Crysta for ministers| മന്ത്രിമാര്‍ക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ടൂറിസം വകുപ്പിന്റെ ശുപാര്‍ശ
Apr 20, 2022, 21:09 IST
തിരുവനന്തപുരം: (www.kvartha.com) കാലപ്പഴക്കത്തെ തുടര്‍ന്ന് മന്ത്രിമാര്‍ക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ ചെയ്തു. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചു വരികയാണ്. അടുത്തിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കാറിന്റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്. സര്‍കാര്‍ വാഹനങ്ങള്‍ 10 വര്‍ഷം സേവന കാലാവധിയോ മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്പോഴാണ് സാധാരണയായി സേവനത്തില്‍ നിന്ന് മാറ്റുന്നതെന്നു ടൂറിസം വകുപ്പിലെ വാഹനങ്ങളുടെ ചുമതലയുള്ള അസി. എന്‍ജിനീയര്‍ പറഞ്ഞു.
സാധാരണഗതിയില്‍ മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ മൂന്നു വര്‍ഷം സേവന കാലാവധിയോ കഴിയുമ്പോള്‍ മാറി നല്‍കും. സര്‍കാര്‍ വാഹനങ്ങളിലെ ടയര്‍ 32,000 കിലോമീറ്റര്‍ കഴിയുമ്പോഴോ അതിനു മുന്‍പ് തേയ്മാനം സംഭവിച്ചാലോ മാറും. മന്ത്രിമാരുടെ വാഹനത്തിനു ടയര്‍ മാറുന്നതിനു കിലോമീറ്റര്‍ നിശ്ചയിച്ചിട്ടില്ല. തേയ്മാനം സംഭവിച്ചതായി ഓഫിസ് ഔദ്യോഗികമായി അറിയിച്ചാല്‍ ഉടന്‍ മാറി നല്‍കും.
ഇപ്പോള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സര്‍കാരിന്റെ കാലത്തു വാങ്ങിയവയാണ്. 2019ന് ശേഷം മന്ത്രിമാര്‍ക്കായി വാഹനവും വാങ്ങിയിട്ടില്ല. മിക്കവയും ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിടുകയും ചെയ്തു. മന്ത്രിമാര്‍ ഉപയോഗിച്ച പഴയ വാഹനങ്ങള്‍ ടൂറിസം വകുപ്പ് തിരിച്ചെടുത്താല്‍, സര്‍കാര്‍ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കും.
രണ്ടാം പിണറായി സര്‍കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ കാര്‍ ലഭിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളും അകമ്പടിക്കായി ടാറ്റ ഹാരിയര്‍ കാറും വാങ്ങിയത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ അനുസരിച്ച്, സുരക്ഷാ കാരണങ്ങളാല്‍ കാറുകളുടെ നിറം വെള്ളയില്‍നിന്ന് കറുപ്പിലേക്കു മാറ്റിയിരുന്നു. ആഭ്യന്തരവകുപ്പാണ് മുഖ്യമന്ത്രിക്കായി വാഹനങ്ങള്‍ വാങ്ങിയത്.
Keywords: Tourism department recommended 10 new Innova Crysta cars for ministers, Thiruvananthapuram, News, Tourism, Car, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.