അമരാവതി: (www.kvartha.com) സ്വയം ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ആന്ധ്രയിലെ ഈ ഗ്രാമം. കോവിഡിനെ തുടര്‍ന്നാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് കരുതിയാല്‍ അത് ശരിയല്ല. ഏപ്രില്‍ 17 മുതല്‍ 25 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളുകളും സര്‍കാര്‍ സ്ഥാപനങ്ങളും അങ്കണവാടികളുമെല്ലാം അടച്ചു.
ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോലും ഇറങ്ങുന്നില്ല. മാത്രമല്ല, പുറത്ത് നിന്നുള്ള ഒരാളെ പോലും ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കുന്നുമില്ല. അവര്‍ വരുന്നത് തടയാനായി ചുറ്റും വേലി കെട്ടി അടച്ചിട്ടുമുണ്ട്. നേരത്തെ കോവിഡ് പിടിപെട്ടാല്‍ ഇത്തരം കാര്യങ്ങളൊക്കെ ചെയ്തുവരാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ലോക് ഡൗണ്‍ പ്രഖ്യാപിക്കാനുണ്ടായ കാരണം കോവിഡ് അല്ല. മറിച്ച് പിശാചുക്കളോടുള്ള ഭയമാണ്.
ശ്രീകാകുളം ജില്ലയിലെ വെണ്ണലവല്‍സ ഗ്രാമത്തിലാണ് പിശാചുക്കളെ ഭയന്ന് സ്വയം പ്രഖ്യാപിത ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഗ്രാമത്തില്‍ ഒരു മാസത്തിനുള്ളില്‍ നിരവധി പേര്‍ക്ക് പനി ബാധിക്കുകയും നാല് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ പിശാചുക്കളാണെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഒഡിഷയുമായി ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് നിന്നുള്ള ചില മുതിര്‍ന്ന ആളുകള്‍ ഒഡിഷയിലും സമീപ ജില്ലയായ വിഴിനഗരത്തിലുമെത്തി ചില പുരോഹിതരെ കാണുകയുണ്ടായി.
പുരോഹിതര്‍ നിര്‍ദേശിച്ചത് അനുസരിച്ച് ഗ്രാമത്തിന്റെ നാല് ദിക്കിലും നാരങ്ങ കുഴിച്ചിട്ടിരിക്കുകയാണ് ഗ്രാമവാസികള്‍. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ അന്തവിശ്വാസമാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തി. നിരവധി പേര്‍ ലോക്ഡൗണിനെ പിന്തുണയ്ക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പൊലീസ് ഉള്‍പെടെയുള്ളവര്‍ എത്തി ഗ്രാമവാസികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചതോടെ ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
Keywords: Not for Covid, but to get rid of flesh-eating demon, Andhra village goes under lockdown, Hyderabad, News, Lockdown, COVID-19, Health, Health and Fitness, Police, National.