പാലക്കാട്: (www.kvartha.com) കെഎസ്ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനാണ് ബസ് ഓടിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ(8)യാണ് മരിച്ചത്. ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. തൃശൂര്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോയ ബസാണ് അപകടം ഉണ്ടാക്കിയത്. ക്ഷേത്രത്തിലേക്ക് പോകുംവഴി റോഡുമുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തോലന്നൂരില്‍ നിന്നും വരുകയായിരുന്ന ബസ് ചെല്ലമ്മയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വയോധികയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കണ്ണന്നൂര്‍ ദേശീയപാതയില്‍ വച്ച് ബസ് സിഗ്‌നല്‍ തെറ്റിച്ച് അമിത വേഗത്തില്‍ വരികയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകട ശേഷം ബസ് നിര്‍ത്താതെ പോയെന്ന് ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ചു.
ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പാലക്കാട് സൗത് പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സംഭവം അറിഞ്ഞില്ലെന്നായിരുന്നു ഡ്രൈവറുടെ വാദം.