ജെറുസലേം: (www.kvartha.com) ഈ വര്‍ഷത്തെ റമദാന്‍ ആരംഭിച്ചതിനുശേഷം മൂന്നാം തവണയും കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്സയില്‍ മൂന്നാം തവണയും ഇസ്രാഈല്‍ സായുധസൈന്യം പ്രവേശിച്ചതായി റിപോര്‍ട്. രാവിലെ ഇസ്രാഈലി കുടിയേറ്റക്കാര്‍ക്ക് അകമ്പടിയുമായെത്തിയ ഇസ്രാഈല്‍ സായുധസൈന്യം പള്ളിമുറ്റത്തുനിന്ന് മുസ്ലിം വിശ്വാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചുവെന്നാണ് വിവരം.
സ്നൈപറുകള്‍ അടക്കമുള്ള ആയുധങ്ങളുമായി നിരവധി ഇസ്രാഈല്‍ ഓഫീസര്‍മാരാണ് എത്തിയതെന്നും ഇവര്‍ പള്ളിയുടെയും സമീപമുള്ള കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളില്‍ കയറിയതായും വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.
വെള്ളിയാഴ്ചയും ഞായറാഴ്ചയും പള്ളിയങ്കണത്തില്‍ കടന്ന സൈന്യം മാരകമായ നാശനഷ്ടങ്ങള്‍ വിതക്കുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് വിവരം. വെള്ളിമേല്‍ക്കൂരയുള്ള ഖിബ്ലി നമസ്‌കാര ഹാളില്‍ ഇസ്രാഈലി സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും ഹാളിനകത്തേക്ക് നാല് മണിക്കൂറോളം പ്രവേശനം തടയുകയും ചെയ്തുവെന്ന് വിശ്വാസികള്‍ പറഞ്ഞു.
പള്ളിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ജനാലകള്‍ സൈന്യം വെടിവെച്ചു തകര്‍ക്കുന്നതിന്റെയും വൃദ്ധരടക്കമുള്ള വിശ്വാസികളെ ശാരീരികമായി കൈകാര്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇസ്രാഈല്‍ അതിക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ ഫലസ്തീന്‍ റെഡ്ക്രസന്റ് സൊസൈറ്റി അംഗങ്ങള്‍ എത്തിയെങ്കിലും ഇവര്‍ക്ക് പള്ളി കോംപൗന്‍ഡിലേക്ക് പ്രവേശനം അനുവദിച്ചില്ലെന്നും ഇതേത്തുടര്‍ന്ന് പരിക്കേറ്റവരെ സ്ട്രെചറിലാണ് പുറത്തെത്തിച്ചതെന്നും റിപോര്‍ടുണ്ട്.
ഇതിനകം 500-ലേറെ ജൂത കുടിയേറ്റക്കാര്‍ പള്ളിയില്‍ കടന്നുകയറിയതായും ഇവര്‍ക്ക് ഇസ്രാഈല്‍ സൈന്യവും പൊലീസും എല്ലാവിധ സഹായങ്ങളും ചെയ്യുന്നതായും അല്‍ അഖ്സയുടെ ഭരണം കൈകാര്യം ചെയ്യുന്ന 'ഇസ്ലാമിക് വഖ്ഫ്' (ഫലസ്തീനി - ജോര്‍ദാനിയന്‍ സംയുക്ത സംരംഭമാണ് ഇസ്ലാമിക് വഖ്ഫ്) അറിയിച്ചു.
മക്കയിലെ കഅ്ബയ്ക്കും മദീനയിലെ മസ്ജിദുന്നബവിക്കും ശേഷം ലോകമെങ്ങുമുള്ള മുസ്ലിം വിശ്വാസികള്‍ ഏറ്റവും പവിത്രമായി കാണുന്ന ആരാധനാലയമാണ് മസ്ജിദുല്‍ അഖ്സ. ജൂതന്മാരുടെ പെസഹാ അവധിദിനത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ അഖ്സയില്‍ കടന്നുകയറുമെന്ന് വലതുപക്ഷ ഇസ്രാഈലി സംഘടനകള്‍ പറഞ്ഞിരുന്നു.
അല്‍ അഖ്സയും ക്രിസ്ത്യാനികള്‍ പവിത്രമായി കാണുന്ന ചര്‍ച് ഓഫ് ഹോളി സെപല്‍ചറും ഉള്‍പെടുന്ന കിഴക്കന്‍ ജെറൂസലേം പിടിച്ചെടുക്കുകയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം, ക്രിസ്ത്യാന്‍ ആരാധനാലയങ്ങള്‍ തകര്‍ത്ത് അവിടെ ജൂതരുടെ 'മൂന്നാം ക്ഷേത്രം' നിര്‍മിക്കുകയുമാണ് ലക്ഷ്യമെന്ന് നിരവധി വലതുപക്ഷ ഇസ്രാഈലി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.