തിരുവനന്തപുരം: (www.kvartha.com) തിരക്കഥാകൃത്ത് ജോണ്‍ പോളിനെ ആംബുലന്‍സ് നല്‍കി സഹായിച്ചില്ലെന്ന ആരോപണം തെറ്റാണെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ പറഞ്ഞു. ജില്ലാ ഫയര്‍ ഓഫിസര്‍ അന്വേഷണം നടത്തിയെന്നും സഹായം വൈകിയതില്‍ ഫയര്‍ഫോഴ്സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു.
ആരോപണം സംബന്ധിച്ച് അന്വേഷിച്ചു. മൂന്ന് മാസത്തിന് മുന്‍പ് നടന്ന സംഭവമാണ്. ആരോപണം ശരിയല്ല. സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ല. തൃക്കാക്കര സ്റ്റേഷനില്‍ ആംബുലന്‍സ് ഇല്ല. ഫയര്‍ ഫോഴ്സ് ആംബുലന്‍സുകള്‍ അപകട സമയത്ത് ഉപയോഗിക്കുന്നതിനുള്ളതാണെന്നും ബി സന്ധ്യ പറഞ്ഞു.
കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഫയര്‍ ഫോഴ്‌സിനെ ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു ആരോപണം. ഇക്കാര്യം വിശദമായി അന്വേഷിക്കാന്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാറിനെ ഫയര്‍ഫോഴ്‌സ് മേധാവി ചുമതലപ്പെടുത്തിയിരുന്നു.
ജോണ്‍ പോള്‍ അവസാന നാളുകളില്‍ നേരിട്ട ദുരവസ്ഥ സുഹൃത്ത് ജോളി ജോസഫ് ഫേസ്ബുകിലൂടെ പങ്കുവച്ചിരുന്നു. കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ സഹായിക്കാന്‍ നടന്‍ കലേഷും ഭാര്യയും ആംബുലന്‍സ് ഡ്രൈവര്‍മാരെയും ഫയര്‍ ഫോഴ്‌സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍.
അതേസമയം, ഫയര്‍ ഫോഴ്സിനെ തള്ളി പൊലീസും രംഗത്ത് വന്നു. ജോണ്‍ പോളിന് സഹായം ലഭ്യമാക്കാന്‍ ഫയര്‍ ഫോഴ്സിനെ ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കരയില്‍ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കണ്‍ട്രോള്‍ റൂം എസ്ഐ രാജീവ് പറഞ്ഞു. ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലന്‍സ് സേവനം ലഭിക്കാതെ വന്നപ്പോഴാണെന്നും പൊലീസ് അറിയിച്ചു.