മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന പാണ്ട്യാല മുക്കിന് ഏതാണ്ട് അരകിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ഒളിവില്‍ കഴിയവേ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ പൊലീസ് വെള്ളിയാഴ്ച പുലര്‍ചെ ഒരു മണിയോടെ വീടുവളഞ്ഞു പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.
സി പി എം പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ വീടിനരികെ നിന്നും പിടികൂടിയത് വന്‍സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെട്ടത്. ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് വീഴ്ച വന്നുവെന്ന വിമര്‍ശനവും ഇതിനോടൊപ്പം ഉയര്‍ന്നു.
എന്നാല്‍ ഇതിനുമപ്പുറം പിണറായി പോലുള്ള പുറമേ നിന്നും ഈച്ച പറക്കാത്ത പാര്‍ടി ചെങ്കോട്ടയിലേക്ക് എങ്ങനെ കൊലക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന് ഇത്രമാത്രം അനായാസമായി ഒളിവില്‍ താമസിക്കാന്‍ കഴിഞ്ഞുവെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു.
വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പൊലീസിനും സി പി എമിനും അതു ക്ഷീണമായി. ഇതേ തുടര്‍ന്നാണ് രായ്ക്കു രാമാനം വീട് വാടകയ്ക്കു കൊടുത്ത പി എം രേഷ്മയെന്ന അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടൊപ്പം ഇവരുടെ വീടിന് അഞ്ജാത സംഘം കല്ലെറിയുകയും ചെയ്തു.
രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത്, സി പി എം അനുഭാവിയാണെന്നു പിണറായിയിലെ പാര്‍ടി പ്രാദേശിക നേതാവ് കക്കോത്ത് രാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതോടെ വിവാദത്തിന് ചൂടുപിടിച്ചു തുടങ്ങി.
ഇതു മണിക്കൂറുകള്‍ക്കൊണ്ടു തിരുത്തിക്കൊണ്ടു സി പി എം പിണറായി ഏരിയാ സെക്രടറി ശശിധരനും ജില്ലാ സെക്രടറി എം വി ജയരാജനും പ്രശാന്തന്‍-രേഷ്മ ദമ്പതികള്‍ക്കോ കുടുംബത്തിനോ പാര്‍ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നിഷേധിച്ചുകൊണ്ടു രംഗത്തു വന്നു.
ഇതിനിടെ മികച്ച അധ്യാപികയും മീഡിയാ കോര്‍ഡിനേറ്ററുമായ പി എം രേഷ്മയെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക കേസിലെ ആദ്യ വനിതാ പ്രതിയാക്കാനുള്ള നീക്കങ്ങള്‍ പൊലീസ് തയാറാക്കി കഴിഞ്ഞിരുന്നു. കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും അസി. പൊലീസ് കമിഷണര്‍ പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി നിജില്‍ ദാസിന്റെ ഫോണില്‍ നിന്നും ലഭിച്ച വാട്സ് ആപ് സന്ദേശങ്ങളാണ് ഇതിനായി ഉപയോഗിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ രേഷ്മയ്ക്കു വേണ്ടി തലശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ നിജില്‍ ദാസുമായി വീടുവാടകയ്ക്കു നല്‍കുന്നതിനായി ഉണ്ടാക്കിയ വാടക കരാറും മറ്റു രേഖകളും കാണിച്ചതോടെ രേഷ്മയ്ക്കു ജാമ്യത്തിന് വഴിതുറക്കുകയായിരുന്നു.
Keywords: Teacher was released on bail, Kannur, News, Murder case, Accused, Bail, Teacher, Kerala.