കൊല്ലം: (www.kvartha.com) 10 വര്‍ഷം മുന്‍പ് സഹോദരി മരിച്ചു. ഒടുവില്‍ ഒറ്റയ്ക്കായ ബെന്‍സനും വിവേചനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കൊല്ലം ജില്ലയില്‍ ആദ്യമായി എച്‌ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാനത്തെ ആളാണ് മരിച്ചത്. ആദിച്ചനല്ലൂരിന് സമീപം കുമ്മല്ലൂര്‍ കട്ടച്ചല്‍ ബിന്‍സി ബംഗ്ലാവില്‍ പരേതരായ സി കെ ചാണ്ടിയുടെയും മേരി ജോണിന്റെയും മകനായ ബെന്‍സനെ(26) ആണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ കുടുംബത്തില്‍ ഇനി ആരും ബാക്കിയില്ല. പ്രണയിനിയുമായുള്ള പിണക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബെന്‍സന്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് പൊലീസിന് ലഭിച്ച മൊഴി. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു.
രണ്ട് പതിറ്റാണ്ട് മുന്‍പ് എയ്ഡ്‌സിന്റെ പേരില്‍ സമൂഹ വിവേചനത്തിന് ഇരയാക്കപ്പെട്ട രണ്ടു കുട്ടികളായിരുന്നു ബെന്‍സനും ബെന്‍സിയും. എയ്ഡ്‌സ് ബാധിച്ച മാതാപിതാക്കളുടെ മക്കള്‍ എന്നതായിരുന്നു അന്ന് അവര്‍ക്ക് സമൂഹം ചാര്‍ത്തിക്കൊടുത്ത മേല്‍വിലാസം. എയ്ഡ്‌സ് ബാധിതരായ ഇവരുള്ള സ്‌കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് മറ്റു രക്ഷിതാക്കള്‍ നിലപാടെടുത്തതോടെ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയായിരുന്നു.
പിതാവ് സി കെ ചാണ്ടി 1997ലും മാതാവ് മേരി ചാണ്ടി 2000ലും മരിച്ചതിനെ തുടര്‍ന്ന് മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണയിലായിരുന്നു ഇരുവരും. കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നതിന് ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ കൊണ്ട് പദ്ധതി ഏറ്റെടുപ്പിക്കുന്നതിലും മുന്‍കയ്യെടുത്തത് ജോണിയായിരുന്നു. കുട്ടികളെ സ്‌കൂളില്‍ പഠിക്കാന്‍ പോലും അനുവദിക്കാതെ സമൂഹം അകറ്റിയപ്പോള്‍ അതിനോടു പോരാടി അവരുടെ അവകാശം നേടിക്കൊടുത്തതും ജോണി തന്നെ. 2005 ജനുവരി 12ന് കുട്ടികളെയും കാഴ്ചയില്ലാത്ത മുത്തശ്ശി സാലമ്മയെയും മാത്രമാക്കി ജോണി എന്നന്നേക്കുമായി യാത്രയായി. പിന്നീട് മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണയിലായിരുന്നു ഇരുവരും.
എച്ഐവി ബാധിതരാണെന്ന് അറിയുമ്പോള്‍ ബെന്‍സി നഴ്സറി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് ഇരുവരെയും കൈതക്കുഴി ഗവണ്‍മെന്റ് എല്‍പിഎസില്‍ ചേര്‍ത്തു. ഇവിടെ പഠനം നടത്തുമ്പോഴാണ് എച്ഐവി ബാധിതരായ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന ആവശ്യവുമായി സ്‌കൂള്‍ പിടിഐ രംഗത്തെത്തിയത്. തുടര്‍ന്ന് ഇവരെ സമീപത്തെ ലൈബ്രറിയില്‍ ഇരുത്തി പ്രത്യേക അധ്യാപകരെ നിയമിച്ചു പഠിപ്പിക്കേണ്ടി വന്നു. പിന്നീട് സന്നദ്ധ സംഘടനകളും ഗവണ്‍മെന്റും ആരോഗ്യ വകുപ്പും ഇടപെട്ടു ജനങ്ങളില്‍ നടത്തിയ ബോധവല്‍കരണത്തെ തുടര്‍ന്നു കൈതക്കുഴി എല്‍പി സ്‌കൂള്‍ ഹെഡ് മാസ്റ്ററുടെ മുറിയില്‍ ഇരുത്തി പഠിപ്പിച്ചു. ഇക്കാര്യം രാജ്യന്തര മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.
ബെന്‍സനും ബെന്‍സിയും 2003ല്‍ കൊച്ചിയിലെത്തിയ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ 2003 സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു കണ്ടതാണ് വഴിത്തിരിവായത്.
സുഷമാ സ്വരാജ് ഉള്‍പെടെയുളളവര്‍ ഇവരെ ചേര്‍ത്തുനിര്‍ത്തി. ഇരുവരെയും കണ്ടപാടേ സുഷമ മടിയിലിരുത്തി. കുശലാന്വേഷണങ്ങള്‍ നടത്തി. മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിനോട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. ഇരുവരെയും കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ച സുഷമ, അഞ്ചു വര്‍ഷത്തെ ഭാരിച്ച ചികിത്സാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയാണ് മടങ്ങിയത്.
തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് 2010 മേയിലാണ് ബെന്‍സി മരിക്കുന്നത്. വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അണുബാധയായിരുന്നു മരണകാരണം.
സഹോദരിയുടെ മരണത്തോടെ ബെന്‍സനും മുത്തശ്ശിയും തനിച്ചായി. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സാലിക്കുട്ടിയും മരണപ്പെട്ടു. ഇതിനുശേഷം ബേന്ധുവീട്ടിലായിരുന്നു ബെന്‍സന്‍ താമസിച്ചിരുന്നത്. ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല ബെന്‍സനായിരുന്നു. തുടര്‍ചികില്‍സ തേടിയിരുന്നെങ്കിലും രോഗത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെയായിരുന്നു ജീവിതം. കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കയിലെ ഈ ബന്ധുവിന്റെ വീട്ടില്‍ തന്നെയാണ് ബെന്‍സനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതും.