റിയാദ്: (www.kvartha.com) ഹോളിവുഡ് സൂപര്‍ഹീറോ മൂവി ഡോക്ടര്‍ സ്ട്രേന്‍ജിനെ സഊദി അറേബ്യയില്‍ നിരോധിച്ചതായി റിപോര്‍ട്. സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ ഉള്‍പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സഊദി അറേബ്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. 'ഡോക്ടര്‍ സ്ട്രേന്‍ജ് മള്‍ടിവേര്‍സ് ഓഫ് മാഡ്നെസ്' മെയ് ആറിനാണ് റിലീസ് ചെയ്യുന്നത്. ഇതിനിടെയാണ് നിരോധനം.
ഗള്‍ഫിലുടനീളം സ്വവര്‍ഗരതി നിയമവിരുദ്ധമാണ്. അതിനാല്‍ LGBTQ+ കഥാപാത്രങ്ങള്‍ ഉള്ളതും, ഇത്തരം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതുമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല.
ഇതിനിടെ കുവൈതും സിനിമ നിരോധിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത പുറത്തുവന്നു. കൂടുതല്‍ മധ്യ-കിഴക്കന്‍ രാജ്യങ്ങള്‍ ചിത്രത്തിന് വിലക്കേര്‍പെടുത്തുമെന്നാണ് വിവരം.
അതേസമയം മാര്‍വല്‍ ആരാധകര്‍ക്ക് നേരെ ആശ്വാസം പകര്‍ന്നുകൊണ്ട് യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍ സ്‌ക്രീനിംഗുകള്‍ക്കായുള്ള അഡ്വാന്‍സ്ഡ് ടികറ്റുകള്‍ ഇപ്പോഴും വില്‍പനയ്ക്കുണ്ട്.