Follow KVARTHA on Google news Follow Us!
ad

Expatriates Suicide | ആശങ്ക സൃഷ്ടിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി ഇന്‍ഡ്യക്കാരുടെ ആത്മഹത്യാ നിരക്ക് കൂടുന്നു; 7 വര്‍ഷത്തിനിടെ മരിച്ചത് 4005 പേര്‍; യുഎഇയില്‍ മാത്രം 1121 മരണം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Dead,Media,Report,National,
ന്യൂഡെല്‍ഹി: (www.kvartha.com) ആശങ്ക സൃഷ്ടിച്ച് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി ഇന്‍ഡ്യക്കാരുടെ ആത്മഹത്യാ നിരക്ക് കൂടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനിടെ മരിക്കുന്ന ഇന്‍ഡ്യക്കാരുടെ എണ്ണം പല രാജ്യങ്ങളിലും കൂടുകയും ചില രാജ്യങ്ങളില്‍ കുറയുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് വ്യക്തമാക്കുന്നു.


4005 expatriates commit suicide in seven years; 3266 people have sought refuge in the Gulf countries, New Delhi, News, Dead, Media, Report, National

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പെടുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈത്, ഒമാന്‍, സഊദി അറേബ്യ, ഖത്വര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ കണക്കുകളാണിത്. ലോകമെമ്പാടുമുള്ള ഇന്‍ഡ്യയിലെ പ്രവാസികളുടെ മരണനിരക്ക് പരിശോധിച്ചാല്‍ ഈ രാജ്യങ്ങളില്‍ അത് വളരെ ഉയര്‍ന്നതാണെന്ന് മനസിലാകും.

2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 3266 പ്രവാസികള്‍ ആത്മഹത്യ ചെയ്തെന്നാണ്, ലോക്സഭയില്‍ 2022 ഏപ്രില്‍ ഒന്നിന് വിദേശകാര്യ മന്ത്രാലയം അറിയിച്ച കണക്ക് വ്യക്തമാക്കുന്നത്. ഇതില്‍ 1121 പേര്‍ യുഎഇയിലാണ്. ഇക്കാലയളവില്‍ വിവിധ ലോകരാജ്യങ്ങളിലായി ആകെ 4005 ഇന്‍ഡ്യന്‍ പ്രവാസികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. അതിനാല്‍ ഗള്‍ഫില്‍ പ്രവാസികളുടെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്ന് വ്യക്തം.

ഏഴ് വര്‍ഷത്തിനിടെ ബഹ്റൈനില്‍ 180 ഉം കുവൈതില്‍ 425 ഉം സഊദി അറേബ്യയില്‍ 1024 ഉം ഒമാനില്‍ 351 ഉം ഖത്വറില്‍ 165 ഉം പ്രവാസികള്‍ ആത്മഹത്യ ചെയ്തെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. വ്യക്തിപരമായ കാരണങ്ങളും കുടുംബ വിഷയങ്ങളുമാണ് പലരെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

സാമ്പത്തിക ബുദ്ധിമുട്ടുകൾ, നാട്ടിലെ കുടുംബ പ്രശ്‌നങ്ങൾ, സ്ഥിരതയില്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉൾപെടെയുള്ള നിരവധി പ്രശ്‌നങ്ങളാണ് ഇൻഡ്യക്കാരുടെ ആത്മഹത്യകളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട്. നാട്ടിലെ ലോണുകൾ തിരിച്ചടക്കാൻ കഴിയാത്തത് അടക്കമുള്ള പ്രയാസങ്ങൾ ഇവരെ അലട്ടുന്നു. പല പ്രവാസികൾക്കും, നാട്ടിൽ താമസിക്കുന്ന കുടുംബങ്ങൾ വസ്തുതകൾ മനസിലാക്കാതെ, അവർ സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കുന്നതിന്റെയും ദുരിതം നേരിടേണ്ടി വരുന്നു. ഇത് ആത്യന്തികമായി കടക്കെണിയിലേക്ക് നയിക്കുന്നു. അത് അനാവശ്യ സമ്മർദത്തിലേക്കും നിരാശയിലേക്കും ഒടുവിൽ ആത്മഹത്യയിലേക്കും നയിക്കുന്നു.

കുടുംബത്തിൽ നിന്ന് അകന്ന് വർഷങ്ങളോളം ഒറ്റപ്പെട്ട് കഴിയുമ്പോഴുണ്ടാവുന്ന മനസികമായ പിരിമുറുക്കങ്ങളും ആത്മഹത്യയ്ക്ക് കാരണമാവുന്നുണ്ട്. അതോടൊപ്പം ഗൾഫിലെ നിലവിലെ സാമ്പത്തിക സ്ഥിതിയും ആത്മഹത്യകൾ വർധിക്കാൻ കാരണമാണ്. കോവിഡിന് ശേഷം പല കംപനികളും തകരുകയാണ്. പതിനായിരക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. പലരും പകുതി ശമ്പളത്തിനോ യഥാസമയം ശമ്പളം ലഭിക്കാതെയോ ജോലി ചെയ്യേണ്ടി വരുന്നു. സ്വദേശികളുടെ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ച ദേശസാൽക്കരണ നടപടികളും പ്രവാസികളുടെ തൊഴിലവസരങ്ങൾ കുറയാൻ കാരണമായി, പ്രത്യേകിച്ചും സഊദി പോലുള്ള ഇൻഡ്യക്കാർ ഏറെയുള്ള രാജ്യത്ത്. ഇതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾ അവർക്ക് താങ്ങാനാവാതെ വരുമ്പോൾ മരണത്തിൽ അഭയം തേടുന്നു.


ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങളുടെ കുരുക്കിൽ പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നവരുമുണ്ട്. മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി ഗൾഫിൽ മികച്ച ജോലി പ്രതീക്ഷിച്ച് പോയി ഒടുവിൽ അവിടെ വഞ്ചിക്കപ്പെടുന്നവർ, സ്‌പോൺസറുടെ അതിക്രമങ്ങൾ മൂലം പ്രയാസപ്പെടുന്നവർ, നാട്ടിൽ വരാൻ കഴിയാതെ 'ഹുറൂബ്' പോലെയുള്ളവയുടെ കുരുക്കിൽ അകപ്പെട്ടവർ, തന്റേതല്ലാത്ത കാരണങ്ങളാൽ ജയിലിൽ അകപ്പെടേണ്ടി വരുന്നവർ... അങ്ങനെയുള്ളവരിൽ പലരും ഒടുവിൽ മാനസിക സമ്മർദം മൂലം മരണത്തെ വരിക്കുന്നു.
അതേസമയം ഹൃദയസ്തംഭനവും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും റോഡ് അപകടങ്ങളും കാരണമാണ് വലിയ തോതില്‍ പ്രവാസികള്‍ മരണപ്പെടുന്നതെന്ന് 2018 ല്‍ ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് കമ്യൂണിറ്റി മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍തില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപോര്‍ടില്‍ പറയുന്നത്. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് വീണും, വെള്ളത്തില്‍ മുങ്ങിയും, പക്ഷാഘാതം വന്നും പകര്‍ചവ്യാധികള്‍ പിടിപെട്ടും മരിച്ചവരുണ്ട്. ഹൃദയാഘാതം മൂലമാണ് പലരും മരിക്കുന്നതെന്ന് കുവൈതില്‍ നിന്നുള്ള പ്രവാസി മോഹന്‍ദാസ് എം കാമത് പറഞ്ഞു.

കുവൈതിലെ ഇന്‍ഡ്യന്‍ പൗരന്മാര്‍ക്കിടയില്‍ ഉയര്‍ന്ന മരണങ്ങള്‍ പ്രധാനമായും ജീവിതശൈലിയും കഠിനമായ ജോലി സാഹചര്യങ്ങളും ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങളും മെഡികല്‍ അവബോധമില്ലായ്മയും മൂലമാണെന്ന് കുവൈതിലെ ഇന്‍ഡ്യന്‍ എംബസി അഭിപ്രായപ്പെട്ടു. കടവും സമ്മര്‍ദവും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്‍ഡ്യക്കാരെ മരണത്തിലേക്ക് നയിക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താനാകാത്ത ഒരു പ്രവാസി പറഞ്ഞു. കോവിഡ്-19 കാരണവും മരണങ്ങളുണ്ടായി.

35 ലക്ഷത്തിലധികം ഇന്‍ഡ്യന്‍ പ്രവാസി സമൂഹമുള്ള യുഎഇയില്‍ 2017-നും 2021-നും ഇടയില്‍ പ്രതിദിനം അഞ്ച് മരണങ്ങളെങ്കിലും രേഖപ്പെടുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. മരണസംഖ്യ 2020-ല്‍ 2454-ല്‍ നിന്ന് 2021-ല്‍ 2714 ആയി ഉയര്‍ന്നു.

2022 ജനുവരി 31-ന് യുഎഇയില്‍ 193 മരണങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഖത്വറിലെ മരണങ്ങള്‍ 2020ല്‍ 385 ആയിരുന്നെങ്കില്‍ 2021ല്‍ 420 ആയി വര്‍ധിച്ചു. ഒമാനിലെ ഇന്‍ഡ്യക്കാരുടെ മരണം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഇരട്ടിയായി, 2017 ല്‍ 495 മരണങ്ങളില്‍ നിന്ന് 2021 ല്‍ 913 മരണങ്ങളായി (2020 ല്‍ 630 മരണങ്ങള്‍). ബഹ്‌റൈനില്‍ 2021ല്‍ 352 മരണങ്ങളും 2020ല്‍ 303 മരണങ്ങളും റിപോര്‍ട് ചെയ്തു.

26 ലക്ഷം ഇന്‍ഡ്യക്കാരുള്ള സഊദി അറേബ്യയില്‍ മരണനിരക്ക് കുറഞ്ഞു. 2021ല്‍ ഇവിടെ 2328 പേര്‍ മരിച്ചു. 2020ല്‍ 3723 പേര്‍ മരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 2017 മുതല്‍ 2019 വരെ രാജ്യത്ത് പ്രതിവര്‍ഷം 700-ല്‍ താഴെ മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2019-ല്‍ ഇത് ഇരട്ടിയായി 2020-ല്‍ 1279 ആയി ഉയര്‍ന്നു. 2021-ല്‍ മരണസംഖ്യ 1201 ആയി കുറഞ്ഞെന്നും റിപോര്‍ട് പറയുന്നു.

പ്രവാസികളുടെ ക്ഷേമത്തിനായി ഭാരതീയ സഹായ കേന്ദ്രം (PBSK) വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലേബര്‍ കാംപുകളില്‍ ബോധവല്‍ക്കരണ കാംപെയിനുകളും നടത്തുന്നു. പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും പരിഹരിക്കാനും ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു.

എന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ക്ക് ഉടനടി പരിഹരാത്തിനായി ഇന്‍ഡ്യന്‍ അധികൃതരെ സമീപിക്കാം. വിദേശത്തുള്ള പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സര്‍കാര്‍ 'MADAD' എന്ന ഓണ്‍ലൈന്‍ പോര്‍ടല്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Keywords: 4005 expatriates commit suicide in seven years; 3266 people have sought refuge in the Gulf countries, New Delhi, News, Dead, Media, Report, National.

Post a Comment