ശ്രീനഗര്‍: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജമ്മു കശ്മീരില്‍ സ്‌ഫോടനം. നരേന്ദ്രമോദിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപത്തായാണ് സ്ഫോടനം നടന്നത്. റാലി കടന്ന് പോകുന്ന സ്ഥലത്തിന് 8 കിലോമീറ്റര്‍ അപ്പുറത്തായി ലാലിയാന ഗ്രാമത്തിലായിരുന്നു സംഭവം.
പുലര്‍ച്ചെ 4.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. റാലി കടന്നേ് പോകുന്ന വേദിക്ക് സമീപത്തായി സ്‌ഫോടനം നടന്നത് അതീവ ഗൗരവമായാണ് പൊലീസ് കാണുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷ ഒന്നുകൂടി കനപ്പിച്ചു.
അതേസമയം, സംഭവത്തിന് ഭീകരബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
2019-ലെ ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മുവില്‍ എത്തുന്നത്. ദേശീയ പഞ്ചായത്തി രാജ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
പല്ലി ഗ്രാമത്തില്‍ എത്തുന്ന പ്രധാനമന്ത്രി രാജ്യത്ത് ഉടനീളമുള്ള പഞ്ചായത്തുകളെ അഭിസംബോധന ചെയ്ത് സംസാരിക്കാനായിരുന്നു തീരുമാനം. ജമ്മു കശ്മീരിലെ 30,000 പഞ്ചായത്തി രാജ് അംഗങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കും. 500 കിലോവാട് സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനവും പല്ലിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.
ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലെ എട്ട് കിലോമീറ്റര്‍ നീളമുള്ള ബനിഹാള്‍- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി തുറന്നു കൊടുക്കും. രണ്ടു ജലവൈദ്യുത പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. ആകെ 20000 കോടി രൂപയുടെ പദ്ധതികളാണ് ഈ സന്ദര്‍ശനത്തില്‍ മോദി ഉദ്ഘാടനം ചെയ്യുക.