ലഫ്. ജെനറല്‍ മനോജ് പാണ്ഡെ ഇന്‍ഡ്യന്‍ കരസേനയുടെ അടുത്ത മേധാവി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജെനറല്‍ മനോജ് പാണ്ഡെയെ നിയമിച്ചു. സേനയുടെ 29-ാം മേധാവിയായ ലഫ്. ജെനറല്‍ മനോജ് പാണ്ഡെ, എന്‍ജിനീയേഴ്‌സ് കോറില്‍നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫിസറാണ്. നിലവില്‍ സേനയുടെ ഉപമേധാവിയാണ്. ജെനറല്‍ എം എം നരവനെയുടെ പിന്‍ഗാമിയായി ഈ മാസം 30നു അദ്ദേഹം ചുമതലയേല്‍ക്കും.

ലഫ്. ജെനറല്‍ മനോജ് പാണ്ഡെ ഇന്‍ഡ്യന്‍ കരസേനയുടെ അടുത്ത മേധാവി

നാഷനല്‍ ഡിഫന്‍സ് അകാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982 ഡിസംബറിലാണ് എന്‍ജിനീയേഴ്‌സ് കോറില്‍ എത്തുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പല്ലന്‍വാല സെക്ടറില്‍ ഓപറേഷന്‍ പരാക്രം സമയത്ത് എന്‍ജിനീയര്‍ റെജിമെന്റിനെ നയിച്ചത് മനോജ് പാണ്ഡെയാണ്.

2001 ഡിസംബറില്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഇന്‍ഡ്യയും പാകിസ്താനും യുദ്ധത്തിന്റെ വക്കോളമെത്തിയതിനെ തുടര്‍ന്ന്, പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് വന്‍തോതില്‍ സൈനികരെയും ആയുധങ്ങളെയും എത്തിച്ചത് ഓപറേഷന്‍ പരാക്രമിലൂടെയാണ്.

വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിലെ എന്‍ജിനീയര്‍ ബ്രിഗേഡ്, നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി ബ്രിഗേഡ്, ലഡാക് സെക്ടറിലെ മൗണ്ടന്‍ ഡിവിഷന്‍ തുടങ്ങിയവയ്ക്കും പാണ്ഡെ നേതൃത്വം നല്‍കി. കിഴക്കന്‍ കമാന്‍ഡിന്റെ ചുമതലയേല്‍ക്കുന്നതിനു മുന്‍പ് ആന്‍ഡമാന്‍ നികോബാര്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്നു.

Keywords:  Lt Gen Manoj Pande appointed Army chief, first engineer to get the post, New Delhi, News, Military, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia