പാലക്കാട്: (www.kvartha.com 19.04.2022) പാലക്കാട്ടെ ഇരട്ട കൊലപാതകക്കേസില്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചു. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലയാളികള്‍ ആദ്യം കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ടം സമയത്ത് ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
15നാണ് സുബൈര്‍ കൊല്ലപ്പെടുന്നത്. 16 ന് രാവിലെയാണ് പോസ്റ്റ്‌മോര്‍ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികള്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്. ആശുപത്രിയില്‍ നിന്നാണ് പ്രതികള്‍ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. ആര്‍എസ്എസ്, ബി ജെ പി പ്രവര്‍ത്തകരായ രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരുടെ അറസ്റ്റാകും രേഖപ്പെടുത്തുക. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവര്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈര്‍ വധത്തിന് പിന്നിലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
അതിനിടെ ശ്രീനിവാസന്‍ കൊലപാതകത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് അനാസ്ഥയുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. കൊലപാതകത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 29നാണ് അമിത് ഷാ കേരളത്തിലെത്തുക. തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അദ്ദേഹത്തെ ധരിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.