മുംബൈ: (www.kvartha.com 16.04.2022) മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സ്നേഹത്തിനും വാത്സല്യത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഇത് കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ക്ഷേമത്തിനും ആവശ്യമാണെന്നും ബോംബെ ഹൈകോടതി. പൂനെ ആസ്ഥാനമായുള്ള ഒരു യുവാവിനും അയാളുടെ മാതാപിതാക്കള്‍ക്കും യുവാവിന്റെ മക്കളെ കാണാന്‍ അനുവാദം നല്‍കികൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസ് അനുജ പ്രഭുദേശായിയുടെ സിംഗിള്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
കുട്ടിയെ സംരക്ഷിക്കാന്‍ നിയമപരമായി അവകാശമില്ലാത്ത രക്ഷിതാവിന് മക്കളോടൊപ്പം വിലപ്പെട്ട സമയം ചിലവഴിക്കാനും അവരോടൊത്ത് ആഹ്ളാദിക്കാനുമുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. 2020 ജൂണ്‍ മുതല്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടിരുന്നു. കുട്ടികളുടെ മുത്തശ്ശിമാര്‍ സുഖമില്ലാത്തവരാണെന്നും അതിനാല്‍ അവര്‍ക്ക് കൊച്ചുമകനെ കാണാന്‍ ആഗ്രഹമുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അജിങ്ക്യ ഉദനെ കോടതിയെ അറിയിച്ചു.
2022 മാര്‍ചില്‍ ഹൈകോടതി ഉത്തരവിട്ടിട്ടും പിണങ്ങി കഴിയുന്ന ഭാര്യ തന്റെ ജന്മദിനത്തില്‍ കുട്ടികളെ കാണാന്‍ അനുവദിച്ചില്ലെന്ന് ഉദാനെ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തേക്ക് മക്കളെ കാണാന്‍ യുവാവിന് കോടതി അനുമതി നല്‍കുകയും ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടുകയും ചെയ്തു.