Follow KVARTHA on Google news Follow Us!
ad

John Paul dies | പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

Kochi,News,Cinema,Director,Dead,Obituary,hospital,Treatment,Kerala,
കൊച്ചി: (www.kvartha.com) പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു.

Popular screenwriter John Paul dies, Kochi, News, Cinema, Director, Dead, Obituary, Hospital, Treatment, Kerala.

ഐവി ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍പോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്.

ശ്വാസ തടസവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിടികല്‍ കെയര്‍ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡികല്‍ സംഘത്തെയും നിയോഗിച്ചിരുന്നു.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോളിന്റെ ചികിത്സാ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫന്‍ഡില്‍ നിന്ന് രണ്ടുലക്ഷം രൂപ നേരത്തെ സംസ്ഥാന സര്‍കാര്‍ അനുവദിച്ചിരുന്നു. ഇത് കൂടാതെ 11,64000 രൂപ പൊതുജനങ്ങളില്‍ നിന്നായി ചികിത്സാ സഹായമായി എത്തി. ജോണ്‍ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു.

മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോണ്‍ പോളിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫന്‍ഡ് സ്വരൂപിക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. കാനറ ബാങ്കില്‍ ജീവനക്കാരനായിരുന്ന ജോണ് പോള്‍ പിന്നീട് ജോലി രാജിവച്ചാണ് മുഴുവന്‍ സമയതിരക്കഥാകൃതായി മാറിയത്.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്.

നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജെനറല്‍ സെക്രടറിയാണ്. ഫിലിംസൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംവിധായകന്‍ ഭരതനുവേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്. ഐ വി ശശി, മോഹന്‍, ജോഷി, കെ എസ് സേതുമാധവന്‍, പി എന്‍ മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പി ജി വിശ്വംഭരന്‍, വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോകുമെന്ററിക്കുമുള്ള ഫിലിം ക്രിടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

എംടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. ഗ്യാങ്സ്റ്റര്‍, കെയര്‍ഓഫ് സൈറാബാനു എന്നീ സിനിമകളില്‍ അഭിനയിച്ചു.

Keywords: Popular screenwriter John Paul dies, Kochi, News, Cinema, Director, Dead, Obituary, Hospital, Treatment, Kerala.

Post a Comment