പാലക്കാട്: (www.kvartha.com) സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. വീണ്ടും നവജാതശിശു മരിച്ചു. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കന്‍ പാളയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഈ വര്‍ഷം അഞ്ചാമത്തെ ശിശുമരണമാണ് റിപോര്‍ട് ചെയ്തത്. അട്ടപ്പാടിയില്‍ ശിശുമരണം തടയുന്നതിനുള്ള നടപടികളുമായി സര്‍കാര്‍ മുന്നോട്ടു പോകുന്നുവെന്ന് പറയപ്പെടുമ്പോഴും വീണ്ടും മരണം ആവര്‍ത്തിക്കുന്നതായി റിപോര്‍ട് ചെയ്യപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ മാര്‍ച് 21 നാണ് ഒടുവിലായി മരണം റിപോര്‍ട് ചെയ്യപ്പെട്ടത്. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ മരിക്കുമ്പോഴാണ് ശിശുമരണങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തുക.