ന്യൂഡെല്‍ഹി: (www.kvartha.com) ബിഎസ്സി നഴ്സിംഗ്, ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി (ഇഗ്നോ) ബിഎഡ് പ്രവേശന പരീക്ഷകള്‍ക്ക് (Entrance Examinations) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഏപ്രില്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ ബിഎഡിലേക്കും ബിഎസ്സി നഴ്സിംഗിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 17 ആയിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ ഔദ്യോഗിക വെബ്സൈറ്റായ ignou(dot)ac(dot)in ലൂടെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും രെജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഇഗ്‌നോ ജനുവരി 2022 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍, ഉദ്യോഗാര്‍ഥികള്‍ 1000 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. മെയ് എട്ടിനാണ് പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
കോംപിറ്റന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ, ജനുവരി 2022 സെഷനിലേക്കുള്ള ബിഎഡ്, ബിഎസ്സി നഴ്സിംഗ് (പോസ്റ്റ് ബേസിക്) പ്രവേശന പരീക്ഷയുടെ രെജിസ്ട്രേഷനുള്ള അവസാന തീയതി 2022 ഏപ്രില്‍ 24 വരെ ദീര്‍ഘിപ്പിച്ചെന്ന് പരീക്ഷയെ സംബന്ധിച്ച് ഇഗ്‌നോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2021 ഡിസംബറിലെ ടേം-എന്‍ഡ് പരീക്ഷയുടെ അസൈന്‍മെന്റ് സമര്‍പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. 2022 ജൂണിലെ ടേം-എന്‍ഡ് പരീക്ഷയ്ക്ക്, സമര്‍പിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്.