പയ്യന്നൂര്‍: (www.kvartha.com 17.04.2022) കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവ് ഉത്സവപ്പറമ്പില്‍ 'മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ലെ'ന്ന ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്ത്. സാമുദായിക വിവേചനം സൃഷ്ടിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചത് അപലപനീയവും മതേതരത്വത്തിന് പോറലേല്‍പ്പിക്കുന്നതുമാണെന്ന് സിപിഎം മാടായി ഏരിയാ കമിറ്റി യോഗം വിലയിരുത്തി.
നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവപ്പറമ്പുകളില്‍ കലാപരിപാടി ആസ്വദിക്കാനും കച്ചവടം നടത്താനും നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്നത് പതിവാണ്. നാടിന്റെ ഈ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തുന്ന നടപടി ശരിയല്ല.
പഴയകാലത്ത് ഇത്തരം ബോര്‍ഡുകള്‍ ചില ക്ഷേത്രങ്ങളില്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ ആധുനിക കാലത്ത് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ നാടിന്റെ നവോത്ഥാന പുരോഗമന പാരമ്പര്യത്തിന് യോജിച്ചതല്ല.
ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളില്‍ ആചാരത്തിന്റെയും മറ്റും ഭാഗമായി മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍കൂടി പങ്കാളിയാകുന്ന മതേതര സംസ്‌കാര മാതൃകകൂടിയുള്ള നാടാണ് നമ്മുടേത്. നാടിന്റെ പൊതുസംസ്‌കാരത്തിന് ചേരാത്ത വിധം തെറ്റായ സന്ദേശം നല്‍കുന്ന ബോര്‍ഡ് മാറ്റാനുള്ള മാതൃകാപരമായ തീരുമാനം കൈക്കൊള്ളാന്‍ ക്ഷേത്രഭാരവാഹികള്‍ തയ്യാറാകണമെന്നും ഏരിയാ കമിറ്റി അഭ്യര്‍ഥിച്ചു.
ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രഭൂമിയില്‍ വിലക്കേര്‍പെടുത്തിയ കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്ര കമിറ്റിയുടെ തീരുമാനം പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം മാടായി മേഖലാ കമിറ്റി അഭിപ്രായപ്പെട്ടു. സംഘപരിവാര ആശയങ്ങളുടെ സ്വാധീനമാണ് ഇത്തരം നടപടിയിലൂടെ പുറത്തുവരുന്നത്. കലാ സാഹിത്യ സംഘം ജില്ലാ കമിറ്റി പ്രസ്താവനയില്‍ പറഞ്ഞു.