ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പെടെയുള്ള 143 ഇനങ്ങളുടെ നികുതി നിരക്ക് കുത്തനെ കൂടും. ചരക്ക് സേവന നികുതി നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം. നികുതി നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജിഎസ്ടി കൗന്‍സില്‍, സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
നികുതി കൂട്ടുന്ന 143 ഇനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ജിഎസ്ടി നിരക്ക് 18 ല്‍ നിന്ന് 28% ആക്കാനാണ് നിര്‍ദേശം. പപ്പടത്തിനും ശര്‍ക്കരയ്ക്കും 5% ജിഎസ്ടി നിരക്ക് ഏര്‍പെടുത്തുമെന്നും റിപോര്‍ടുണ്ട്.
പട്ടം, പവര്‍ബാങ്ക്, ച്യൂയിങ് ഗം, ഹാന്‍ഡ്ബാഗ്, വാച്, സ്യൂട്കേസ്, 32 ഇഞ്ചില്‍ താഴെയുള്ള ടിവി, ചോകലേറ്റ്, വാല്‍നട്, സെറാമിക് സിങ്ക്, വാഷ് ബേസിന്‍, കൂളിങ് ഗ്ലാസ്, കണ്ണട ഫ്രെയിം, വസ്ത്രം, ലെതര്‍ കൊണ്ടുള്ള ആക്സസറീസ്, നോണ്‍ ആല്‍കഹോളിക് പാനീയങ്ങള്‍ എന്നിവയെല്ലാം 28 % ജിഎസ്ടി നിരക്കിലേക്ക് മാറും. ഇവയില്‍ പലതിനും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള മാസങ്ങളിലാണ് നിരക്ക് കുറച്ചത്.
ഇപ്പോള്‍ 18% നിരക്കുള്ള വാച്, ലെതര്‍ ഉല്‍പന്നങ്ങള്‍, റേസര്‍, പെര്‍ഫ്യൂം, ലോഷന്‍, കൊകോപൗഡര്‍, ചോകലേറ്റ്, കോഫി എക്സ്ട്രാക്റ്റ്, പ്ലൈവുഡ്, വാഷ്ബേസിന്‍, ജനലുകള്‍, ഇലക്ട്രിക് സ്വിച്, സോകറ്റ്, ബാഗുകള്‍ തുടങ്ങിയവയ്ക്ക് 28 ശതമാനമാവും. കസ്റ്റഡ് പൗഡറിന് 5ല്‍ നിന്ന് 18 ശതമാനവും മരത്തിന്റെ മേശകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്ക് 12ല്‍ നിന്ന് 18 ശതമാനവുമാക്കാനാണ് നിര്‍ദേശം.