തിരുവനന്തപുരം: (www.kvartha.com 16.04.2022) അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന് വേണ്ടി മൊബൈല്‍ ആപ്ലികേഷനായ ' ഗസ്റ്റ് ആപ് ' ന്റെ സംസ്ഥാന തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ഗസ്റ്റ് ആപില്‍ രെജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ക്ക് ഐ ഡി കാര്‍ഡ് വിതരണം ചെയ്തു.
മുഴുവന്‍ അതിഥി തൊഴിലാളികളെയും പദ്ധതിയില്‍ അംഗമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായി കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡാണ് ഗസ്റ്റ് ആപ് സംവിധാനം വികസിപ്പിച്ചെടുത്തത്.
ഇതില്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികളുടെ വാട്‌സ് ആപ് നമ്പറില്‍ തന്നെ ഐഡി കാര്‍ഡ് ലഭിക്കും. ബോര്‍ഡിലെ ജില്ലാ എക്‌സിക്യൂടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപില്‍ ഒരുക്കിയിട്ടുണ്ട്.
ഗസ്റ്റ് ആപ്പിലൂടെ അതിഥി തൊഴിലാളികളെ രെജിസ്റ്റര്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ട്രേഡ് യൂനിയന്‍ ഭാരവാഹികളോടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളോടും കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി ശശികുമാര്‍ അഭ്യര്‍ഥിച്ചു.