തിരുപ്പതി: (www.kvartha.com) ഉയര്‍ന്ന വാടക കൊടുക്കാത്തതിന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വാഹനം എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകന്റെ മൃതദേഹം പിതാവ് ബൈകില്‍ കയറ്റി 90 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച പുലര്‍ചെയാണ് സംഭവം.
മരിച്ചയാളുടെ ഗ്രാമവാസികള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ ആംബുലന്‍സിനെ പോലും ആശുപത്രിയിലിലേക്ക് കടക്കാന്‍ ഇവര്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളൊന്നുമില്ലാതെ, പിതാവ് മകന്റെ മൃതദേഹം ബൈകില്‍ കൊണ്ടുപോകാന്‍ നിര്‍ബന്ധിതനായത്.
സംഭവത്തെ തുടര്‍ന്ന് ക്ഷേത്രനഗരിയില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കുകയും ജില്ലാ അധികാരികള്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവത്തിന് ഉത്തരവാദികളായ ആറ് സ്വകാര്യ ആംബുലന്‍സ് ഓപറേറ്റര്‍മാരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അണ്ണാമയ്യ ജില്ലയിലെ ചിറ്റ് വേലില്‍ നിന്നുള്ള ജെസേവയെ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുപ്പതിയിലെ എസ് വി ആര്‍ റൂയ സര്‍കാര്‍ ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ടോടെ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ പിതാവ് ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും ഉയര്‍ന്ന വാടകയാണ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ പിതാവിന് കഴിഞ്ഞില്ല. തുടര്‍ന്ന് പിതാവ് ബന്ധുക്കളെ വിവരം അറിയിച്ചു.
ഇതോടെ ചിറ്റ് വേലില്‍ താമസിക്കുന്ന ശ്രീകാന്ത് യാദവ് സൗജന്യമായി ആംബുലന്‍സ് ഏര്‍പാട് ചെയ്തു. എന്നാല്‍, ആശുപത്രിയിലെ സ്വകാര്യ ആംബുലന്‍സ് ഓപറേറ്റര്‍മാര്‍ സംഘം ചേര്‍ന്ന് പുറത്തുനിന്നുമുള്ള ആംബുലന്‍സ് ആശുപത്രിയിലേക്ക് കടക്കുന്നത് തടഞ്ഞു. മൃതദേഹം മാറ്റണമെങ്കില്‍ അത് തങ്ങളുടെ ആംബുലന്‍സിലായിരിക്കണമെന്ന് അവര്‍ വാദിച്ചു. ഇതോടെ ബന്ധുവിന്റെ സഹായത്തോടെ ജെസേവയുടെ പിതാവ് ബൈകില്‍ മൃതദേഹം കൊണ്ടുപോകാന്‍ നിര്‍ബന്ധിതനായി.
സംഭവത്തില്‍ തിരുപ്പതി എംപി മദ്ദില ഗുരുമൂര്‍ത്തി ജില്ലാ കലക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആര്‍ഡിഒ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങി.
Keywords: Father forced to take body of his son on motorcycle, when ambulance operators refused, Hyderabad, News, Dead Body, Police, Probe, National.