പാലക്കാട്: (www.kvartha.com) ബിജെപി സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച സംഭവത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ്. സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടല്ല ബിജെപി യോഗത്തില്‍ പങ്കെടുക്കാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി സി കൃഷ്ണ കുമാര്‍ യോഗത്തില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ്, സഞ്ജിത്, അരുണ്‍കുമാര്‍, ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ നിഷ്‌ക്രിയത്വം വിശദീകരിച്ചിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുമ്പുതന്നെ മേലാമുറിയിലെ പൊലീസിനെ പിന്‍വലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജിത് കൊലപാതകത്തില്‍ സിബിഐ അന്വേഷണം സര്‍കാര്‍ തടസപ്പെടുത്തി. ബാക്കിയുള്ള പ്രതികളെ പോലും പിടിക്കാന്‍ ഇതുവരെയും പൊലീസ് തയാറായിട്ടില്ലെന്നും യോഗത്തില്‍ വിശദീകരിച്ചിരുന്നു.
എന്നാല്‍ തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി കൃഷ്ണന്‍കുട്ടിയും, എം പി ശ്രീകണ്ഠനും സര്‍വകക്ഷിയോഗത്തില്‍ ഉണ്ടായിരുന്ന എന്‍ എന്‍ കൃഷ്ണദാസും തമ്മില്‍ നീണ്ട തര്‍ക്കമുണ്ടായപ്പോള്‍ ബിജെപി ജില്ലാ പ്രസിഡന്റ് എഴുന്നേറ്റ്, ആദ്യം സമാധാനാന്തരീക്ഷം യോഗത്തില്‍ ഉണ്ടാക്കാന്‍ പറഞ്ഞു. മാത്രമല്ല രണ്ട് നീതി നടപ്പിലാക്കുന്ന പൊലീസ് സംവിധാനത്തെ വിശ്വസിക്കുവാന്‍ സാധ്യമല്ല എന്നും ബിജെപി സമാധാനം ആഗ്രഹിക്കുന്ന പാര്‍ടിയാണെന്നും, സജിത്തിന്റെ കൊലപാതകം ഉണ്ടായിട്ട് മാസങ്ങളായിട്ടും ആ വീട്ടില്‍ പോകാന്‍ തയാറാകാത്ത മലമ്പുഴ എംഎല്‍എ, സുബൈര്‍ വധത്തിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരിച്ചത് അവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നു എന്നും പറഞ്ഞു.
ശ്രീനിവാസന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ സര്‍വകക്ഷിയോഗത്തില്‍ തുടര്‍ന്ന് ഇരിക്കുന്നതില്‍ അര്‍ഥമില്ല എന്നും പറഞ്ഞാണ് യോഗത്തില്‍ നിന്ന് ഇറങ്ങി പോന്നത്. ഒരു യോഗം നിയന്ത്രിക്കാന്‍ പോലും കഴിയാത്ത മന്ത്രി ബിജെപി എടുത്ത നിലപാടിനെ കുറിച്ച് കളവ് പറയരുതെന്നും കെ എം ഹരിദാസ് പ്രസ്താവിച്ചു.
Keywords: BJP Criticized MInister Krishnan Kutty, Palakkad, News, BJP, Criticism, Politics, Minister, Kerala.