(www.kvartha.com) നിഷ്കളങ്കതയും നിസ്വാർത്ഥതയുമായിരുന്നു, ഖലീഫാ ഉമർ (റ) ൻ്റെ മുഖമുദ്ര. അതിനാൽ കോപവും സ്നേഹം ഒളിപ്പിച്ചു വയ്ക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അനിഷ്ടകരമായത് കണ്ടാൽ കഠിനമായി പ്രതികരിക്കും. ഇഷ്ടപ്പെട്ടാൽ ഹൃദയം പറിച്ചു നൽകും. ഇതായിരുന്നു മഹാൻ്റെ പ്രകൃതം. അത് കൊണ്ട് തന്നെ പ്രവാചക സവിധത്തിൽ ആരിൽ നിന്നെങ്കിലും പ്രഥമദൃഷ്ട്യാ അരുതാത്തത് കണ്ടാൽ അദ്ദേഹം ക്ഷോഭിക്കും. ഊരിയ വാളുമായി ചാടി വീഴും. തിരുനബി അതിനെ വിലക്കിയാൽ അദ്ദേഹം ശാന്തനായി പഞ്ചപുച്ഛമടക്കി നിൽക്കും. ഹദീസ് ഗ്രന്ഥങ്ങൾ അത്തരം നിരവധി സംഭവങ്ങൾ ഒപ്പിയെടുത്തു അടുക്കി വച്ചിട്ടുണ്ട്.
അദ്ദേഹം ഇസ്ലാം സ്വീകരിച്ചത് തന്നെ അത്തരമൊരു ക്ഷോഭത്തിൻ്റെ പരിണാമഗുപ്തിയിലാണ്. ഖുറൈശികൾക്കിടയിൽ ശക്തനും ധീരനും തൻ്റേടിയുമായി വിലസുന്ന കാലം. യൗവനത്തിൻ്റെ ചോരത്തിളപ്പിൽ ആരെയും കൂസാതെ,തൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് മാത്രം ഊന്നൽ നൽകിയുള്ള ജീവിതം. അന്ത്യപ്രവാചകൻ പുതിയ ആദർശവുമായി രംഗത്തിറങ്ങിയതറിഞ്ഞ് ഖുറൈശികളിൽ പലരും അരിശം പൂണ്ടും അമർഷം ഒതുക്കിയും കഴിയുന്നു. തങ്ങളുടെ പാരമ്പര്യ മഹിമയ്ക്കും പ്രമാണിത്വത്തിനും വെല്ലുവിളിയായി വരുന്ന എത് പുതുമയെയും നിരാകരിക്കാനും നിശിതമായി എതിർക്കാനും അവർക്ക് രണ്ട് വട്ടം ആലോചിക്കേണ്ടതില്ലല്ലോ.
അതിനിടയിലാണ് തൻ്റെ സഹോദരിയും ഭർത്താവും ഇസ്ലാം പുൽകിയ വിവരം ഉമറിൻ്റെ ചെവിയിലെത്തുന്നത്. തൻ്റെ കുടുംബത്തിനുള്ളിൽ ആദർശപരമായ ഛിദ്രതയുണ്ടാക്കിയ അബ്ദുല്ലായുടെ മകനെ വക വരുത്തുന്നതിൽ കുറഞ്ഞതൊന്നും അപ്പോൾ മനസ്സിൽ തെളിഞ്ഞിരുന്നില്ല. ക്ഷുഭിതനായി സഹോദരിയുടെ വീട്ടിലേക്ക് ഓടിയടുത്ത ഉമറിനെ പിന്നെ കാണുന്നത് ശാന്തനായി തിരുനബിയുടെ മുന്നിൽ വന്നു ആയുധം വച്ചു കീഴടങ്ങുന്നതാണ്. ഇസ്ലാം സ്വീകരിച്ചു അതിൻ്റെ സന്നദ്ധ ഭടനും പ്രവാചകൻ്റെ സന്തത സഹചാരിയുമായി മാറുന്നതാണ്. അത് വരെ ഒളിഞ്ഞും മറഞ്ഞും മാത്രം നടന്നിരുന്ന മതപ്രബോധനവും അനുഷ്ഠാന മുറകളും ഉമർ(റ) പരസ്യമാക്കി പ്രതിയോഗികളെ വെല്ലുവിളിച്ചു.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ തിരുനബി(സ)യും ഉമറുൽ ഫാറൂഖ് അടക്കമുള്ള സഹാബികളും ഒന്നിച്ചു നടന്നു പോകുന്ന ഒരു രംഗം വിവരിക്കുന്നുണ്ട്. തിരു നബി ഫാറൂഖിൻ്റെ കൈ പിടിച്ചിട്ടുണ്ട്. അതിനിടയിൽ അദ്ദേഹം തിരുനബിയുടെ മുന്നിൽ തൻ്റെ മനസ് തുറന്നു - 'എനിക്ക് അങ്ങയെ പെരുത്തിഷ്ടമാണ്.'
തിരുനബി: നിൻ്റെ മക്കളെക്കാളും ?
ഫാറൂഖ്: അതെ, മക്കളേക്കാളും.
തിരുനബി: ഭാര്യയേക്കാളും ?
ഫാറൂഖ്: അതെ, ഭാര്യയേക്കാളും.
തിരു നബി: നിൻ്റെ ധനത്തേക്കാളും ?
ഫാറൂഖ് : അതെ, ധനത്തേക്കും.
തിരു നബി: സ്വന്തം ശരീരത്തേക്കാളും ?
ഫാറൂഖ്: അത്...., ഇല്ല, റസൂലേ, എന്നേക്കാൾ അങ്ങയെ സ്നേഹിക്കുന്നുവെന്ന് പറയാനാവില്ല.
തിരു നബി: ഇല്ല, ഫാറൂഖേ, നിൻ്റെ ഈമാൻ പൂർണമാകണമെങ്കിൽ നിന്നേക്കാൾ കൂടുതൽ നീ പ്രവാചകനെ സ്നേഹിക്കണം.
ഫാറൂഖ് അൽപ്പസമയം മാറി നിന്ന് ഒന്ന് സ്വയം വിചാരണ ചെയ്തു. തിരിച്ചു വന്ന ശേഷം മൊഴിഞ്ഞു: അതെ, റസൂലേ, എന്നേക്കാൾ കൂടുതൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
തിരു നബി: ഇപ്പോഴാണ് ഉമറേ.
അതെ, അപ്പോഴാണ് ആ ഈമാനിന് അതിൻ്റെ സഹജമായ തിളക്കം വന്നത്. ഇക്കാര്യം അനസ് ബിൻ മാലികി (റ)ൽ നിന്ന് ഇമാം മുസ് ലിം റിപ്പോർട് ചെയ്ത ഹദീസും വ്യക്തമാക്കുന്നുണ്ട്. 'ഞാൻ അവന് മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റു സർവജനങ്ങളേക്കാളും പ്രിയതരമാകുന്നത് വരെ ആരുടെയും വിശ്വാസം പരിപൂർണമാവില്ല'.
ഇവിടെ അതിലും പ്രധാനമായി പരിഗണിക്കേണ്ടത് ഉമറുൽ ഫാറൂഖിൻ്റെ മാനസിക നൈർമല്യമാണ്. കാപട്യത്തിൻ്റെയോ മുഖസ്തുതിയുടെയോ ലാഞ്ചനയില്ലാതെ തിരുനബിയുടെ മുഖത്ത് നോക്കി മഹാൻ തുറന്നു പറഞ്ഞു - സ്വന്തത്തേക്കാളും പ്രവാചകൻ ഇനിയും പ്രിയതരമായിത്തീർന്നിട്ടില്ല. അത് പോരാ എന്ന പ്രതികരണം കേട്ടതും അദ്ദേഹം മാറി നിന്ന് സ്വയം വിചാരണയ്ക്ക് വിധേയമാക്കി. താൻ ഒന്നുമല്ലാത്ത അവസ്ഥയിൽ അന്ധകാരത്തിൽ തപ്പിത്തടയുകയായിരുന്നപ്പോൾ തനിക്ക് സൻമാർഗത്തിൻ്റെ വെള്ളിവെളിച്ചം ലഭിച്ചത് തിരുനബിയിലൂടെയാണ്. അത് പോലെ പരലോകത്ത് തനിക്ക് ഉപകരിക്കേണ്ടത് തൻ്റെ നശ്വരമായ ദേഹമോ അവിടത്തെ എല്ലാ നൻമകളുടെയും നേട്ടങ്ങളുടെയും നിമിത്തമായ തിരുനബിയോ? പിന്നെ ഉത്തരം ലഭിക്കാൻ താമസം വന്നില്ല. ഓടി വന്നു തിരുസവിധത്തിൽ സാക്ഷ്യപ്പെടുത്തി - എനിക്ക് പ്രവാചകനെ കഴിച്ചേ മറ്റാരും ഉള്ളൂ, ഞാനടക്കം. അതോടെ തിരുനബിയും അതംഗീകരിച്ചു. ഇപ്പോൾ നിൻ്റെ വിശ്വാസം പൂർണമായി.
മറ്റൊരു നബി വചനത്തിൽ മൂന്ന് കാര്യങ്ങൾ ഒരാളിൽ ഉണ്ടായാൽ അയാൾക്ക് ഈമാനിൻ്റെ മാധുര്യം ലഭിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. അതിൽ ഒന്ന് അല്ലാഹുവും പ്രവാചകനും ലോകത്തെ മറ്റെന്തിനേക്കാളും ഇഷ്ടപ്പെട്ടതാവുകയെന്നതാണ്. അനസ് ബിൻ മാലികിൽ നിന്ന് ബുഖാരി, മുസ് ലിം നിവേദനം ചെയ്ത പ്രബലമായ ഹദീസാണിത്.
ഉമറുൽ ഫാറൂഖിനെ സംബസിച്ച് ഇസ്ലാം സ്വീകരിച്ച ശേഷം പ്രവാചകനായിരുന്നു, എല്ലാം. എപ്പോഴും തിരുനബിയുടെ സഹവാസം കൊതിക്കും. അവിടത്തെ സുരക്ഷയ്ക്ക് മുൻഗണന നൽകും. ജീവിതാവശ്യങ്ങൾ കാരണം എന്നും ആ സദസ്സിൽ ഹാജറാകാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ അദ്ദേഹവും അടുത്ത് താമസിക്കുന്ന മറ്റൊരു സ്വഹാബിയും ഊഴമിട്ട് ആ സദസ്സിൽ ചെല്ലാൻ ധാരണയായി. ഒരു ദിവസം ഉമറുൽ ഫാറൂഖ് അവിടെ ചെന്ന് അവിടത്തെ വിശേഷങ്ങളെല്ലാം കൂട്ടുകാരന് കേൾപ്പിക്കും. പിറ്റേ ദിവസം കൂട്ടുകാരൻ സദസ്സിൽ ചെന്ന് വിവരങ്ങൾ ഉമറുൽ ഫാറൂഖിന് കൈമാറും. അങ്ങനെ നബി സവിധത്തിൽ നടക്കുന്നതൊന്നും തനിക്ക് നഷ്ടപ്പെടാതിരിക്കാൻ മുൻകരുതലെടുത്തു.
അദ്ദേഹത്തിന് പ്രവാചക സ്നേഹമെന്നാൽ ബഹുമാനവും ആദരവും കരുതലും പ്രതിബദ്ധതയും സമർപ്പണവുമെല്ലാം ഉൾക്കൊണ്ടതായിരുന്നു. ഒപ്പം തിരുനബിക്ക് വേണ്ടിയുള്ള ഈർഷ്യ. തിരുനബിയെ അലോസരപ്പെടുത്തുന്നതോ അസ്വസ്ഥപ്പെടുത്തുന്നതോ ആയ വല്ല നടപടിയും ആരിൽ നിന്നെങ്കിൽ ഉണ്ടായാലും ഉമറുൽ ഫാറൂഖിലെ ആത്മരോഷം ഞെട്ടിയുണരും. വാളുമായി അയാളിലേക്ക് പാഞ്ഞടുക്കും. അയാളെ അതിൽ നിന്ന് പിന്തിരിപ്പിച്ചേ അടങ്ങൂ. അല്ലെങ്കിൽ തിരുനബി ഇടപെട്ടു അദ്ദേഹത്തെ പിന്തിരിപ്പിക്കണം.
പ്രവാചകത്വത്തിൻ്റെ ആറാം വർഷമാണ് ഉമറുൽ ഫാറൂഖ് ഇസ് ലാം സ്വീകരിക്കുന്നത്. അന്ന് അദ്ദേഹത്തിന് 26 വയസ്സായിരുന്നു പ്രായം. അതിനകം 39 പേർ ഇസ് ലാമിൽ കടന്നു വന്നിരുന്നു. ഇസ്ലാം സ്വീകരിച്ച നാൽപ്പതാമത്തെ പുരുഷനായിരുന്നു, ഉമർ(റ). ശേഷം തൻ്റെ കരുത്തും കരുതലും യൗവനത്തിൻ്റെ ഉശിരും ഊർജസ്വലതയും അദ്ദേഹം പ്രവാചകന് മുന്നിൽ സമർപ്പിച്ചു. തുടർന്ന് നടന്ന എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഓരോ പോർക്കളത്തിലും ശ്രദ്ധേയമായ ചുമതലകൾ അദ്ദേഹം നിർവഹിച്ചു. ചരിത്രം അക്കാര്യം പ്രത്യേകം എടുത്തു പറയുന്നുണ്ട്. എവിടെയും തിരുനബിയുടെ സുഖത്തിലും ക്ഷേമത്തിലും അതീവ ശ്രദ്ധാലുവായിരുന്നു, അദ്ദേഹം.
ഒരിക്കൽ അദ്ദേഹം കടന്നു വരുമ്പോൾ തിരുനബി ഒരു പായയിൽ കിടക്കുകയായിരുന്നു. തോലിനുള്ളിൽ ഇലകൾ നിറച്ച തലയിണയിലാണ് തല ചായ്ച്ചിരിക്കുന്നത്. ദേഹത്ത് പായയിലെ കിടത്തം പാടുകൾ വീഴ്ത്തിയിരിക്കുന്നു. അത് കണ്ടു ഉമർ(റ) സങ്കടപ്പെട്ടു.
എന്തിനാണ് ഉമറേ കരയുന്നത്? തിരുനബി ആരാഞ്ഞു.
തങ്ങളുടെ ഈ ദയനീയ സ്ഥിതി കണ്ടിട്ടാണ്. കിസ്റയും ഖൈസറുമൊക്കെ സുഖലോലുപതയിൽ കഴിയുമ്പോൾ അങ്ങ് ഈ അവസ്ഥയിലാണല്ലോ?
'ഹേ, അത് കുഴപ്പമില്ല ഉമറേ, അവർക്ക് എല്ലാം ദുൻയാവിൽ മുൻകൂറായി നൽകി. നമക്ക് പരലോകത്തും.'
ഉമറുൽ ഫാറൂഖിൻ്റെ പ്രവാചക സ്നേഹത്തിൻ്റെയും ആദരവിൻ്റെയും മകുടോദാഹരണമാണ് നബിയുടെ പിതൃവ്യനായ അബ്ബാസു(റ) മായി ഒരു പാത്തിയുടെ കാര്യത്തിലുണ്ടായ നേരിയ കശപിശയും അതിൻ്റെ പരിണാമഗുപ്തിയും. ഉമർ(റ) വീട്ടിൽ നിന്ന് പള്ളിയിൽ പോകുന്ന വഴിയിൽ അബ്ബാസി(റ)ൻ്റെ സ്ഥലത്ത് ഒരു പാത്തിയുണ്ടായിരുന്നു. അതിനടുത്ത് വച്ച് അബ്ബാസി(റ)ൻ്റെ ആളുകൾ ഒരു വെള്ളിയാഴ്ച ആടുകളെ അറുത്ത് അതിൻ്റെ രക്തവും മാലിന്യവും അടങ്ങിയ വെള്ളം പാത്തിയിലൂടെ ഒഴുക്കി. ജുമുഅ നമസ്കാരത്തിനായി ഉടുത്തൊരുങ്ങി പള്ളിയിൽ പോവുകയായിരുന്ന ഖലീഫയുടെ വസ്ത്രത്തിൽ ആ പാത്തിയിലൂടെ ഒഴുകി വന്ന മലിനജലം തെറിച്ച് വൃത്തികേടായി.
ഉടനെ അദ്ദേഹം ആ പാത്തി അവിടെ നിന്ന് എടുത്തു മാറ്റാൻ നിർദേശം നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങിപ്പോയി വസ്ത്രം മാറി വന്നു. ഖലീഫയ്ക്ക് ഇങ്ങനെയൊരു പ്രയാസം നേരിട്ടെങ്കിൽ വഴിയേ പോകുന്ന മറ്റുള്ളവർക്കും അത് വഴി ശല്യമുണ്ടാക്കാമല്ലോ. പൊതു നൻമ ഉദ്ദേശിച്ചു കൂടിയാണ് ആ പാത്തി അവിടന്ന് മാറ്റാൻ നിർദേശിച്ചത്.
അങ്ങനെ അദ്ദേഹം മാറിയ വസ്ത്രത്തിൽ പള്ളിയിൽ പോയി ഖുതുബയും നമസ്കാരവുമെല്ലാം നിർവഹിച്ചു കഴിഞ്ഞപ്പോൾ അബ്ബാസ് (റ) അടുത്ത് വന്ന് ഉണർത്തി - ആ പാത്തി തിരുനബി(സ) അവിടത്തെ തൃക്കരം കൊണ്ട് നേരിട്ട് സ്ഥാപിച്ചതാണ്. അത് കേട്ടപ്പോൾ വല്ലാത്ത പരുവത്തിലായി. ഉടനെ അബ്ബാസിനെയും കൂട്ടി പാത്തിയുടെ അടുത്ത് വന്ന് കുനിഞ്ഞു കൊണ്ട് പറഞ്ഞു - 'ഞാൻ അല്ലാഹുവിനെ പിടിച്ചു സത്യം ചെയ്യുന്നു: ഇതാ, എൻ്റെ ഈ മുതുകത്ത് കയറി നിന്ന് കൊണ്ട് തിരുനബി എങ്ങനെയാണോ പാത്തി സ്ഥാപിച്ചത് അത് പോലെ പുന:സ്ഥാപിക്കണം', അബ്ബാസി(റ)ന് അത് അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല!.
അതാണ് ഇഹ ലോകവാസം വെടിഞ്ഞ തിരുനബിയോട് ഖലീഫയായ ഉമറുൽ ഫാറൂഖിനുളള ഇഷ്ടം, ഭവ്യത, വിധേയത്വം. പാത്തി മാറ്റിയതിന് എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റിയ ന്യായീകരണം ഇല്ലാഞ്ഞിട്ടല്ല. പക്ഷെ, പ്രവാചക പ്രഭു (സ) സ്ഥാപിച്ച ഒരു സാധനം എടുത്തു മാറ്റാൻ താൻ ആരാണ്? അതിൻ്റെ പേരിൽ എന്തെങ്കിലും നീരസം ആ തിരുഹൃദയത്തിൽ അനുഭവപ്പെട്ടെങ്കിൽ പിന്നെ തൻ്റെ ജീവിതത്തിനെന്ത് വില? ജീവിതത്തിലുടനീളം ആ തിരുനബിയുടെ ഇംഗിതങ്ങൾ തിരസ്ക്കരിച്ചു ശീലിച്ച നമുക്ക് അതിൻ്റെ പൊരുൾ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.
ഉമറുൽ ഫാറൂഖിൻ്റെ അകതാരിൽ തിരുനബിയ്ക്ക് ഉണ്ടായിരുന്ന സ്ഥാനവും മഹത്വവും ആ സാന്നിധ്യത്തിൻ്റെ അനിവാര്യതയും എത്ര ആഴത്തിൽ പതിഞ്ഞിരുന്നവെന്നതിൻ്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അവിടത്തെ വിയോഗ വാർത്ത കേട്ടപ്പോൾ അദ്ദേഹത്തിൽ നിന്നുണ്ടായ പ്രതികരണം. പേര് കേട്ട ധീരനും കരുത്തനുമായിരുന്നെങ്കിലും തിരുനബിയുടെ നഷ്ടം താങ്ങാൻ അദ്ദേഹത്തിൻ്റെ മനസ് പാകപ്പെട്ടിരുന്നില്ല. മൂസാ നബി അല്ലാഹുവുമായി സംഭാഷണം നടത്താനും തൗറാ ഗ്രന്ഥം സ്വീകരിക്കാനും സീനാ പർവതത്തിൽ ചെന്ന് 40 ദിവസം കഴിച്ചു കൂട്ടിയത് പോലെ തിരുനബിയും തൽകാലത്തേക്ക് മാറി നിൽക്കുകയാണെന്ന് ഒരു വേള അദ്ദേഹം ആലോചിച്ചിരിക്കണം. അതിനാൽ ആരെങ്കിലും തിരുനബി വഫാതായെന്ന് പറഞ്ഞാൽ അവൻ്റെ കഴുത്തറുക്കുമെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു.
എന്നാൽ അബൂബക് (റ) റിൻ്റെ സന്ദർഭോചിതമായ ഇടപെടൽ ഉമറുൽ ഫാറൂഖിനെ യാഥാർത്ഥ്യങ്ങളുടെ ലോകത്തേക്ക് തിരിച്ചു കൊണ്ട് വന്നു. സഹാബികളിൽ മൊത്തത്തിൽ കടുത്ത വിഷാദവും ആശയക്കുഴപ്പവും നിലനിൽക്കുന്ന ആ അസാധാരണ ഘട്ടത്തിൽ സിദ്ദീഖുൽ അക്ബർ പ്രകടിപ്പിച്ച മന:സാന്നിധ്യവും നിശ്ചയദാർഢ്യവും പ്രായോഗിക ബുദ്ധിയും അത്യപൂർവമായിരുന്നു. അവിടെ കടന്നു വന്ന് സിദ്ദിഖുൽ അക്ബർ പ്രഭാഷണത്തിൻ്റെ പ്രാരംഭ മുറകൾക്ക് ശേഷം പ്രഖ്യാപിച്ചു - 'ആരെങ്കിലും മുഹമ്മദി(സ)നെ ആരാധിക്കുന്നുവെങ്കിൽ മുഹമ്മദ് നബി (സ) നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കിൽ ആ അല്ലാഹു അമരനായി ജീവിക്കുന്നു.'
തുടർന്നു ആലു ഇംറാൻ അധ്യായത്തിലെ സൂക്തം 144 ഓതിക്കേൾപ്പിച്ചു - 'മുഹമ്മദ് നബി ദൈവിക ദൂതൻ മാത്രമാണ്. ഇതിന് മുമ്പ് നിരവധി ദൂതർ കഴിഞ്ഞു പോയിട്ടുണ്ട്. ആ ദൂതൻ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്തിരിഞ്ഞു പോവുകയാണോ? ആരെങ്കിലും പിൻമാറിപ്പോയാൽ അവൻ അല്ലാഹുവിന് ഒരു പോറലും ഏൽപ്പിക്കുന്നില്ല. നന്ദിയുള്ളവർക്ക് അല്ലാഹു പ്രതിഫലം തികച്ചു നൽകിയിരിക്കും'. (സൂക്തം: 144)
ഈ വചനവും സിദ്ദീഖി (റ)ൻ്റെ പ്രസംഗവും കേട്ടതോടെ ഉമറി(റ)ന് മോഹാലസ്യം അനുഭവപ്പെട്ടു. വിയർപ്പിൽ കുളിച്ച അദ്ദേഹത്തിൻ്റെ കാലുകൾ ഉറക്കാതായി. അബോധാവസ്ഥയിലെന്ന പോലെ നിലത്ത് വീണു. ബോധം തെളിഞ്ഞപ്പോഴാണ് അദ്ദേഹം സമനില വീണ്ടെടുത്തത്. ഈ ഖുർആൻ വചനം താൻ ആദ്യമായി കേൾക്കുമ്പോലെയാണ് സിദ്ദീഖിൽ നിന്ന് കേട്ടപ്പോൾ അനുഭവപ്പെട്ടതെന്ന് പിന്നിട് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഒരു അനുയായിക്ക് തൻ്റെ നേതാവിനോട് തോന്നുന്ന ഇഷ്ടത്തിനും ആത്മസമർപ്പണത്തിനും ഇതിനെ വെല്ലുന്ന ഉദാഹരണം ആർക്കെങ്കിലും ചൂണ്ടിക്കാട്ടാനാകുമോ?
Keywords: Article, Kerala, Malayalam, Islam, Muslim, History, Prophet, History of Khalifa Umar, Khalifa, History of Khalifa Umar.
< !- START disable copy paste -->