Follow KVARTHA on Google news Follow Us!
ad

Appointment of P Sasi | പുതിയ അധികാര കേന്ദ്രമായി പി ശശി; പാർടിക്കുള്ളിൽ പോർമുഖം തുറന്ന് പി ജയരാജൻ; സിപിഎമിന്റെ 'രാഷ്ട്രീയ തലസ്ഥാനമായ' കണ്ണൂരിൽ വിവാദങ്ങളുടെ കാറ്റും കോളും

Controversy in Kannur, the 'political capital' of the CPM#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) ചരിത്രത്തിലില്ലാത്ത വിധം ഇൻഡ്യയിലെ ഏറ്റവും ശക്തിയേറിയ പാർടി ഘടകമായ കണ്ണൂരിൽ സിപിഎമിലെ ഉൾപോരുകൾ മറനീക്കി പുറത്തുവരുന്നു. ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് മൗനം പാലിച്ചിരുന്ന പി ജയരാജനടക്കമുള്ള നേതാക്കൾ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രടറിയാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്നത് സിപിഎമിൽ എംവിആർ 1986 ൽ പാർടി വിട്ടതിനു ശേഷം അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
   
Kannur, Kerala, Top-Headlines, Political Party, Politics, CPM, Pinarayi-Vijayan, Chief Minister, Congress, Controversy in Kannur, the 'political capital' of the CPM.

പാളയത്തിൽ പട

ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് ശേഷം കണ്ണൂരിൽ സിപിഎം രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന്റെ വ്യക്തമായ ചിത്രമാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചിരുന്ന നേതാക്കൾക്കിടെയിൽ ആഴത്തിലുള്ള അഭിപ്രായ ഭിന്നതയാണ് പി ശശിയുടെ പൊളിറ്റികൽ സെക്രടറിയായുള്ള കടന്നുവരവ് സൃഷ്ടിച്ചിട്ടുള്ളത്. ഇതു മുതലെടുത്തു കൊണ്ട് പാർടിയിൽ നിരന്തരം അവഗണിക്കപ്പെടുകയും ഒതുക്കപ്പെടുകയും ചെയ്തിരുന്ന പി ജയരാജൻ പ്രതിഷേധത്തിന്റെ ചുക്കാൻ ഏറ്റെടുത്തതോടെ പാറ പോലെ ഉറച്ചതെന്ന് വിശേഷിക്കപ്പെടുന്ന കണ്ണൂർ പാർടിയിലെ ആന്തരിക സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് വളർന്നിരിക്കുകയാണ്.


കാരണഭൂതൻ പി ശശിയോ?

മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തരിലൊരാളായ പി ശശിയാണ് പുതിയ ഭൂകമ്പങ്ങളുടെ ഉറവിടമായി മാറിയത്. പി ശശി വീണ്ടും കണ്ണൂരിലെമറ്റൊരു അധികാര കേന്ദ്രമാവുന്നതിൽ സംസ്ഥാന കമിറ്റിയംഗവും മുൻ ജില്ലാ സെക്രടറിയുമായ പി ജയരാജന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നതാണ് കണ്ണൂർ പാർടിയിൽ പുതിയ പോർമുഖം തുറന്നത്.

നേരത്തെ ലൈംഗികാരോപണത്തെ തുടർന്ന് പാർടിയിൽ നിന്നും പുറത്തായ പി ശശിയെ വീണ്ടും ഉയർത്തിക്കാട്ടുന്നതിൽ പാർടിയിലെ മുതിർന്ന വനിതാ നേതാക്കൾ ഉൾപെടെ അതൃപ്തിയിലാണ്. ഇവരുടെ പിൻതുണയോടെയാണ് പി ജയരാജൻ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമിറ്റി യോഗത്തിൽ പി ശശിയുടെ നിയമനത്തിനെതിരെ ആഞ്ഞടിച്ചത്. നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്നും സംസ്ഥാന സെക്രടറിയേറ്റ് ഈ തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. എന്തിന്റെ പേരിലാണോ പി ശശിയുടെ നേരെ നടപടിയെടുത്തത് അതേ തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നും ജയരാജൻ മുന്നറിയിപ്പു നൽകി.

താൻ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് തന്റെ കൈവശം തെളിവുകളുണ്ടെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ജയരാജന്റെ വാദം സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണൻ അംഗീകരിച്ചില്ല. എന്നിട്ട് ഈ കാര്യം എന്തുകൊണ്ട് പാർടിയെ അറിയിച്ചില്ലെന്നും നിയമനം തീരുമാനമെടുത്തു കഴിഞ്ഞാണോ ഈ കാര്യം പറയേണ്ടതെന്നും കോടിയേരി ജയരാജന്റെ സംസാരം തടസപ്പെടുത്തി കൊണ്ട് ഇടയിൽ കയറി ചോദിച്ചു. എന്നാൽ താനിരിക്കുന്ന ഘടകം സംസ്ഥാന കമിറ്റിയിലാണെന്നും ഇവിടെ മാത്രമേ തനിക്ക് ഈ കാര്യം പറയാൻ കഴിയുകയുള്ളൂവെന്നായിരുന്നു ജയരാജന്റെ മറുപടി.


ഉന്നതങ്ങളിൽ നിന്നും പതനം

1996 ലെ എൽഡിഎഫ് ഭരണ കാലത്ത് ഇ കെ നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രടറിയായിരുന്ന പി ശശി 2011 ൽ സിപിഎം കണ്ണൂർ ജില്ലാ സെക്രടറിയായ കാലത്താണ് ലൈംഗികാരോപണത്തെ തുടർന്ന് പാർടിയിൽ നിന്നും പുറത്താവുന്നത്. അന്ന് പി ജയരാജനായിരുന്നു ശശിക്ക് പകരക്കാരനായി ജില്ലാ സെക്രടറിയായത്. എന്നാൽ പാർടിയിൽ നിന്നും പുറത്തായെങ്കിലും പാർടിക്കും അന്നത്തെ സംസ്ഥാന സെക്രടറിയും പിന്നീട് മുഖ്യമന്ത്രിയുമായ പിണറായി വിജയനും അനിവാര്യനായിരുന്നു പി ശശി. അഭിഭാഷകന്റെ റോളിലും ലോയേഴ്സ് യൂനിയൻ ജില്ലാ ഭാരവാഹിയുമായി തിളങ്ങിയ പി ശശിയാണ് സിപിഎമിനെ പ്രതിരോധത്തിലാഴ്ത്തിയ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കായി കോടതിയിൽ ഹാജരായ അഭിഭാഷകരിലൊരാൾ.

പിന്നീട് സിപിഎം തലശേരി ടൗൺ ബ്രാഞ്ച് കമിറ്റിയംഗം, ലോകൽ കമിറ്റിയംഗം, ഏരിയാ കമിറ്റി അംഗം, എന്നിങ്ങനെ പടിപടിയായി ഉയർന്ന് ജില്ലാ കമിറ്റിയിലെത്തുകയും കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമിറ്റിയിലെത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് നിലവിലെ പൊളിറ്റികൽ സെക്രടറിയായിരുന്ന ദിനേശൻ പുത്തലത്തിന് പകരം പി ശശിയെ തെരഞ്ഞെടുക്കുന്നത്. മുൻ എംഎൽഎയുടെ മകളോട് അപമര്യാദയായി പെരുമാറുകയും ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്ന പരാതിയാണ് പി ശശിക്ക് പാർടിയിൽ നിന്നും പുറത്തേക്കുള്ള വഴിതുറന്നത്. ശശിയെ പാർടിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം കണ്ണൂരിലെ വനിതാ നേതാവായ കെ കെ ശൈലജയുടെ നേതൃത്യത്തിൽ പാർടിക്കുള്ളിൽ നിരന്തരം ഉന്നയിക്കുകയായിരുന്നു. ഒടുവിൽ പാർടി പി ബി യുടെ നിർദേശപ്രകാരമാണ് സംസ്ഥാന നേതൃത്വം ശശിയെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

Keywords: Kannur, Kerala, Top-Headlines, Political Party, Politics, CPM, Pinarayi-Vijayan, Chief Minister, Congress, Controversy in Kannur, the 'political capital' of the CPM.

< !- START disable copy paste -->

Post a Comment