ന്യൂഡെല്‍ഹി: (www.kvartha.com 17.04.2022) ജാര്‍ഖണ്ഡ് റോപ് വേ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേബിള്‍ കാര്‍ കംപനി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ ദാരുണമായ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദാമോദര്‍ റോപ്വേസും ഇന്‍ഫ്രാ ലിമിറ്റഡും നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.
ക്ഷേത്ര നഗരമായ ബൈദ്യനാഥ് ധാമില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ത്രികുട് ഹില്‍സില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 10 നാണ് അപകടം നടന്നത്. റോപ് വേ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.
'അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കാന്‍ കംപനി തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ദിയോഘര്‍ ഭരണകൂടത്തിന് ചെക് നല്‍കിയതായും ദാമോദര്‍ റോപ് വേസ് ഇന്‍ഫ്രാ ലിമിറ്റഡ്( DRIL) ജെനറല്‍ മാനേജര്‍ മഹേഷ് മെഹ്‌തോയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.
റോപ് വേ തകരാര്‍ മൂലം കുന്നുകളില്‍ ട്രോളികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നത്. 46 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്ന മറ്റ് 60 വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ്, ആര്‍മി, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്, ജില്ലാ ഭരണകൂടം എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
റോപ് വേ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടം സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദിയോഘര്‍ സബ് ഡിവിഷനല്‍ ഓഫിസര്‍ (SDO) ദിനേഷ് കുമാര്‍ യാദവിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.
അതിനിടെ, അപകടത്തില്‍ 22 പേരുടെ ജീവന്‍ രക്ഷിച്ച പ്രദേശവാസിയായ പന്നലാലിന് സര്‍കാര്‍ പ്രഖ്യാപിച്ച സഹായമെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
Keywords: Jharkhand ropeway accident: Cable car company to provide Rs 25 lakh compensation to kin of deceased, New Delhi, News, Compensation, Accidental Death, Family, National.