ന്യൂഡെല്‍ഹി: (www.kvartha.com) രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ മാത്രം മെഡികല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ ഉത്തരവാദിയാക്കി കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ രോഗിക്ക് നല്ല പരിചരണം തന്നെ നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം മാറി രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്ന് ആരോപിച്ച് ഭാര്യ ദേശീയ ഉപഭോക്തൃ കമിഷനെ സമീപിക്കുകയായിരുന്നു. എന്നാല്‍ കമിഷന്‍ ഈ ആരോപണം തള്ളുകയാണ് ചെയ്തത്. ശസ്ത്രക്രിയാ സമയത്തോ തുടര്‍പരിചരണ വേളയിലോ ഡോക്ടര്‍മാര്‍ അശ്രദ്ധ കാട്ടിയിട്ടില്ലെന്ന കമിഷന്റെ നിഗമനം അപീല്‍ പരിഗണിക്കവേ സുപ്രീം കോടതി അംഗീകരിച്ചു.
ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചികില്‍സിച്ച ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ഭാഗത്തുനിന്നുള്ള അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നും ഒരു വലിയ തുക നഷ്ടപരിഹാരമായി വേണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ ഉപഭോക്തൃ കമിഷനെ സമീപിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മെഡികല്‍ അശ്രദ്ധയുടെ ഭാഗമായാണ് അദ്ദേഹം മരിച്ചതെന്ന് കണക്കാക്കാനാവില്ലെന്നാണ് കമിഷന്‍ വിലയിരുത്തിയത്. 1996 ഫെബ്രുവരി മൂന്നിനാണ് രോഗി മരിച്ചത്.