മലപ്പുറം: (www.kvartha.com) റോഡിലെ അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിന് സ്‌കൂടര്‍ യാത്രക്കാരായ സഹോദരിമാരെ നടുറോഡില്‍ മര്‍ദിച്ചതായി പരാതി. തിരൂരങ്ങാടി സ്വദേശി സി എച് ഇബ്രാഹിം ശെബീറിനെതിരെയാണ് പരപ്പനങ്ങാടി സ്വദേശികളായ അസ്ന, ഹംന എന്നിവര്‍ പരാതി നല്‍കിയത്.
ഈ മാസം 16 നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടികള്‍. ഇതിനിടെ കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ അപകടമുണ്ടാക്കുന്ന തരത്തില്‍ ഇടതുവശത്തൂടെ തെറ്റിച്ച് കയറിതായി പെണ്‍കുട്ടികള്‍ പറഞ്ഞു.
ഇതോടെ പെണ്‍കുട്ടികളുടെ വാഹനം മറിയാന്‍ പോയെന്നും തുടര്‍ന്നാണ് യുവതികള്‍ പ്രതികരിച്ചതും. പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറ് കുറുകെയിട്ട് സ്‌കൂടര്‍ തടഞ്ഞ്, കാറില്‍ നിന്നിറങ്ങിയ യുവാവ് ഇരുവരെയും മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. അസ്‌നയെ മുഖത്തടിച്ചെന്നും പറഞ്ഞു. സ്‌കൂടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും തേഞ്ഞിപ്പാലം പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചതെന്നും മര്‍ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ശെബീറെന്നും ഇതിനാല്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. നിസാരമായ വകുപ്പുകളാണ് തീരുരങ്ങാടി പൊലീസ് പ്രതിക്കെതിരെ ചേര്‍ത്തതെന്നും പെണ്‍കുട്ടി പറഞ്ഞു.
പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് അസ്നയെന്നാണ് വിവരം. ശനിയാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.