ഹൈദരാബാദ്: (www.kvartha.com 17.04.2022) രാജ്യത്തെ 13 ഭാഷകളിലായി 32,200 തവണ ജയ് ശ്രീറാം എഴുതിയ 60 മീറ്റര്‍ നീളമുള്ള പട്ട് സാരി വിസ്മയമാകുന്നു. ആന്ധ്രാപ്രദേശിലെ ഒരു നെയ്ത്തുകാരന്റെ കരവിരുതാണിത്. ശ്രീ സത്യസായി ജില്ലയിലെ ധര്‍മ്മവരത്തില്‍ നിന്നുള്ള നെയ്ത്തുകാരനായ ജുജാരു നാഗരാജുവാണ് ഈ പട്ടുസാരി നെയ്തെടുത്തത്. 'രാമ കോടി വസ്ത്രം' എന്നാണ് നാഗരാജു ഇതിനെ വിളിക്കുന്നത്.
സാരിക്ക് 60 മീറ്റര്‍ നീളവും 44 ഇഞ്ച് വീതിയുമുണ്ട്. രാമായണത്തിലെ സുന്ദരകാണ്ഡത്തിലെ ശ്രീരാമന്റെ 168 വ്യത്യസ്ത ചിത്രങ്ങളും സാരിയില്‍ കാണാം. 16 കിലോഗ്രാം ഭാരമുള്ള പട്ടുതുണി രൂപകല്പന ചെയ്ത് നെയ്തെടുക്കാന്‍ നാല് മാസത്തിലധികം സമയമെടുത്തു. സാരി ഉണ്ടാക്കാന്‍ ദിവസവും മൂന്ന് പേര്‍ ജോലി ചെയ്തു.
40 കാരനായ നാഗരാജു സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 1.5 ലക്ഷം രൂപ മുടക്കിയാണ് തന്റെ മാസ്റ്റര്‍പീസ് സൃഷ്ടിച്ചത്. സാരി അയോധ്യ രാമാലയത്തിന് സമ്മാനിക്കാന്‍ തീരുമാനിച്ചു.