെ നിനക്കുഴിഞ്ഞുവെക്കാൻ ഞാനിതാ നേർച്ചയാക്കുന്നു. എന്നിൽ നിന്നത് സ്വീകരിക്കേണമേ, നീ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും ' എന്ന് ഇംറാൻ്റെ സഹധർമിണി പറഞ്ഞ സന്ദർഭം സ്മരണീയമത്രെ.' ( ആലു ഇംറാൻ: 35 )

ബൈതുൽ മുഖദ്ദസിലേക്ക്

അക്കാലത്ത് ആറ്റു നോറ്റു കിട്ടുന്ന കുട്ടിയെ ബൈതുൽ മുഖദ്ദസിലെ സേവനത്തിനായി ഉഴിഞ്ഞുവയ്ക്കാൻ നേർച്ചയാക്കുന്ന രീതിയുണ്ടായിരുന്നു. പൊതുവേ ആൺകുട്ടികളെയാണാ ജോലിക്ക് നീക്കി വയ്ക്കുക. ഹന്നയും താനൊരു ആൺ കുഞ്ഞിന് ജൻമം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ, പ്രസവിച്ചു കഴിഞ്ഞപ്പോൾ അതൊരു പെൺകുട്ടി! എന്ത് ചെയ്യണമെന്നറിയാതെ അവർ കുഴങ്ങി.

അങ്ങനെ പ്രസവം കഴിഞ്ഞപ്പോൾ അവർ ബോധിപ്പിച്ചു: 'എൻ്റെ റബ്ബേ, ഞാൻ പ്രസവിച്ചത് പെൺകുട്ടിയാണ്, അതെന്താണെന്ന് അവന് നന്നായറിയാം - ആണു പെണ്ണിനെ പോലെയല്ല. ആ കുഞ്ഞിന് ഞാൻ മർയം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അവളെയും സന്താനങ്ങളെയും അഭിശപ്തനായ പിശാചിൽ നിന്ന് സംരക്ഷിക്കാനായി ഞാനിതാ നിന്നിൽ അഭയം തേടുന്നു', (36)

അങ്ങനെ മർയം എന്ന മഹതി ജനിച്ചു. പിൽക്കാലത്ത് പല അസാധാരണ സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച അപൂർവ വനിത. വന്ധ്യയായ മാതാവിനും വൃദ്ധനായ പിതാവിനും വാർധക്യത്തിൽ കനിഞ്ഞരുളിയ ഒരു ശിശുവെന്ന് മാത്രമല്ല, പിന്നീട് പുരുഷ സ്പർശമേൽക്കാതെ ഒരു കുഞ്ഞിന് ഗർഭം ധരിക്കാൻ കൂടി അവർക്ക് നിയോഗമുണ്ടായി. ആ ബാലനെ പിൽക്കാല ചരിത്രത്തിൽ ഈസാ നബിയായും യേശു ക്രിസ്തുവായും ലോകം വാഴ്ത്തിപ്പറഞ്ഞു.

പ്രശംസ ചൊരിഞ്ഞു ഖുർആൻ

ഖുർആനിൽ പ്രത്യേകം പേരെടുത്തു പരാമർശിച്ച വനിതയാണ് മർയം. ഖുർആനിലെ ഒരു അധ്യായം തന്നെ അവരുടെ പേരിലാണ്. കൂടാതെ 34 തവണ വിവിധ അധ്യായങ്ങളിലായി 'മർയം' ചർച്ച ചെയ്യപ്പെടുന്നത് കാണാം. അന്ത്യപ്രവാചകനുമായി അടുത്ത ബന്ധമുള്ള പല വനിതകളും ഉണ്ടെങ്കിലും അവരുടെ പേരുകളൊന്നും ഖുർആനിൽ കടന്നു വന്നിട്ടില്ലെന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്. മർയം അധ്യായത്തിൽ അവരുടെ ചരിത്രം ഏറെക്കുറേ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മറ്റു പല സ്ത്രീകളും ഖുർആനിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും മറ്റു ചർച്ചകൾക്കിടയിലാണ് അവരൊക്കെ കടന്നു വരുന്നത്. എന്നാൽ മർയമിൻ്റെ ചരിത്രം സോദ്ദേശ്യപൂർവം തന്നെ ഖുർആൻ പരാമർശിക്കുന്നു. അതും മർയം അധ്യായത്തിൽ മാത്രമല്ല, അൽ ബഖറ:, ആലു ഇംറാൻ, നിസാ, മാഇദ:, തൗബ, അഹ്സാബ്, മൂമിനൂൻ, സുഖ്റുഫ്, അൽ ഹദീദ്, സ്വഫ്, തഹ് രീം തുടങ്ങിയ അധ്യായങ്ങളിലും മർയം പരാമർശിക്കപ്പെടുന്നുണ്ട്.

അനാഥത്വം പേറി ജനനം

ഹന്നയ്ക്ക് ലക്ഷണമൊത്ത ഒരു കുഞ്ഞ് ജനിച്ചെങ്കിലും കുട്ടി പിറന്നു വീഴും മുമ്പേ പിതാവിനെ ദൈവം തിരിച്ചു വിളിച്ചിരുന്നു. മോഹിച്ചു കാത്തിരുന്ന കുഞ്ഞിയെ കൺകുളിർക്കെ കാണാൻ പിതാവിന് യോഗമുണ്ടായില്ല. അതോടെ വൃദ്ധയായ മാതാവ് തനിച്ചായി. ഒരു കുട്ടിയെ സ്വന്തം നിലയ്ക്ക് വളർത്താൻ പറ്റിയ ചുറ്റുപാട് അവർക്കില്ല. അങ്ങനെ ആരെയെങ്കിലും നോക്കി വളർത്താനായി ഏൽപ്പിക്കാമെന്ന ധാരണയിലെത്തി. പക്ഷെ, ആരെ ഏൽപ്പിക്കും? അന്നാട്ടുകാർക്ക് മതകാര്യങ്ങളിൽ നേതൃത്വം നൽകിയ വലിയ പണ്ഡിതനും ഗുരുവര്യനുമായിരുന്നു, ഇംറാൻ. അതിനാൽ തങ്ങളുടെ ഗുരുവിൻ്റെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള അവസരം സൗഭാഗ്യമായി അവരെല്ലാം കണ്ടു. ഓരോരുത്തരും അവസരം തങ്ങൾക്ക് ലഭിക്കണമെന്ന് അഭിലഷിച്ചു കൊണ്ട് മുന്നോട്ടുവന്നു.

സംരക്ഷണത്തിനായി നറുക്കെടുപ്പ്

അങ്ങനെ അതിനായി നറുക്കെടുപ്പ് നടത്താൻ ധാരണയായി. ശിഷ്യൻമാർ ഓരോരുത്തരും അവരുടെ പേന വെള്ളത്തിൽ എറിയുക. ആരുടെ പേനയാണോ പൊങ്ങി നിൽക്കുക, അയാൾക്ക് സംരക്ഷണാധികാരം നൽകുക. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു: 'നബിയേ, താങ്കൾക്ക് ദിവ്യബോധനം നൽകുന്ന അദൃശ്യങ്ങളിൽ പെട്ടതാണ് ഈ വിവരങ്ങളെല്ലാം. മർയമിൻ്റെ രക്ഷാകർതൃത്വം ആർ ഏറ്റെടുക്കണമെന്ന് തീരുമാനിക്കാനായി തങ്ങളുടെ പേനകളിട്ട് അവർ നറുക്കെടുപ്പ് നടത്തിയപ്പോൾ താങ്കളവിടെ ഉണ്ടായിരുന്നില്ല. തദ്വിഷയകമായി അവർ തർക്കവിതർക്കങ്ങൾ നടത്തിയപ്പോഴും താങ്കളവിടെ ഹാജറില്ലായിരുന്നു'. (ആലു ഇംറാൻ: 44)

ഈ നറുക്കെടുപ്പിൽ സക്കറിയ്യാ നബിയുടെ പേനയാണ് പൊങ്ങി നിന്നത്. അങ്ങനെ മർയമിൻ്റ രക്ഷാ കർതൃത്വം അദ്ദേഹത്തിൽ വന്നു ചേർന്നു. ഹന്നയുടെ സഹോദരീ ഭർത്താവ് കൂടിയാണ് സക്കരിയ്യ. അതിനാൽ അടുത്ത ബന്ധുവും പ്രവാചകനുമായ വ്യക്തിയുടെ മേൽനോട്ടത്തിൽ വളരാനായിരുന്നു, മർയമിൻ്റെ നിയോഗം. സാധാരണ ഗതിയിൽ ആൺകുട്ടികളെയാണ് ബൈതുൽ മുഖദ്ദസിൻ്റെ സേവനത്തിന് നേർച്ചയാക്കി വിടുക. ഇത് പെൺകുട്ടിയായതിനാലാണ് രക്ഷാകർതൃത്വത്തിന് പ്രത്യേക സംവിധാനം വേണ്ടി വന്നത്. അതിൻ്റെ ഭാഗമായി പള്ളിയുടെ ഇടത് ഭാഗത്ത് സക്കരിയ്യാ നബി പ്രത്യേകം മേടമാളിക നിർമിച്ചു നൽകിയിരുന്നു. സാധാരണ പള്ളിയിൽ കാണുന്ന മിഹ്റാബല്ല ഇത്. ഇന്നും ആ മിഹ്റാബ് അവിടെ കാണാമെന്ന് അവിടം സന്ദർശിച്ചവർ പറയുന്നു.

സക്കരിയ്യാ നബിയുടെ തണലിൽ

ഈ വിഷയവും ഖുർആൻ വിശദീകരിക്കുന്നു: 'അങ്ങനെ നാഥൻ അവളെ നന്നായി സ്വീകരിക്കുകയും ഉദാത്ത രീതിയിൽ വളർത്തുകയും പരിപാലനത്തിന് സകരിയ്യാ നബിയെ ഏൽപ്പിക്കുകയും ചെയ്തു. അവരുടെ സമീപം മേടമാളിക(മിഹ്റാബ്) യിൽ കടന്നു ചെല്ലുമ്പോഴൊക്കെ എന്തെങ്കിലും ഭക്ഷണമവിടെ അദ്ദേഹം കാണുമായിരുന്നു -'ഓ മർയം, നിനക്കിത് എവിടന്ന് കിട്ടി' എന്നദ്ദേഹം ചോദിച്ചപ്പോൾ 'അല്ലാഹുവിങ്കൽ നിന്ന്‌ ' എന്നവർ പ്രത്യുത്തരം നൽകി. താനിച്ഛിക്കുന്നവർക്ക് അല്ലാഹു കണക്കില്ലാതെ കൊടുക്കും.' (37)

മറ്റു പല അൽഭുത സിദ്ധികളുടെ കൂട്ടത്തിൽ ഇതും മർയമിന് ലഭിച്ച ഒരു 'കറാമത് ' ആയിരുന്നു. അസമയത്ത് അസാധാരണമായ വിധത്തിൽ പഴവർഗങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ലഭിക്കുക. അതാണ് ഉപര്യുക്ത ഖുർആൻ വചനം സൂചിപ്പിച്ചത്. തുടർന്ന് മർയമിന് നാഥൻ കനിഞ്ഞരുളിയ പ്രത്യേക സ്ഥാനങ്ങളും മഹത്വങ്ങളും ഖുർആൻ എടുത്തു പറയുന്നു: 'മലക്കുകൾ ഇങ്ങനെ പറഞ്ഞ സന്ദർഭം സ്മരണീയമാണ്. ഓ മർയം, അല്ലാഹു നിങ്ങളെ ഉദാത്തയായി തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ഇന്ന് ലോകത്തുള്ള സ്ത്രീകളിൽ വച്ച് ഉൽകൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു. ഓ മർയം, നിങ്ങളുടെ നാഥന് വണങ്ങുകയും സാഷ്ടാംഗം ചെയ്യുകയും നമസ്കാരം നിർവഹിക്കുന്നവരോടൊപ്പം നമസ്കരിക്കുകയും ചെയ്യുക'. (42-43)

പുരുഷ സ്പർശമേൽക്കാതെ ഗർഭം

പ്രവാചകനായ ബന്ധുവിൻ്റെ ശിക്ഷണത്തിൽ അഖ്സാ പള്ളിയുടെ ചാരത്ത് ദൈവസ്മരണയിൽ ലയിച്ചു, സൽകർമങ്ങളിൽ മുഴുകി സച്ചരിതയായി ജീവിതം നയിക്കുന്ന മർയം എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവുണ്ടാകുന്നതിൻ്റെ ലക്ഷണങ്ങൾ. മർയമിന് ഒരു കുട്ടി ജനിക്കാൻ പോകുന്നു. അതും അവിവാഹിതയായ, കന്യകയായ, സാത്വികയായ ഒരു പെൺകുട്ടി പുരുഷ സ്പർശമേൽക്കാതെ ഗർഭം ധരിച്ചു ഒരു കുട്ടിയെ പ്രസവിക്കുക! ഇതിൽ പരം വിസ്മയകരമായി എന്തുണ്ട്? ഇതിലേക്ക് വെളിച്ചം വീശി ഖുർആൻ വിവരിക്കുന്നു:

'മർയം ബീവിയെ പറ്റിയുള്ള വൃത്താന്തം ഖുർആനിലൂടെ താങ്കൾ വിവരിച്ചു കൊടുക്കുക - തൻ്റെ വീട്ടുകാരിൽ നിന്ന് ദൂരെ കിഴക്ക് ഭാഗത്ത് അവർ മാറിയപ്പോൾ. എന്നിട്ട് ആളുകൾ കാണാതിരിക്കാനായി അവരോരു മറയുണ്ടാക്കി. തൽസമയം നമ്മുടെ ജിബ് രീലിനെ അവരുടെയടുത്തേക്ക് നിയോഗിക്കുകയും താനവർക്ക് മുമ്പാകെ പൂർണമനുഷ്യ രൂപത്തിൽ വെളിപ്പെടുകയുമുണ്ടായി. അവർ പറഞ്ഞു - 'താങ്കൾ ദൈവഭയമുള്ള ആളാണെങ്കിൽ ഞാൻ കരുണാമയനായ നാഥനിൽ കാവൽ തേടുന്നു.' ജിബ് രീൽ പ്രതികരിച്ചു: പരിശുദ്ധനായ ഒരു പുത്രനെ നിങ്ങൾക്ക് നൽകാനായി രക്ഷിതാവിങ്കൽ നിന്നുള്ള ദൂതൻ മാത്രമാണ് ഞാൻ '. അവർ അതിശയം കൂറി - 'ഒരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ലെന്നും ഞാൻ വ്യഭിചരിച്ചിട്ടില്ലെന്നുമിരിക്കെ എനിക്കെങ്ങനെ പുത്രനുണ്ടാകും! ജിബ് രീൽ മറുപടി നൽകി: 'അതൊക്കെ ശരി. തനിക്കത് നിസ്സാരമാണെന്നാണ് നിങ്ങളുടെ നാഥൻ്റെ പ്രസ്താവം. ആ കുട്ടിയെ ആളുകൾക്കൊരു ദൃഷ്ടാന്തവും നമ്മുടെ വകയായ ഒരു കാരുണ്യവും ആക്കാനുമാണ്. ഖണ്ഡിതമായ കാര്യം തന്നെയാണത്!' (സൂറ: മർയം: 16-21)

മർയമിൻ്റെ ധർമസങ്കടം

അങ്ങനെ ദൈവഹിതം സംഭവിക്കുക തന്നെ ചെയ്തു. അവർ ഗർഭിണിയായി. വിഷയം ഖുർആൻ തന്നെ പറയട്ടെ. 'അങ്ങനെയവർ ഗർഭം ധരിക്കുകയും ദൂരെയൊരിടത്ത് കഴിയുകയുമുണ്ടായി. പ്രസവ നോവ് അവരെ ഒരു ഈന്ത മരത്തിനടുത്തെത്തിച്ചു. മർയം സങ്കടപ്പെട്ടു: ഇതിന് മുമ്പ് തന്നെ ഞാൻ മരണപ്പെടുകയും വിസ്മൃതകോടിയിലാവുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു!’ ( സചനം: 23)
കുലീനയും പതിവ്രതയും സർവോപരി ദൈവാർപ്പിതയുമായ ഒരു യുവതി വിവാഹം കഴിക്കാതെ ഗർഭം ധരിച്ചാൽ ജനങ്ങളുടെ പ്രതികരണം ഊഹിക്കാമല്ലോ. അത്തരമൊരു ധർമസങ്കടം താങ്ങാനാവില്ലെന്ന വിചാരമാണവരെ ഇത്ര കടുത്ത രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

അവരുടെ ധർമസങ്കടം അധികം നീണ്ടു നിന്നില്ല. ഒരശരീരി അവരെ തട്ടിയുണർത്തി: 'താഴ് ഭാഗത്ത് നിന്നൊരാൾ തൽസമയവരെ വിളിച്ചു പറഞ്ഞു: ദു:ഖിക്കേണ്ട, നിങ്ങളുടെ രക്ഷിതാവ് താഴെ ഒരു അരുവിയുണ്ടാക്കിയിരിക്കുന്നു! ഈന്ത മരം അടുത്തേക്ക് വലിച്ചു കുലുക്കുക;അത് പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ പഴം ഭുജിക്കുകയും ജലപാനം നടത്തുകയും ആഹ്ലാദ നിർഭരയാവുകയും ചെയ്യുക. ഇനി, ആളുകളെയാരെയെങ്കിലും കണ്ടാൽ 'കരുണാവാരിധിയായ അല്ലാഹുവിന് ഒരു വ്രതം നേർച്ചയാക്കിയിരിക്കയാൽ ഒരു മനുഷ്യനോടും ഞാനിന്ന് മിണ്ടുകയേയില്ല' എന്ന് പറയുക.(24-26)

തൊട്ടിലിലെ കുട്ടി സംസാരിക്കുന്നു

ദൈവിക സാന്ത്വനം ലഭിച്ചതോടെ ആശ്വാസം നേടിയ മർയം, ആ കുട്ടിയെയും ഏറ്റി തൻ്റെ ബന്ധുജനങ്ങളെ സന്ദർശിച്ചു. ഖുർആൻ പറയട്ടെ: 'ശിശുവിനെയെടുത്ത് അവർ സ്വജനതയുടെ അടുത്തെത്തി. ജനം ആക്രോശിച്ചു: മർയമേ, അധിക്ഷേപാർഹമായ ഒരു കൃത്യം തന്നെയാണ് നീ ചെയ്തിരിക്കുന്നത്. ഓ ഹാറൂൻ സഹോദരി, നിൻ്റെ പിതാവ് ഒരു ചീത്ത വ്യക്തിയോ മാതാവ് ദുർനടപ്പുകാരിയോ ആയിരുന്നില്ലല്ലോ'.

'തൽസമയം മർയം ശിശുവിനെ ചൂണ്ടി. അവർ ചോദിച്ചു: തൊട്ടിലിൽ കിടക്കുന്ന പൈതലിനോട് ഞങ്ങളെങ്ങനെയാണ് സംസാരിക്കുക? ശിശു പ്രസ്താവിച്ചു: ഞാൻ അല്ലാഹുവിൻ്റെ അടിമയാണ്. അവൻ എനിക്ക് വേദം തരികയും പ്രവാചകത്വമേകുകയും എവിടെയാണെങ്കിലും എന്നെ അനുഗൃഹീതനാക്കുകയും ചെയ്തിരിക്കുന്നു; ജീവിച്ചിരിക്കുന്നിടത്തോളം കാലം നമസ്കാരവും സക്കാത്തും അനുഷ്ഠിക്കാൻ എന്നോടവൻ കൽപ്പിച്ചിട്ടുമുണ്ട്. അവനെന്നെ സ്വന്തം മാതാവിനോട് ഉദാത്ത സമീപനക്കാരനുമാക്കി; ക്രൂരനോ ഭാഗ്യഹീനനോ ആക്കിയിട്ടില്ല. ജനന-മരണ നാളുകളിലും പുനരുത്ഥാന ദിനവും എനിക്ക് ശാന്തിയുണ്ടായിരിക്കുന്നതാണ്'. (27-33)

ഈസാ നബിയുടെ ജനനവുമായി ബന്ധപ്പെട്ട് ഖുർആൻ മറ്റൊരിടത്ത് ഇത്രയും കൂടി പറഞ്ഞു വയ്ക്കുന്നു: 'മലക്കുകൾ പറഞ്ഞ സന്ദർഭം സ്മരണീയമാണ്. ഓ മർയം, തൻ്റെ പക്കൽ നിന്നുള്ള ഒരു വചനം കൊണ്ട് അല്ലാഹു നിങ്ങൾക്ക് ശുഭവാർത്തയറിയിക്കുന്നു. മർയമിൻ്റെ പുത്രൻ ഈസാ മസീഹ് എന്നാണദ്ദേഹത്തിൻ്റെ പേര്; ഇഹത്തിലും പരത്തിലും പ്രതാപശാലിയും നാഥൻ്റെ സമീപസ്ഥരിൽ പെട്ടവനുമായിരിക്കും. തൊട്ടിലിൽ വെച്ചു തന്നെ ജനങ്ങളോട് സംസാരിക്കും; മധ്യവയസ്കനാകുമ്പോഴും. സദ് വൃത്തരിൽ പെട്ടവനുമാണദ്ദേഹം.'

'മർയം പ്രതികരിച്ചു: ഒരു പുരുഷനും സ്പർശിച്ചിട്ടില്ലെന്നിരിക്കെ എനിക്കെങ്ങനെ കുട്ടി ജനിക്കും? അവൻ മറുപടി നൽകി. അതൊക്കെ ശരി തന്നെ; താനുദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ അവൻ അതിനോട് ഉണ്ടാവുക എന്ന് കൽപ്പിക്കും; ഉടനെയത് സംഭവിക്കുന്നു. അവൻ അദ്ദേഹത്തിന് വേദഗ്രന്ഥവും തത്വജ്ഞാനവും തൗറാതും ഇൻജീലും പഠിപ്പിക്കുന്നതാണ്.' (ആലു ഇംറാൻ: 45-48)

സന്തുലിത വീക്ഷണം:

ഇങ്ങനെ മർയമിനെയും മകൻ ഈസായെയും ഏറ്റവും മഹിതവും ഉന്നതവുമായ ഗുണവിശേഷങ്ങൾ നൽകിയാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. ഒരു വിഭാഗം ഇരുവരേയും മാനുഷികതലത്തിൽ നിന്ന് ഉയർത്തി ദൈവിക പരിവേഷം ചാർത്തുമ്പോൾ വേറെ ചിലർ യേശു ക്രിസ്തുവിനെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുകയും കുരിശിലേറ്റാൻ ഉദ്യുക്ത രാവുകയും ചെയ്യുന്നു. എന്നാൽ രണ്ടിനും മധ്യേ സന്തുലിതവും സമീകൃതവുമായ സ്ഥാനത്താണ് ഖുർആൻ ഇവരെ പ്രതിഷ്ഠിക്കുന്നത്. ലോകത്ത് മാതാവും പിതാവുമില്ലാതെ ജനിച്ചത് ആദി പിതാവായ ആദം നബിയാണെങ്കിൽ പിതാവില്ലാതെ ജനിച്ച അപൂർവ മനുഷ്യനായി ഈസാ നബിയെ ഇസ് ലാം വാഴ്ത്തുന്നു. അത് പോലെ അസാധാരണമായ സിദ്ധിവിശേഷണങ്ങൾ മർയമിൻ്റെയും പുത്രൻ്റെയും ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ പ്രകടമായത് ഖുർആൻ അംഗീകരിക്കുകയും എടുത്തു പറയുകയും ചെയ്യുന്നു.

അൽഭുത കൃത്യങ്ങൾ:

അപ്രകാരം ഈസാ നബി ജീവില്ലാത്ത പക്ഷിയെ പറപ്പിച്ചു വിട്ടതും ജന്മനാ അന്തനേയും വെള്ളപ്പാണ്ടുകാരനേയും സുഖപ്പെടുത്തിയതും മരിച്ചവരെ ജീവിപ്പിച്ചതുമെല്ലാം ഖുർആൻ ആലു ഇംറാൻ അധ്യായത്തിൽ (വചനം: 49) സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതെല്ലാം അല്ലാഹു വിൻ്റെ അനുമതി പ്രകാരമാണെന്നും താൻ അല്ലാഹു വിൻ്റെ ദാസനും ദൂതനും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയതായും ഖുർആൻ വിവിധ അധ്യായങ്ങളിൽ എടുത്തു പറയുന്നുണ്ട്.

വീണ്ടും ഫലസ്തീനിലേക്ക്

ശിശുമായി ബന്ധുജനങ്ങളെ സന്ദർശിക്കുകയും അവിടെ വച്ച് സന്നിഗ്ധ ഘട്ടത്തിൽ തൊട്ടിലിലെ കുട്ടി സംസാരിക്കുകയും ചെയ്തതോടെ കാര്യങ്ങളുടെ നിജസ്ഥിതി തെളിഞ്ഞ ആശ്വാസത്തിൽ അവിടെ നിന്ന് മടങ്ങിയ മർയം നേരെ ഈജിപ്തിലേക്ക് പലായനം ചെയ്തു. അവിടെയാണ് യേശു വളർന്ന് യൗവനം പ്രാപിക്കുന്നത്. തുടർന്നു വീണ്ടും ഫലസ്തീനിലേക്ക്. അവിടെ വച്ചാണ് ഈസാ നബിക്ക് പ്രവാചകത്വം ലഭിക്കുന്നത്. എന്നാൽ ജൂതരുമായുള്ള ഭിന്നതയും ജൂത രാജാവിന് ഇദ്ദേഹത്തോടുള്ള വൈരാഗ്യവും വധശിക്ഷയിലേക്ക് നയിച്ചു. എന്നാൽ കുരിശിലേറ്റാനായി ആനയിക്കുന്നതിനിടയിൽ രൂപപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്നു ജൂത വിഭാഗത്തിൽ പെട്ട ഒരു യുവാവിനേയാണവർ കുരിശിലേറ്റിയത്. ഈസാ നബിയെ അല്ലാഹു മേൽപ്പോട്ടുയർത്തുകയായിരുന്നു. ഈസാ നബിയെ അവർ കുരിശിലേറ്റിയിട്ടില്ലെന്നും അവർ ആശയകുഴപ്പത്തിൽ പെടുകയായിരുന്നുവെന്നും ഖുർആൻ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.(അന്നിസാ അധ്യായം 157,158 കാണുക)

സ്വർഗീയ സ്ത്രീകളുടെ നായിക

സംഭവം അറിഞ്ഞ് കണ്ണീരിലായ മാതാവിനെ ഈസാ നബി വന്നു ആശ്വസിപ്പിച്ചെന്നും തുടർന്നു വാന ലോകത്തേക്ക് ഉയർത്തപ്പെട്ടുവെന്നുമാണ് വിവരിക്കപ്പെടുന്നത്. മർയമിന് 13 വയസ്സുള്ളപ്പോഴാണ് പ്രസവം നടന്നത്. തുടർന്നു 33 വർഷം അവർ ഒന്നിച്ച് ജീവിച്ചു. ഈസാ നബി ഉയർത്തപ്പെട്ടപ്പോൾ മർയമിന് 46 വയസ്സായിരുന്നു. ശേഷം ആറ് വർഷം കൂടി അവർ ജീവിച്ചു. 52 ആം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. മർയം ബീവിയെപ്പറ്റി ഖുർആൻ പ്രകീർത്തിച്ചു പറഞ്ഞതിന് പുറമെ അന്ത്യപ്രവാചകനും പ്രത്യേകം വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നാല് പേർ സ്വർഗവാസികളായ സ്ത്രീകളുടെയെല്ലാം നേതാക്കളാണെന്ന് തിരുനബി വിശേഷിപ്പിച്ചു. പ്രവാചക പത്നി ഖദീജ ബിൻത് ഖുവൈലിദ്, പ്രവാചക പുത്രി ഫാത്വിമ, മർയം ബിൻത് ഇംറാൻ, ഫിർഔൻ്റെ പത്നി ആസിയ ബിൻത് മുസാഹിം. (മുസ് നദ് അഹ്മദ് അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങൾ ഉദ്ധരിച്ച ഹദീസ്).

Keywords: News, Kerala, Top-Headlines, Article, Easter, Jesus Christ, Mother, Maryam, Maryam; mother of Jesus.
< !- START disable copy paste -->

Post a Comment