ന്യൂഡെല്‍ഹി: (www.kvartha.com) സ്‌കൂള്‍ ബസിനടിയില്‍പെട്ട് നാല് വയസുകാരന് ദാരുണാന്ത്യം. ഷികോഹ്പൂര്‍ സെക്ടര്‍ 78ല്‍ താമസിക്കുന്ന സിദ്ധാര്‍ഥ് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗുഡ്ഗാവിലാണ് സംഭവം. കുട്ടി ഖേര്‍കി ദൗളയിലെ ഒരു സ്വകാര്യ പ്രീ സ്‌കൂളില്‍ എല്‍കെജിയില്‍ പഠിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ഉച്ചയ്ക്ക് 1.30 ഓടെ സ്‌കൂള്‍ കുട്ടികളെ അവരുടെ വീടുകളിലേക്ക് ഇറക്കിവിടുന്നതിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടി വീടിന് സമീപം മിനിബസില്‍ ഇറങ്ങിയ ശേഷം ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തപ്പോള്‍ കുട്ടിയെ ഇടിക്കുകയും അവന്‍ ടയറിനടിയിലേക്ക് വീഴുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
'ബസിന്റെ ടയറിനടിയില്‍പെട്ട് മകന് പരിക്കുകള്‍ സംഭവിച്ചു. 2 മണിയോടെ ഞങ്ങള്‍ സിവില്‍ ലൈനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു, പക്ഷേ അവിടെ ചികിത്സാ സൗകര്യം കുറവായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ രണ്ട് മണിക്കൂറെടുത്തു. അവിടെ എത്തിയപ്പോഴേക്കും അവന്‍ മരിച്ചിരുന്നു.' - കുട്ടിയുടെ പിതാവ് ഗുല്‍ഷന്‍ സിംഗ് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെയും ഡ്രൈവറുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
'ബസില്‍ സഹായിയോ കന്‍ഡക്ടറോ ഉണ്ടായിരുന്നില്ല, അത് നിര്‍ബന്ധമായിരിക്കണം. കുട്ടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സ്‌കൂളിന്റെ ഉത്തരവാദിത്തമായിരിക്കണം. ഒരു സഹായി കുട്ടികളെ ബസില്‍ നിന്ന് ഇറങ്ങാന്‍ സഹായിക്കുകയും മാതാപിതാക്കളുടെ കയ്യില്‍ ഏല്‍പിക്കുകയും വേണം. ദിവസവും രാവിലെ 9.30ന് എന്റെ ഭാര്യയോ ഞാനോ അവന്‍ സുരക്ഷിതമായി ബസില്‍ കയറിയെന്ന് ഉറപ്പുവരുത്തുമായിരുന്നു. എന്റെ ഏക മകനായിരുന്നു. എന്ത് പറയണമെന്ന് എനിക്കറിയില്ല,'-അദ്ദേഹം പറഞ്ഞു.
മിനിബസിലാണ് കുട്ടി ദിവസവും സ്‌കൂളില്‍ പോയിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ബസില്‍ നിന്ന് ഇറങ്ങിയ ശേഷം ഡ്രൈവര്‍ വാഹനം എടുത്തപ്പോള്‍ കുട്ടി അതിനടിയില്‍ പെടുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ മരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ബസ് ഡ്രൈവറുടെയും അനാസ്ഥ ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. കേസ് രെജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ഏപ്രില്‍ അഞ്ചിന് തന്റെ മകനെ സ്‌കൂളില്‍ എല്‍കെജിയില്‍ ചേര്‍ത്തതായി സിംഗ് പറഞ്ഞു. 'കോവിഡിന് ശേഷം ഞാന്‍ നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന എന്റെ രണ്ട് പെണ്‍മക്കളെ ഒരു സര്‍കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. നേരത്തെ അവര്‍ മകന്‍ പഠിച്ച അതേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. മുമ്പുണ്ടായിരുന്ന ഡ്രൈവര്‍ അവനെ സുരക്ഷിതമായി ഞങ്ങളുടെ വീട്ടിലേക്ക് ഇറക്കിവിടാറുണ്ടായിരുന്നു,'- അദ്ദേഹം പറഞ്ഞു.