ന്യൂഡെല്‍ഹി: (www.kvartha.com 17.04.2022) ലഖിംപൂര്‍ ഖേരി അക്രമക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയില്‍ വിധിപറയാനായി സുപ്രീം കോടതി മാറ്റിവച്ചിരുന്നു. ജാമ്യം അനുവദിച്ച അലഹബാദ് ഹൈകോടതി വിധിയില്‍ സുപ്രീം കോടതി നേരത്തെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു, വിചാരണ ആരംഭിക്കാനിരിക്കെ പോസ്റ്റുമോര്‍ടം റിപോര്‍ടും മുറിവുകളുടെ സ്വഭാവവും പോലുള്ള അനാവശ്യ വിശദാംശങ്ങള്‍ പ്രതിഭാഗത്തിനോ, മാധ്യമങ്ങള്‍ക്കോ നല്‍കരുതെന്നും കോടതി പറഞ്ഞു.
സുപ്രീം കോടതി നിയോഗിച്ച എസ്‌ഐടി നിര്‍ദേശിച്ചതുപോലെ ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍കാര്‍ അപീല്‍ നല്‍കിയിട്ടില്ലെന്ന വസ്തുതയും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ശ്രദ്ധയില്‍പെടുത്തിരുന്നു.
വിപുലമായ കുറ്റപത്രം ഹൈകോടതി പരിഗണിച്ചില്ലെന്നും ഒരാള്‍ക്ക് വെടിയേറ്റെന്നാരോപിച്ചുള്ള എഫ്‌ഐആറിനെയാണ് ആശ്രയിക്കുന്നതെന്നും കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ വാദങ്ങള്‍ ബെഞ്ച് ശ്രദ്ധയില്‍പെടുത്തിയിരുന്നു.
പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വിചാരണ തീരുന്നത് വരെ വിദേശത്തേക്ക് കടക്കില്ലെന്നും സ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ഹൈകോടതിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ മരണപ്പെട്ടയാളുടെ ശരീരത്തില്‍ വെടിയുണ്ട ഏറ്റതായി സൂചനയില്ല.
ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മാര്‍ച് 16ന് ഉത്തര്‍പ്രദേശ് സര്‍കാരിന്റെയും ആശിഷ് മിശ്രയുടെയും പ്രതികരണം സുപ്രീം കോടതി തേടിയിരുന്നു. മാര്‍ച് 10 ന് പ്രധാന സാക്ഷിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍കാരിന് നിര്‍ദേശവും നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. എഫ്‌ഐആര്‍ പ്രകാരം ആശിഷ് മിശ്ര ഇരുന്ന വാഹനം നാല് കര്‍ഷകരെ ഇടിച്ചുവീഴ്ത്തി. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ ഡ്രൈവറെയും രണ്ട് ബിജെപി പ്രവര്‍ത്തകരെയും മര്‍ദിച്ചു.
കേന്ദ്രസര്‍കാര്‍ അടുത്തിടെ റദ്ദാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പാര്‍ടികളുടെയും കര്‍ഷക സംഘങ്ങളുടെയും രോഷത്തിന് കാരണമായ അക്രമത്തില്‍ ഒരു പത്രപ്രവര്‍ത്തകനും മരിച്ചിരുന്നു.