Follow KVARTHA on Google news Follow Us!
ad

Karnataka Politics | കർണാടക കോൺഗ്രസിന് മുസ്‌ലിം മുഖം നഷ്ടമാവുന്നു; ബിജെപിക്കും! ഒന്നാം കക്ഷിയാവാൻ ജെഡിഎസ്

Loses Muslim faces for Congress and BJP in Karnataka, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

(www.kvartha.com) കണ്ണൂരിന്റെ ചിറകാണ് മുൻ വ്യോമയാന മന്ത്രി സി എം ഇബ്രാഹിം. 'ഗവൺമെന്റ് എന്നാൽ മേശയും കസേരയുമല്ല, മന്ത്രിയായ ഞാനാണ്' എന്ന ദൃഢപ്രഖ്യാപനത്തോടെ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ റൺവേകളിലാണ് കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായത്. ഭാര്യാവീട്ടിൽ വിമാനം ഇറങ്ങാനാണോ മൂർഖൻ പറമ്പിൽ എയർപോർട്ട് എന്ന് കളിയാക്കിയ അന്നത്തെ പ്രധാനമന്ത്രി ഐ കെ ഗുജ്റാലിനോടും മാധ്യമങ്ങളോടുമുള്ള പ്രതികരണം ഇബ്രാഹീമിന്റെ മലയാളത്തിൽ ഇങ്ങിനെ, 'എടാ ഹമുക്കേ, എയർപോർട്ട് ഇല്ലാതെ തന്നെ ഒമ്പത് മക്കളെ ഉണ്ടാക്കിയ എനിക്ക് അതിന്റെ ആവശ്യമില്ല!'.
                  
News, National, Top-Headlines, Article, Karnataka, Congress, BJP, Political party, Politics, MLA, Minister, Election, Loses Muslim faces for Congress and BJP in Karnataka.

പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന പിതൃതുല്ല്യനായ പാനൂരിലെ പിആർ കുറുപ്പിന് ഒപ്പമാണ് മൂർഖൻ പറമ്പിൽ വിമാനത്താവളം സ്ഥലം പരിശോധിച്ചതെന്ന് ഇബ്രാഹിം പറയാറുണ്ട്. സോഷ്യലിസ്റ്റ് സരണിയിൽ ഇബ്രാഹീമിന്റെ കർണാടകയിലെ പിതൃതുല്ല്യൻ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഢയാണ്.

രാഷ്ട്രീയ ഋതുഭേദങ്ങളിൽ കർണാടക കോൺഗ്രസിൽ മുസ്‌ലിം മുഖമായി മാറിയ ഇബ്രാഹിം ജെഡിഎസ് കർണാടക സംസ്ഥാന പ്രസിഡണ്ട് പദത്തിൽ അവരോധിതനായതാണ് വർത്തമാനം. എച്ച് കെ കുമാര സ്വാമിയെ രാജിവെപ്പിച്ചാണ് ദേവഗൗഢയും മകൻ മുൻമുഖ്യന്ത്രി എച്ച് ഡി കുമാര സ്വാമിയും കർണാടകയിൽ ജെഡിഎസിന്റെ നായകത്വം ഇബ്രാഹിമിനെ ഏല്പിച്ചത്. ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് പദവി തന്നേക്കാൾ ജൂനിയറായ ബികെ ഹരിപ്രസാദിന് നൽകിയതാണ് ഇബ്രാഹിം കോൺഗ്രസ്സിൽ നിന്നകലാനുണ്ടായ ഒടുവിലത്തെ കാരണം.

എന്നാൽ 'കേരളത്തിലും കോൺഗ്രസ് തകരുകയല്ലേ...' എന്നാണ് തന്റെ രാജി തീരുമാനം സംബന്ധിച്ച അന്വഷണത്തിനിടെ അദ്ദേഹം കെവാർത്തയോട് ആരാഞ്ഞത്. ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് സംഭവിക്കുന്ന ക്ഷീണം അറിഞ്ഞുള്ള രാഷ്ട്രീയ തീരുമാനമാണ് കൈക്കൊണ്ടതെന്ന് കാണാം. എച്ച് ഡി കുമാര സ്വാമിയുടെ വാക്കുകൾ അത് സാക്ഷ്യപ്പെടുത്തുന്നു. 'കോൺഗ്രസിന് രാജ്യത്താകെ ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു. അവസാന തുരുത്തായ കർണാടകയിലും 2023ലെ തെരഞ്ഞെടുപ്പോടെ അതാണ് സംഭവിക്കാൻ പോകുന്നത്', അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. 225 അംഗ നിയമസഭയിൽ 123 സീറ്റുകൾ നേടി ഒറ്റക്ക് അധികാരത്തിൽ എത്തുകയാണ് ലക്ഷ്യം. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും കുമാരസ്വാമി മനനം ചെയ്യുന്നു.

ഈ ലക്ഷ്യം സാധ്യമാണെന്ന് കർണാടക രാഷ്ട്രീയത്തിലെ ക്രൗഡ്പുള്ളറായ സിഎം ഇബ്രാഹിം പറയുമ്പോൾ അനുകൂല സാഹചര്യങ്ങൾ മുന്നിലുണ്ട്. ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിലുള്ള പ്രതീക്ഷകൾ അസ്തമിക്കുകയല്ലെങ്കിൽ മങ്ങുകയെങ്കിലുമാണ്. ഹിജാബ് സ്ത്രീകൾക്ക് രക്ഷാകവചമാണെന്ന കോൺഗ്രസ് നേതാവ് സമീർ അഹമ്മദ് ഖാൻ എംഎൽഎയുടെ പ്രസ്താവനയുടെ ഭാഗങ്ങൾ അടർത്തി അദ്ദേഹത്തെ കടന്നാക്രമിക്കാൻ തുനിഞ്ഞ മാധ്യമങ്ങൾക്കൊപ്പം ചേരുകയാണ് കെപിസിസി പ്രസിഡണ്ട് ഡി കെ ശിവകുമാർ എംഎൽഎ ചെയ്തത്. ഒടുവിൽ മുറിവേറ്റ മനസ്സോടെ മാപ്പുപറയേണ്ടിവന്നു, ഖാന്ന്. ഈ വിഷയത്തിൽ ഒരു നിലപാട് പ്രഖ്യാപിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.

കോൺഗ്രസ് ഫ്രെയിമിൽ നിറഞ്ഞു നിന്ന മുഖമായിരുന്നു എട്ടു തവണ എംഎൽഎയും മന്ത്രിയുമായിരുന്ന റോഷൻ ബെയ്ഗ്. 'ഐമ' ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതോടെ അദ്ദേഹവും കോൺഗ്രസിന് പുറത്തായി. മംഗളൂറു എംഎൽഎയും നിയമസഭ ഉപനേതാവുമായ യു ടി ഖാദറിനെയാണ് കോൺഗ്രസ് നേതൃത്വം ഉയർത്തിക്കാട്ടുന്നത്. അഖില കർണാടക ഫ്രെയിമിൽ അദ്ദേഹം എത്രമാത്രം എന്നത് വിഷയമാണ്.

ബിജെപി ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് വരുത്താൻ പരിഗണിച്ചവർ അവഗണന നേരിടുന്ന അവസ്ഥയാണ് ആ പാർട്ടിയിലുള്ളത്. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗം അൻവർ മണിപ്പാടി യോഗങ്ങളിൽ പോലും പങ്കെടുക്കാതെ പ്രതിഷേധത്തിലാണ്. ദക്ഷിണ കന്നട ജില്ലയിൽ ബിജെപിയുടെ ന്യൂനപക്ഷ അടയാളമായ റഹിം ഉച്ചിലയെ ബ്യാരി സാഹിത്യ അക്കാദമി പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കിയത് അതിന്റെ കടലാസ് കൈയിൽ കിട്ടിയപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. മംഗളൂറിൽ നിന്ന് പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായി ഇപ്പോൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായ എ പി അബ്ദുല്ല കുട്ടിയിൽ പരിമിതമാണ് കാര്യങ്ങൾ.

Keywords: News, National, Top-Headlines, Article, Karnataka, Congress, BJP, Political party, Politics, MLA, Minister, Election, Loses Muslim faces for Congress and BJP in Karnataka.
< !- START disable copy paste -->

Post a Comment