കോഴിക്കോട്: (www.kvartha.com) പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരനെ ഓഫിസില്‍ കയറി മര്‍ദിച്ചതായി പരാതി. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് എലോക്കര സ്വദേശി നഹാസിന്റെ വീട്ടിലെ വൈദ്യുതി ജീവനക്കാരന്‍ വിച്ഛേദിച്ചിരുന്നു. ഇതിന്റെ പേരിലാണ് വീട്ടുടമ മര്‍ദിച്ചതെന്ന് ജീവനക്കാരന്‍ രമേശന്‍ പറഞ്ഞു.
എന്നാല്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ഓഫീസിലെത്തി ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിന്റെ പരാതി. സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് നഹാസിന്റെ പരാതി.
ബില്‍ അടക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിന് കാരണമായെന്ന് നഹാസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.