മംഗ്‌ളൂറു: (www.kvartha.com) മീന്‍ സംസ്‌കരണ ശാലയിലെ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ശറഫാത്ത് അലി, സമീറുല്ല ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ശറഫാത്ത് അലി, മിര്‍സുല്‍ ഇസ്ലാം എന്നിവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബജ്പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഐപിസി 337, 338, 304, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
മീന്‍മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ സമീറുല്ല കുഴഞ്ഞുവീണതായാണ് വിവരം. ഇതുകണ്ട സമീപത്തുണ്ടായിരുന്നവരും ഡ്യൂടിയിലുണ്ടായിരുന്നവരും സമീറുല്ലയെ രക്ഷിക്കാന്‍ ഓടിയെത്തിയവരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീട് രണ്ട് പേര്‍ കൂടി ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു.
പ്രൊഡക്ഷന്‍ മാനേജര്‍ റൂബി ജോസഫ്, ഏരിയ മാനേജര്‍ കുബേര്‍ ഗാഡെ, സൂപര്‍വൈസര്‍ മുഹമ്മദ് അന്‍വര്‍, ഫാക്ടറിയുടെ ചുമതലയുള്ള ഫാറൂഖ് ആസാദ് എന്നിവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബജ്പെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.