തിരുവനന്തപുരം: (www.kvartha.com) കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി.
വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ എം എം മണി താന്‍ മന്ത്രിയും ചെയര്‍മാനുമായിരുന്ന കാലത്ത് ബോര്‍ഡും സര്‍കാരും ഓരോ വാഹനങ്ങള്‍ അനുവദിച്ചിരുന്നുവെന്നും ഇപ്പോള്‍ വകുപ്പ് മന്ത്രി അല്ലാത്തതിനാല്‍ അതൊന്നും അന്വേഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വകുപ്പ് മന്ത്രിയുടേയും മന്ത്രിയുടെ ഓഫിസിന്റേയും നിര്‍ദേശം അനുസരിച്ചാണ് സുരേഷ് കുമാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വാഹനം ഉപയോഗിച്ചിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തിലാണ്. രേഖകളൊക്കെ ബന്ധപ്പെട്ടവര്‍ക്ക് വേണമെങ്കില്‍ മാറ്റാമല്ലോ എന്നും എം എം മണി ചോദിക്കുന്നു. സുരേഷ് കുമാര്‍ സംഘടനാ നേതാവായതിനാല്‍ അയാളെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി നടക്കുന്ന ശ്രമങ്ങളാണ് കാണുന്നത്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അദ്ദേഹം ആയതിനാലുള്ള പരിപാടികളാണ് ഇതെല്ലാമെന്നും എംഎം മണി പറഞ്ഞു.
എം ജി സുരേഷ് കുമാര്‍ അനധികൃതമായി വാഹനമുപയോഗിച്ചു എന്ന് കാണിച്ച് അദ്ദേഹത്തിന് കെ എസ് ഇ ബി 6,72,560 രൂപ പിഴയിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രടറി ആയിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. 19-ാം തിയതിയാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക് സുരേഷിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ചയില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് സര്‍കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചര്‍ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേ സമയം പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോടിസും ലഭിച്ചിട്ടില്ലെന്ന് എം ജി സുരേഷ് കുമാര്‍ പ്രതികരിച്ചു.
വൈദ്യുതി മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശങ്ങളോടെ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും സുരേഷ്‌കുമാര്‍ ആരോപിച്ചു. എന്നാല്‍ കെ കെ സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം.
കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. കെഎസ്ഇബി ചെയര്‍മാന്റെ വിലക്ക് ലംഘിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് സുരേഷ് കുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Keywords: MM Mani supports MG Suresh Kumar in fine issues, Thiruvananthapuram, News, KSEB, Allegation, Minister, Meeting, Kerala.