Monsoon Agriculture | എന്ത് കൃഷി ചെയ്താലും നല്ല വിളവ് കിട്ടാന്‍ കാലാവസ്ഥ അനുകൂലമായിരിക്കണം; മഴക്കാലത്ത് എന്തൊക്കെ പച്ചക്കറികള്‍ നടാമെന്ന് നോക്കാം
Apr 19, 2022, 15:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) എന്ത് കൃഷി ചെയ്താലും നല്ല വിളവ് കിട്ടാന്‍ കാലാവസ്ഥ അനുകൂലമായിരിക്കണം. അത് മഴക്കാലമായും വേനല്‍ക്കാലമായാലും മഞ്ഞുകാലമായാലും. മഴക്കാലമാണല്ലോ വരാന്‍ പോകുന്നത്. അതിനാല്‍ വര്‍ഷകാലത്തിന് അനുയോജ്യമായ പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം. വെണ്ട, മുളക്, വഴുതന, പാവല്‍, പയര്‍ എന്നിവ വര്‍ഷകാലത്ത് തഴച്ചുവളരുന്നവയാണ്.

സംസ്ഥാനത്ത് മഴക്കാലത്ത് നന്നായി വളരുന്ന പച്ചക്കറിയാണ് വെണ്ട. മെയ് പകുതിയോടെ വെണ്ടയുടെ വിത്ത് പാകാം. നടുന്നതിന് 12 മണിക്കൂര്‍ മുമ്പ് വിത്തുകള്‍ വെള്ളത്തിലിട്ട് കുതിര്‍ക്കണം. ചെറിയ കുഴിയെടുത്തോ ഗ്രോബാഗുകളിലോ വിത്ത് നടാം.
കുഴിയെടുക്കുമ്പോള്‍ ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും അകലം ഉണ്ടായിരിക്കണം. ചെടി വളര്‍ന്ന് തുടങ്ങുന്നതോടെ ചെറിയ തോതില്‍ നനയ്ക്കണം. ജൂണില്‍ മണ്‍സൂണെത്തുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. മഞ്ഞളിപ്പ് രോഗമുണ്ടാകാതെ നോക്കണം. മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ തീരെ കുറവായിരിക്കുമെങ്കിലും ശ്രദ്ധിക്കണം.
ചെറിയ തോതില്‍ ജൈവവളം ഇട്ടാല്‍ മികച്ച വിളവ് ലഭിക്കും. നട്ട് 40 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ വെണ്ട പൂവിടും. തുടര്‍ന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും.
നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മഴക്കാലത്ത് കുറവായതിനാല്‍ മഴക്കാലത്ത് മുളകും നന്നായി വളരും. വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. മെയ് പകുതിയോടെ മണ്ണിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം കഴിയുമ്പോള്‍ തൈകള്‍ പറിച്ചുനടണം. ഈ സമയത്ത് വളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം ഇടണം. വെള്ളക്കെട്ടുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.
ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെന്റിമീറ്ററും അകലത്തില്‍ വേണം നടാന്‍. തൈകള്‍ നട്ട് 50-ാം ദിവസം മുതല്‍ മുളക് പറിച്ച് തുടങ്ങാം എന്നതാണ് പ്രത്യേകത.
മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറിയാണ് വഴുതന. ചെടി വളര്‍ന്ന് കഴിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ വിളവെടുക്കാന്‍ കഴിയും. ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്. മറ്റ് പച്ചകറിയിനങ്ങളുടേത് പോലെ വലിയ പരിചരണവും വേണ്ട.
മെയ് രണ്ടാം വാരത്തോടെ വിത്തിട്ടാല്‍ 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ തൈകള്‍ മാറ്റിനടാം. ചെടികള്‍ തമ്മില്‍ 60 സെന്റിമീറ്ററും വാരകള്‍ തമ്മില്‍ 75 സെന്റി മീറ്ററും അകലം വേണം. തൈ പറിച്ചുനട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വിളവെടുക്കാം. നാടനും വിപണിയില്‍ ലഭ്യമായ വിത്തും വീടുകളിലും കൃഷി ചെയ്യാം.
പാവലാണ് മഴക്കാലത്ത് കൃഷി ചെയ്യുന്ന മറ്റൊരു പ്രധാന പച്ചക്കറി. മണ്ണ് കൂനകൂട്ടിയാണ് തൈകള്‍ നടേണ്ടത്. തൈ നട്ട് 45-ാമത്തെ ദവസം പൂക്കളുണ്ടാകും. ആദ്യമുണ്ടാകുന്ന പൂക്കള്‍ കൊഴിഞ്ഞു പോകാന്‍ സാധ്യതയുണ്ടെങ്കിലും പ്രയാസപ്പെടേണ്ട, അവ ആണ്‍പൂക്കളായിരിക്കും.
കായീച്ചയാണ് പാവലിന്റെ ഏറ്റവും വലിയ ശത്രു. ജൈവവളമായ ബയോഗ്യാസ് സ്‌ളറി, പച്ചച്ചാണകം കലക്കിയത്, എല്ലുപൊടി എന്നിവ ഉപയോഗിക്കാം. കുളത്തിന്റെയോ, ചെറിയ ജലാശങ്ങളുടെയോ കരയില്‍ വിത്ത് പാകിയ ശേഷം, വെള്ളത്തിന് മുകളിലായി പന്തലിട്ട ശേഷം വള്ളി പടര്‍ത്തിയാല്‍ ഈച്ച ശല്യം ഉണ്ടാകില്ലെന്ന് തിരുവല്ലയിലുള്ള ഒരു കര്‍ഷകന്‍ കണ്ടെത്തിയിരുന്നു. അദ്ദേഹം രണ്ടരയേക്കറിലുള്ള കുളത്തിന് കരയില്‍ തൈ നട്ട ശേഷം ഈ രീതി പിന്തുടരുന്നുണ്ട്. വെള്ളത്തിന് മുകളിലായി കായ്കള്‍ വളര്‍ന്നാല്‍ ഈച്ച വരാറില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈച്ച പാവയ്ക്കയിലിടുന്ന മുട്ട വെള്ളത്തില്‍ വീഴുന്നത് കൊണ്ടാണിതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
പയര്‍ കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാസം ജൂണ്‍-ജൂലൈ ആണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയര്‍ വിത്ത് നടാന്‍. പന്തലിട്ടോ, വള്ളിയില്‍ പടര്‍ത്തിയോ സംരക്ഷിക്കാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.