കോഴിക്കോട്: (www.kvartha.com) ലോകത്തിനും ഇന്‍ഡ്യക്കും പ്രതീക്ഷയുടെ നുറുങ്ങുവെട്ടമാണ് കേരളമെന്നും മലയാളിയാണെന്ന് പറയുന്നതില്‍ അഭിമാനിക്കുകയല്ല, അഹങ്കരിക്കുകയാണ് വേണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി. കോഴിക്കോട് നടന്ന ഐ വി ദാസ് പുരസ്‌ക്കാര ദാന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം സംഘര്‍ഷഭരിതമായ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുമ്പോള്‍ കേരളത്തില്‍ സാഹോദര്യത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ഏടുകളാണ് എഴുതിവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യതലസ്ഥാനം സംഘര്‍ഷഭരിതമായിരുന്നുവെന്നും നമുക്ക് ആഗ്രഹമുള്ള വസ്ത്രം ധരിക്കാനോ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ സ്വാതന്ത്ര്യമില്ലാത്ത ഒരു അവസ്ഥയിലേക്ക് രാജ്യ തലസ്ഥാന നഗരം മാറുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദനും ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജിജോക്കും അദ്ദേഹം അവാര്‍ഡുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് താന്‍ എം പിയായി ഡെല്‍ഹിയിലെത്തി തിരിച്ചുവന്നപ്പോള്‍ മാറുന്ന രാജ്യ തലസ്ഥാനത്തെക്കുറിച്ച് എം മുകുന്ദനോട് പറഞ്ഞിരുന്നുവെന്നും ജോണ്‍ ബ്രിടാസ് വേദിയില്‍ പറഞ്ഞു.
എന്നാല്‍ ഡെല്‍ഹി എന്ന എം മുകുന്ദന്റെ പുസ്തകത്തിലുള്ള ഡെല്‍ഹിയല്ല ഇപ്പോഴത്തേതെന്നും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവാണ് ഇപ്പോള്‍ ഡെല്‍ഹിയിലുള്ളതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ജെഎന്‍യുവില്‍ പഠിക്കുന്ന കാലത്തുള്ള സഞ്ചാരസ്വാതന്ത്ര്യമൊന്നും ഇപ്പാള്‍ ഡെല്‍ഹിയിലില്ല. മുകുന്ദന്റെ പുസ്തകത്തിലുളള ഡെല്‍ഹി ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.
ഇങ്ങനെയൊരു ഡെല്‍ഹിയുണ്ടായിരുന്നു എന്ന ഓര്‍മപ്പെടുത്തലിനു വേണ്ടി മുകുന്ദന്റെ പുസ്തകം സൂക്ഷിച്ചു വെക്കേണ്ടതുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. എം മുകുന്ദനുമായി ചേര്‍ന്ന് നടത്തിയ ഹരിദ്വാര്‍ യാത്രയും അദ്ദേഹം ഓര്‍ത്തെടുത്തു. പിണറായി വിജയനെ മാധ്യമങ്ങളെല്ലാം വേട്ടയാടിയ സമയത്തും അദ്ദേഹത്തിന്റെ ഭാഗത്ത് ശരിയുണ്ടെന്ന് പറഞ്ഞ് പിന്തുണച്ചത് മുകുന്ദനാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ജോണ്‍ ബ്രിട്ടാസ് എം പിയുടെ പ്രസംഗത്തിലെ പ്രസക്തമായ ഭാഗങ്ങള്‍:
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജെഎന്‍യു കാംപസില്‍ സംഘര്‍ഷഭരിതമായ സാഹചര്യമാണ് നിലനിന്നിരുന്നത്. അവിടെ ഒന്‍പത് ദിവസത്തെ നോമ്പ് ഉണ്ട്. പണ്ട് കാലത്ത് കുടിക്കേണ്ടവന്‍ കുടിക്കും തിന്നേണ്ടവന്‍ തിന്നും ആടേണ്ടവന്‍ ആടും പാടേണ്ടവന്‍ പാടും അതായിരുന്നു നമ്മള്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം.
ഇന്‍ഡ്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ വന്ന് പഠിക്കുന്ന ഇടമാണ് ജെഎന്‍യു കാംപസ്. ജെഎന്‍യുവില്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കരുത് എന്ന് പറഞ്ഞാണ് ചില അക്രമകാരികള്‍ കലാപം ഉണ്ടാക്കിയത്.
പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ഘട്ടത്തില്‍ ഒരു പ്രഖ്യാപനം വന്നു. രാമനവമി നോമ്പ് കാലത്ത് ഒന്‍പത് ദിവസങ്ങളില്‍ ഡെല്‍ഹിയിലെ മാംസം വില്‍ക്കുന്ന കടകള്‍ അടച്ചിടണം. ഇതേത്തുടര്‍ന്ന് കടക്കാരെല്ലാം പേടിച്ച് കടകളുടെ ഷടറുകള്‍ അടച്ചു.
പലപ്പോഴും കലാപങ്ങള്‍ ഉണ്ടാകുന്നത് അല്ലെങ്കില്‍ ഉണ്ടാക്കുന്നത് എങ്ങനെയാണ്? മുസ്ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചേരികളിലൂടെ തന്നെ ജാഥ നടത്തണമെന്നാണ് ചിലര്‍ക്ക് നിര്‍ബന്ധം. ജാഥ പോകുന്ന സമയത്ത് ചില കല്ലുകള്‍ പ്രത്യക്ഷപ്പെടും. പലപ്പോഴും കല്ലുകള്‍ എറിയുന്നത് ആരാണെന്നുപോലും അറിയില്ല. അപ്പോഴേക്കും പൊലീസും സേനയും പ്രദേശത്ത് എത്തും. പിന്നീട് ബുള്‍ഡോസറുകള്‍ എത്തി കല്ലെറിയപ്പെട്ട വീടുകള്‍ മുഴുവന്‍ നിരപ്പാക്കും. ഇതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ.
നീതി ന്യായ വാഴ്ചയുള്ള ലോകത്തെ ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള ഒരു രാജ്യത്തിന്റെ അവസ്ഥയാണിത്. ഈ വിഷയത്തില്‍ സുപ്രീം കോടതി വരെ ഇടപ്പെട്ടു. വീടുകള്‍ ബുള്‍ഡോസറുകള്‍ വെച്ച് തകര്‍കരുതെന്ന് സുപ്രീം കോടതി നേരിട്ട് നിര്‍ദേശിച്ചു. ലോകത്തിനും ഇന്‍ഡ്യക്കും പ്രതീക്ഷയുടെ നുറുങ്ങുവെട്ടമാണ് കേരളം.
മലയാളിയാണെന്ന് പറയുന്നതില്‍ അഭിമാനിക്കുകയല്ല, അഹങ്കരിക്കുകയാണ് വേണ്ടത്. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുമ്പോള്‍ കേരളത്തില്‍ സാഹോദര്യത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ഏടുകളാണ് എഴുതിവെച്ചിരിക്കുന്നത്.
രാഷ്ട്രീയം തീക്ഷണമാവുമ്പോള്‍ തര്‍ക്കങ്ങളും കലഹങ്ങളുമൊക്കെ സ്വഭാവികമാണ്. എന്നാല്‍ ഒരാളുടെ പേരില്‍ തന്നെയും വിദ്വേഷം നുരഞ്ഞുപൊന്തുമ്പോള്‍ അതുണ്ടാക്കുന്ന വിപത്തിനെക്കുറിച്ചാണ് നമ്മള്‍ ചര്‍ച ചെയ്യേണ്ടത്. ആലപ്പുഴയിലും പാലക്കാടും നടന്നത് സമാനമായ ഇരട്ടക്കൊലപാതകങ്ങളാണ്.
ഇത്തരത്തിലുള്ള വര്‍ഗീയ കൊലപാതകങ്ങളാണ് ഉത്തരേന്‍ഡ്യയെ സ്നേഹവും അനുതാപവുമില്ലാത്ത വരണ്ട ഭൂമിയാക്കി മാറ്റിയത്. ഇങ്ങനെ അസ്വസ്ഥതകള്‍ സൃഷ്ടിച്ച് മനുഷ്യന്റെ മനസിലുള്ള പച്ചപ്പിനെ മുഴുവന്‍ മാറ്റി അവരെ മൃഗമാക്കി മാറ്റുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെയും വെറുപ്പിന്റെയും ധാരയിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. സ്വാഭാവികമായും ഈ പശ്ചാത്തലത്തില്‍ കേരളം പതിറ്റാണ്ടുകളായി ആര്‍ജിച്ച നന്മയെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.
Keywords: John Brittas speech about Kerala and Malayalee, Politics, Kozhikode, CPM, Malayalee, Clash, Kerala, News.