ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലെ രോഹിണി കോടതി വളപ്പില്‍ വെടിവയ്പ്പ്. സംഭവത്തില്‍ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റതായി വിവരമുണ്ട്. ഗേറ്റിന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്.
രാവിലെ 9.40ഓടെ രണ്ട് അഭിഭാഷകരുടെ കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍
വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പരിഭ്രാന്തി പടര്‍ന്നു.
രണ്ട് അഭിഭാഷകരുടെ കക്ഷികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ ഡ്യൂടിയിലുണ്ടായിരുന്ന നാഗാലാന്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആയുധത്തില്‍ നിന്ന് വെടിയുതിര്‍ത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ബഹളം കോടതി നടപടികളെ ബാധിച്ചിട്ടില്ല. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.