കോഴിക്കോട്: (www.kvartha.com) സിപിഎം പാര്‍ടി കോണ്‍ഗ്രസിനെത്താന്‍ സീതാറാം യെച്ചൂരിക്ക് കാര്‍ ഏര്‍പാടാക്കിയത് താനല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രടറി പി മോഹനന്‍. സിദ്ദിഖ് പുത്തന്‍പുരയിലിലെ അറിയില്ലെന്നും കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയതെന്നും പി മോഹനന്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന് വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ കാര്‍ ഏര്‍പാടാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം കോഴിക്കോട് ജില്ലാ സെക്രടറിയായ തനിക്കല്ലെന്ന് പി മോഹനന്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ ബിജെപി നടത്തുന്നത് അപവാദ പ്രചാരണമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജനും പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രടറി വാഹനം ഏര്‍പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റ്. 28 ഉടമകളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തെന്നും എം വി ജയരാജന്‍ പറഞ്ഞു
ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല വാഹനങ്ങള്‍ വാടകയ്ക്കെടുത്തത്. ബംഗാളില്‍ നിന്ന് വന്ന പിബി അംഗങ്ങള്‍ ഉള്‍പെടെ കൊച്ചി എയര്‍പോര്‍ടില്‍ ഇറങ്ങിയവര്‍ക്ക് എറണാകുളം ജില്ലാ കമിറ്റി തന്നെയാണ് വാഹനങ്ങള്‍ വാടകയ്ക്ക് തയാറാക്കിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ ജമ്മുകശ്മീരില്‍ നിന്ന് മൂന്നു പേര്‍ ഇറങ്ങിയിട്ട് മലപ്പുറം ജില്ലാ കമിറ്റിയാണ് വാഹനം വാടകയ്ക്ക് നല്‍കിയത്. അതിന്റെയെല്ലാം തുക കണ്ണൂരില്‍ വച്ചാണ് നല്‍കിയത്.
കൊച്ചിയില്‍ നിന്ന് രണ്ട് രീതിയില്‍ ആണ് വാഹനങ്ങള്‍ ശരിയാക്കിയത്. കൊച്ചി എയര്‍പോര്‍ടില്‍ നിന്ന് പ്രതിനിധി സഖാക്കളെ വാഹനങ്ങളില്‍ എറണാകുളം സൗത് റെയ്ല്‍വേ സ്റ്റേഷനിലെത്തിച്ച് മാവേലി എസ്‌ക്പ്രസിലും പിബി അംഗങ്ങളെ കാറിലുമാണ് കണ്ണൂരിലേക്ക് എത്തിച്ചത്. കോഴിക്കോട് ജില്ലാ സെക്രടറി വാഹനം ഏര്‍പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.
വാഹനം വാടകയ്ക്ക് എടുത്തു. അതില്‍ നേതാക്കളും പ്രതിനിധികളും എത്തുന്നു. അതൊന്നും വിവാദമാക്കേണ്ട കാര്യമില്ല. കണ്ണൂരിലെ ഒരു പ്രമുഖ ട്രാവല്‍ ടൂറിസം ഏജന്‍സിയുമായി ബന്ധപ്പെട്ട് വാഹനങ്ങളെടുക്കുകയാണ് ചെയ്തത്. യെച്ചൂരി സ്ഥിരിമായി ഉപയോഗിച്ചത് കെഎല്‍ 13 എയു 2707 എന്ന വാഹനം ആണ്. അതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. എയര്‍പോര്‍ടില്‍ ഇറങ്ങിയാല്‍ പാര്‍ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരാന്‍ ട്രാവല്‍ ഏജന്‍സി പല വാഹനങ്ങളും തരപ്പെടുത്തിയിരുന്നു. ആ ദൃശ്യമായിരിക്കാം ബിജെപി കാണിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.
പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുടേതാണെന്നും സിപിഎം-എസ്ഡിപിഐ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങല്‍ നടന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പ്രസ്ഥാവനയില്‍ ആരോപിച്ചിരുന്നു.
എസ്ഡിപിഐ സിപിഎം ബന്ധത്തിന്റെ തെളിവാണ് ഇത്. എസ്ഡിപിഐയുമായെല്ലാം സഹകരിക്കുന്ന സിപിഎമിന്റെ ക്രിമിനല്‍ സഖ്യത്തിന്റെ തെളിവാണ് ഇത്. കോഴിക്കോട് ജില്ലാ സെക്രടറി നേരിട്ടാണ് ഈ വാഹനം ഒരുക്കി നല്‍കിയതെന്നും ബിജെപി ആരോപിച്ചിരുന്നു.
യെച്ചൂരി യാത്ര ചെയ്ത കെഎല്‍ 18 എ ബി-5000 ഫോര്‍ച്ച്യൂനര്‍ വണ്ടി ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കില്‍ മൊടവന്തേരിയിലെ ചുണ്ടയില്‍ സിദ്ധിഖിന്റെതാണ്. ഇദ്ദേഹം നിരവധി കേസില്‍ പ്രതിയാണെന്നാണ് വിവരം. 2010 ഒക്ടോബര്‍ മാസം 21 ന് നാദാപുരം പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 582/2010 രെജിസ്റ്റര്‍ ചെയ്ത, ഇന്‍ഡ്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ സജിന്‍ ചന്ദ്രന്‍ എന്നയാളെ അകാരണമായി തടഞ്ഞ് വച്ച് മര്‍ദിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ചുണ്ടയില്‍ സിദ്ധിഖെന്നും ഇതിന് പുറമേ നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും റിപോര്‍ടുണ്ട്.